
ഗ്രാമപ്രദേശത്ത് പ്രകൃതിരമണീയമായ അന്തരീക്ഷത്തിൽ സ്വസ്ഥ ജീവിതത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉൾക്കൊള്ളുന്ന വീട്. ആഗ്രഹിച്ചതുപോലെ തന്നെ പാർപ്പിടം തീർക്കാനായതിന്റെ ചാരിതാർഥ്യത്തിലാണ് കുഞ്ഞുമരയ്ക്കാരും കുടുംബവും . ടൗണിൽ വേറെ വീടുണ്ടെങ്കിലും പുതിയ വീടിന്റെ ഗൃഹപ്രവേശം കഴിഞ്ഞതോടെ സ്വപ്നസാക്ഷാത്കാരം നടന്നതിന്റെ നിറവിലാണ് കുടുംബം.
ആരും കൊതിക്കുന്ന ആകാരഭംഗിയിൽ വീടിന്റെ ഡിസൈൻ തയ്യാറാക്കിയതും വീട് സാക്ഷാത്കരിച്ചതും ഡിസൈനർ റിസിയാസ് ഫർസയാണ്. മഞ്ചേരിയിലാണ് ഈ വീട്. 18 സെന്റിന്റെ പ്ലോട്ടിൽ 4000 ചതുരശ്രയടി വിസ്തീർണത്തിലാണ് പാർപ്പിടം. ജി.ഐ കൊണ്ടാണ് ചുറ്റുമതിൽ. മുറ്റത്ത് കടപ്പയും കേബിൾ സ്റ്റോണും നിരത്തിയിട്ടുണ്ട്. ക്ലേ ടൈൽ ക്ലാഡ് ചെയ്താണ് എക്സ്റ്റീരിയർ വാൾ ആകർഷകമാക്കിയിരിക്കുന്നത്. വൈറ്റ് - ഗ്രേ നിറങ്ങളാണ് എക്സ്റ്റീരിയറിൽ. സിറ്റൗട്ട്, ഫോയർ, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്ക്ഏരിയ , പ്രൈവറ്റ് ഏരിയ , 5 കിടപ്പുമുറികൾ എന്നിവയാണ് വീട്ടകത്തെ സൗകര്യങ്ങൾ.
ലപ്പോത്ര ഗ്രാനൈറ്റാണ് സിറ്റൗട്ടിൽ. ഇന്തോനേഷ്യൻ വുഡിൽ തീർത്ത കസേരയും കോഫിടേബിളുമാണ് പൂമുഖത്ത്. വീടിന്റെ വാതിലും ജനലുമൊക്കെ തേക്കിലാണ്. കോമൺ ഏരിയയിൽ വുഡൻ ഫിനിഷ്ഡ് ടൈലും മറ്റിടങ്ങളിൽ വിട്രിഫൈഡ് ടൈലുമാണ്. സ്വീകരണമുറിയിൽ റെക്സിൻ അപ്ഹോൾസ്റ്ററി ചെയ്ത സോഫയാണ്. ഭിത്തിയിൽ വാൾ ആർട്ടും ഒരുക്കിയിട്ടുണ്ട്. കാലിക മാതൃകയിലുള്ള ഫർണിച്ചർ ഇറക്കുമതി ചെയ്തതാണ്. ഗ്ലാസ് ഡോർ കൊണ്ട് എൻക്ലോസിഡാക്കാവുന്നതാണ് സ്വീകരണമുറി.
ഡൈനിങ് - ഫാമിലി ലിവിങ് തുറന്ന് കിടക്കുന്ന രീതിയിലാണ് . ഡൈനിങ്ങിനോട് ചേർന്നാണ് ഡ്രൈ കോർട്ടിയാർഡ്. ഭിത്തിയിൽ ലാട്രൈറ്റ് ക്ലാഡിങ്ങാണ്. സോളിഡ് വുഡിലാണ് ഊൺമേശ. എട്ടുപേർക്ക് ഒരേ സമയം ആഹാരം കഴിക്കാവുന്നത്ര വലുതാണ് ഡൈനിങ് ടേബിൾ. കോർട്ടിൽ വുഡൻ ടൈലാണ്. ഭിത്തിയിൽ ജാളി വർക്കും നൽകിയിട്ടുണ്ട്. ഇൻഡോർ പ്ലാന്റുകളും നൽകിയിട്ടുണ്ട് ഇവിടെ.
