പ്രവാസിയുടെ സ്വപ്ന വീട്

This article has been viewed 1815 times
എല്ലാവർക്കും ഉണ്ടാകും സ്വന്തം വീടിനെപ്പറ്റി സ്വപ്നങ്ങളും കാഴ്ചപ്പാടുകളും. ഇവിടെ പ്രവാസിയായ വീട്ടുടമയ്ക്കും ഉണ്ടായിരുന്നു സ്വന്തമായൊരു കാഴ്ചപ്പാട്. സമകാലീന ശൈലിയിലൊരു വീട് മതിയെന്നായിരുന്നു മുഹമ്മദിന്റെ ആവശ്യം. ഈ ആവിശ്യത്തിലൂന്നിയാണ് അകം പുറം ആകമാനം ഒരുക്കിയിട്ടുള്ളത്. അൽപം ഉയരക്കൂടുതൽ ഉള്ള പ്ലോട്ടായതിനാൽ എലിവേഷനിൽ കമാനാകൃതിയിലുള്ള മേൽക്കൂര നൽകി. ഇത് വീടിന്റെ ഉയരം കുറച്ച് കാണിക്കുന്നതിനൊപ്പം ഡിസൈൻ എലമെന്റായും വർത്തിക്കുന്നു. വീടിന്റെ മുകൾ നിലയിൽ ഓപ്പൺ നയം സ്വീകരിച്ചതും അതിനുവേണ്ടിയാണ്. വീടിന് പുറത്തെ കാഴ്ചകൾ ആസ്വദിക്കുന്നതിനായി ഉയരം കുറഞ്ഞ ചുറ്റുമതിലാണ് നൽകിയിട്ടുള്ളത്. എക്സ്റ്റീരിയറിൽ കല്ലുകൾ പാകി പുൽത്തകിടിയും പിടിപ്പിച്ചിട്ടുണ്ട്.

3055 സ്‌ക്വർ ഫീറ്റിൽ മലപ്പുറത്ത് സ്ഥിതി ചെയ്യുന്ന ഈ വീട് ഡിസൈനറായ ഷാനവാസ് കുറുപ്പത്ത് ആണ് രൂപകൽപന ചെയ്തിരിക്കുന്നത്.

സമകാലിക ഭംഗിയോടെ...
തുറന്നതും വിശാലവുമായ ഇടങ്ങളാണ് അകത്തളങ്ങളുടെ പ്രത്യേകത. എന്നാൽ സ്വകാര്യത ഉറപ്പാക്കികൊണ്ടു കൂടിയാണ് പരസ്പരം കൂട്ടിയിണക്കലുകൾ നടത്തിയിട്ടുള്ളത്. ഫോയറിന് ഇരുവശവുമായിട്ടാണ് ലിവിങ്ങിന്റെയും ഡൈനിങ്ങിന്റെയും സജ്ജീകരണം. നേർരേഖ ഡിസൈൻ രീതിയാണ് ലിവിങ് ഏരീയയിൽ സ്വീകരിച്ചിട്ടുള്ളത്. സീലിങ്ങിലും ഇതിന്റെ പ്രതിഫലനം കാണാം. 'L' ഷേയ്പ്പിലുള്ള ലിവിങ് സോഫയാണ് ഫോർമൽ ലിവിങ്ങിൽ ഇട്ടിരിക്കുന്നത്.

വീടിന്റെ വലിയ പൂമുഖം തുറക്കുന്നത് ഗോവണിയുടെ നേരേ ആണ്. വുഡും ഗ്ലാസ്സുമാണ് ഗോവണിയുടെ ചന്തം കൂട്ടുന്നത്. കൂടാതെ ഭിത്തിയിൽ തടിയുടെ ലൂവറുകൾ നൽകിയതും ഭംഗി കൂട്ടുന്നുണ്ട്. സ്റ്റെയർ ഏരിയയോട് ചേർന്നുതന്നെ റീഡിങ് ടേബിളുകൂടി കൂട്ടിയിണക്കിയിരിക്കുന്നു.

പുറത്തെ കാഴ്ചഭംഗി ആസ്വദിക്കാൻ തക്കവിധമാണ് ഡൈനിങ് ഏരിയ ഒരുക്കിയിട്ടുള്ളത്. അതിനായി നൽകിയ ഓപ്പൺ ബാൽക്കണിയ്ക്ക് പുറമേ ഗ്ലാസ്സ് വിൻഡോയും കൊടുത്തിരിക്കുന്നു. വെനീറിന്റെ ചന്തമാണ് ഡൈനിങ് സ്പേസിന്. ചുമരിലും സീലിങ്ങിലും എല്ലാം വെനീർ പാനലിങ് ഏർപ്പെടുത്തിയിരിക്കുന്നു.

ഡൈനിങ്ങിനും കിച്ചനും ഇടയിലായിട്ടാണ് ഫാമിലി ലിവിങ് നൽകിയിട്ടുള്ളത്. ഫാമിലി ലിവിങ്ങിനും കിച്ചനും ഇടയിലായിട്ടാണ് ബ്രേക്ക്ഫാസ്റ്റ് ടേബിളിന് ഇടം നൽകിയിട്ടുള്ളത്.