ഇരുനിലകളും തമ്മിൽ ബന്ധിപ്പിക്കുന്ന സ്റ്റെയർ കേസിനും പുതുമയുണ്ട്. ഗ്രാനൈറ്റ് പതിപ്പിച്ച സ്റ്റെയർ ആവശ്യമെങ്കിൽ ഇരിപ്പിടവും ആക്കാവുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് . ഡൈനിങ് - ഫാമിലി ലിവിങ് - സ്റ്റെയർക്കേസ് എന്നിവ ചേരുന്നതോടെ എത്രപേർ വന്നാലും ഇരിപ്പിട സൗകര്യം ലഭിക്കുന്നുണ്ട് ഇന്റീരിയറിൽ. ഫാമിലി ലിവിങ് വിശ്രമത്തിനായിട്ടുള്ള ഒരു കേന്ദ്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്.
അപ്പർ ലിവിങ് ഒരു സ്റ്റഡി സ്പേസും അതേസമയം ലിവിങ്ങിന്റെ ഫങ്ങ്ഷനും നിർവ്വഹിക്കുന്ന രീതിയിലാണ്. കുട്ടികൾക്ക് പഠിക്കുന്നതിനും അവരുടെ സാമഗ്രികൾ സൂക്ഷിക്കുന്നതിനും സൗകര്യപ്രദമായ രീതിയിലാണ് സ്റ്റഡി സ്പേസ്. ജി.ഐ വുഡ് വെനീർ എന്നിവയിലാണ് സ്റ്റഡി സ്പേസിലെ ഫർണിച്ചർ ക്രമീകരിച്ചിരിക്കുന്നത്. ജി.ഐയും വുഡും കൊണ്ടാണ് സ്റ്റെയറിന്റെ റെയിലും തീർത്തിരിക്കുന്നത്.
വീടിന്റെ വിശാലതയ്ക്ക് ഇണങ്ങുന്ന രീതിയിലുള്ളതാണ് ഇവിടുത്തെ കിച്ചൻ. എൽ ഷേപ്പിലാണ് കിച്ചൻ. ക്യാബിനറ്റുകൾ തീർത്തിരിക്കുന്നത് മൾട്ടിവുഡ് മൈക്ക കോംപിനേഷനിലാണ്. സ്റ്റോറേജിന് ആവശ്യത്തിന് സ്ഥലം ലഭിക്കുന്ന രീതിയിലാണ് അടുക്കള. കൗണ്ടർടോപ്പിന് ബ്ലാക്ക് ഗ്രാനൈറ്റാണ് . ബാക്ക്സ്പ്ലാഷിൽ ടൈലാണ്. ഫാമിലി ഡൈനിങ്ങിനുള്ള സൗകര്യവും കിച്ചനിൽ നൽകിയിട്ടുണ്ട്.
5 കിടപ്പുമുറികളാണ് വീട്ടിലുള്ളത്. പ്ലൈവുഡ് വെനീർ ഫിനിഷിലാണ് കട്ടിലും വാർഡ്രോബും തയ്യാറാക്കിയിരിക്കുന്നത്. കിടപ്പുമുറികൾക്ക് അറ്റാച്ചിഡ് ബാത്ത്റൂമാണ്. കാന്റിലിവർ ബെഡ്റൂമാണ് ഒരെണ്ണം. കട്ടിലുകൾക്ക് കുഷ്യൻ ഫിനിഷ് നൽകിയിട്ടുണ്ട്. റെക്സിനിലാണ് ഇവ. ഭിത്തിയിൽ സിമന്റ് ഫിനിഷും ജിപ്സം കൊണ്ട് ഫോൾസ് സീലിങും നൽകിയിട്ടുണ്ട്. പരമാവധി വെന്റിലേഷൻ ലഭിക്കുന്ന രീതിയിലാണ് മുറിയുടെ ക്രമീകരണം. മുകൾനിലയിലെ കിടപ്പുമുറിക്ക് കാന്റിലിവർ ബാൽക്കണിയും നൽകിയിട്ടുണ്ട്.
വീടിന്റെ ഏത് കോണിൽ നിന്നും പ്രകൃതിഭംഗി ആസ്വദിക്കാൻ പാകത്തിനാണ് വീടിന്റെ ഘടനയും സ്പേസ് മാനേജ്മെന്റും നടത്തിയിരിക്കുന്നത്. ഇഷ്ടപ്പെട്ട സ്ഥലത്ത് ഇഷ്ടപ്പെട്ട രീതിയിൽ തയ്യാറാക്കിയിരിക്കുന്ന ഈ വീട് ഇഷ്ടപ്പെട്ട ജീവിതത്തിന് ഉതകുന്നതാകും എന്നത് ഉറപ്പാണ്.
Client - KunjuMarakkar
Location - Manjeri
Plot - 18 cent
Area - 4000 sqft
Design - Risiyas Farsa
Farsa Buildesign, Manjeri
Phone - 89435 58505