നിറങ്ങളുടെ അതിപ്രസരണമില്ലാതെ ന്യൂട്രൽ നിറങ്ങളാണ് ഇന്റീരിയറിൽ ഉപയോഗിച്ചിട്ടുള്ളത്. ഇതിനെ ബ്രേക്ക് ചെയ്യുന്നത് തടിയുടെ പാർട്ടീഷനുകളും, പാനലിങ്ങുകളുമൊക്കെയാണ്. ക്ലീൻ ഫീൽ തോന്നും വിധമുള്ള ഡിസൈൻ നയങ്ങളാണ് ആകമാനം സ്വീകരിച്ചിട്ടുള്ളത്. വിശാലമായ ഒരു പ്രാർത്ഥനാമുറിയും താഴത്തെ നിലയിൽ സജ്ജീകരിച്ചിരിക്കുന്നു. കുടുംബാംഗങ്ങൾക്കെല്ലാം ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കാൻ കഴിയും വിധമാണ് മുറിയുടെ സജ്ജീകരണം.

ലളിതം ഉപയുക്‌തം
നാല് കിടപ്പുമുറികളാണ് ഈ വീട്ടിൽ ഉള്ളത്. കുറഞ്ഞ സ്പേസിൽ കൂടുതൽ വിശാലത തോന്നിപ്പിക്കും വിധമാണ് കിടപ്പുമുറികൾ ഒരുക്കിയിരിക്കുന്നത്. ബാത് അറ്റാച്ഡ് ആണ് നാല് കിടപ്പുമുറികളും. എല്ലാ മുറികളിലും ഡ്രസിങ് യൂണിറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്. മാസ്റ്റർ ബെഡ്റൂമിന് വുഡൻ ഫ്ലോറിങ്ങും, ബാക്കി മുഴുവൻ വിട്രിഫൈഡ് ടൈലുമാണ് ഉപയോഗിച്ചിരിക്കുന്നത്. മാസ്റ്റർ ബെഡ്റൂമിലെ സീലിങ്ങിൽ നൽകിയിട്ടുള്ള വുഡൻ പാനലിങ്ങിന്റെ തുടർച്ച ഹെഡ്സൈഡ് വാളിൽ വരെ എത്തി നിൽക്കുന്നു. ഡാർക്ക് വെനീർ ഫിനിഷിങ്ങിന്റെ ഭംഗിയാണ് പാരെന്റ്സ് റൂമിന്. ലിവിങ് ഏരിയ്ക്ക് സമീപമാണ് പാരെന്റ്സ് റൂം ഒരുക്കിയിട്ടുള്ളത്. കുട്ടികളുടെ മുറിക്കും, ഗസ്റ്റ് റൂമിനും വെനീറിന്റെ ഫിനിഷാണ് കൊടുത്തിരിക്കുന്നത്.


ഉപയുക്തതയിലൂന്നി...
സ്ട്രെയിറ്റ് ലൈൻ ഫോർമാറ്റിലാണ് കിച്ചൻ ഡിസൈൻ. സെമി ഓപ്പൺ നയത്തിലാണ് അടുക്കള ക്രമീകരിച്ചിട്ടുള്ളത്.ഇവിടെ കൗണ്ടർ ടോപ്പിന് നാനോ വൈറ്റാണ് ഉപയോഗിച്ചിട്ടുള്ളത്. വർക്ക് ഏരിയയും ഇവിടെ ഉണ്ട്. ബ്ലാക്ക് ഗ്രാനൈറ്റ് ടോപ്പാണ് വർക്ക് ഏരിയ. വൈറ്റ്, ഗ്രേ നിറസംയോജനത്തിലാണ് അടുക്കള ഡിസൈൻ. ഫ്ലോറിങ്ങിന് ഇറ്റാലിയൻ മാർബിളാണ് വിരിച്ചിരിക്കുന്നത്. ജിപ്സം സീലിങ്ങാണിവിടെ. ബാക്ക് സ്പ്ലാഷിന് ഗ്ലാസ്സ് ഉപയോഗിച്ചു. വെള്ള നിറത്തിലുള്ള സ്റ്റോൺ ക്ലാഡിങ്ങാണ് വർക്ക് ഏരിയയുടെ ബാക്ക് സ്പ്ലാഷിന് ഉപയോഗിച്ചിട്ടുള്ളത്. പരമാവധി സ്‌റ്റോറേജ് യൂണിറ്റുകൾ ഉൾപ്പെടുത്തിയാണ് ഷോ കിച്ചനും വർക്ക് ഏരിയയും ഒരുക്കിയിരിക്കുന്നത്.

വീട് സമകാലീന ശൈലിയിലാണെങ്കിലും പ്രകൃതിയോട് പിണങ്ങി നിൽക്കാതെ പരസ്പരം ചേർന്നുപോകും വിധമാണ് വീട് ആകെ ഒരുക്കിയിരിക്കുന്നതെന്ന് ഡിസൈനർ ഷാനവാസ് പറയുന്നു. ക്ലൈന്റിന്റെ പ്രത്യേക താൽപര്യ പ്രകാരമാണ് കന്റംപ്രറി ശൈലിയെ കൂട്ടുപിടിച്ച് ഓരോ ഇടവും ഒരുക്കിയത്.


തയ്യാറാക്കിയത് - രശ്മി അജേഷ്

ക്ലൈൻറ്റ് - മുഹമ്മദ് ഹക്കീം
സ്ഥലം - വാളഞ്ചേരി, മലപ്പുറം
പ്ലോട്ട് - 25 സെൻറ്
വിസ്തീർണം -3055 സ്ക്വർ ഫീറ്റ്
പണി പൂർത്തീകരിച്ച വർഷം - 2018

ഡിസൈൻ - ഷാനവാസ് കുറുപ്പത്ത്
ഷാനവാസ് & അസ്സോസിയേറ്റ്സ് , കോഴിക്കോട്

ഫോൺ : 90484 92757