അതിജീവനത്തിന് വഴിയൊരുക്കുന്ന വീട്

This article has been viewed 334 times
കൊറോണക്കാലത്ത് ജോലിയും വരുമാനവുമില്ലാതെ ആളുകൾ വലഞ്ഞപ്പോൾ ഘനശ്യാം പട്ടേലിനും കുടുംബത്തിനും അതിജീവന മാർഗം വീടുതന്നെ ആയിരുന്നു. പ്ലോട്ടിൽ ഉണ്ടായിരുന്ന കെട്ടിടം പൊളിക്കാതെ അതിൽ പ്രവർത്തിക്കുന്ന സ്ഥാപനം ഒഴിപ്പിക്കാതെ അതിസുന്ദരമായ വീടൊരുക്കിയതിന് ആർക്കിടെക്റ്റ് മനോജ് പട്ടേലിന് നൽകണം ഒരു കയ്യടി.

വഡോദരയിലാണ് ഈ വീട്. എട്ട് സെന്റ് സ്ഥലം ഇരു ഭാഗത്തും റോഡ്. പ്ലോട്ടിൽ പ്രവർത്തിക്കുന്ന ബാങ്ക് ഒഴിപ്പിക്കാതെ തീർത്തതാണ് ഇരുനില വീട്. കെട്ടിടം പൊളിക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും പാഴ്ചെലവും പരിസ്ഥിതിയാഘാതവും ആ തീരുമാനം മാറ്റിച്ചു. കെട്ടിടം നിലനിർത്തിക്കൊണ്ടുള്ള രൂപഘടന സമകാലിക ശൈലിയിലുള്ളതാണ്. സമചതുരക്കട്ടകൾ അടുക്കിയത് പോലാണ് എലിവേഷൻ.

ക്ലേ ടൈൽ കൊണ്ടുള്ള ക്ലാഡിങ് വീട് ആകർഷകമാക്കുന്നു. വീടിനകത്ത് ചൂട് കുറയ്ക്കുന്നതിനും സഹായിക്കുന്നു ഈ ക്ലേ ടൈൽ ക്ലാഡിങ്. കോംപൗണ്ട് വാളും ഗേറ്റുകളും ആധുനിക ശൈലിയിലാണ്. പോർച്ചിന് ജി.ഐ പർഗോളയാണ്. പാരപ്പറ്റ് വാൾ ഗ്ലാസിലാണ് തയ്യാറാക്കിയിരിക്കുന്നത്. ദൂരെക്കാഴ്ചയിൽ ഇരുനില വീടാണെന്നെ തോന്നുകയുള്ളു. വീട് മൂന്ന് നിലയിലാണ്. വൈറ്റ്-ഗ്രേ നിറങ്ങളാണ് എക്സ്റ്റീരിയറിൽ.

ഗ്രൗണ്ടിൽ ബാങ്കും പാർക്കിങ്ങും ലിഫ്റ്റും സ്റ്റെയറുമാണ്. ഒന്നാം നിലയിൽ ഫോയർ, ലിവിങ്, പൂജ, ബാൽക്കണി, ഡൈനിങ്, കിച്ചൻ, പൗഡർ ടോയ്‌ലെറ്റ്, മാസ്റ്റർ ബെഡ്‌റൂം എന്നിവയാണ് മുകൾ നിലയിൽ കുട്ടികളുടെ കിടപ്പുമുറിയും മറ്റൊരു കിടപ്പുമുറിയും ഉണ്ട്. കൂടാതെ അപ്പർ ലിവിങും, ടെറസും ബാൽക്കണിയും എല്ലാ സൗകര്യങ്ങളും കൂടി 2500 ചതുരശ്രയടിയിലാണ് വീട്ടിലെ സൗകര്യങ്ങൾ.

ഫോയർ, ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ് തുടങ്ങിയ പൊതു ഇടങ്ങളൊക്കെ ഡബിൾ ഹൈറ്റിലും ഓപ്പൺ കൺസെപ്റ്റിലുമാണ് ഒരുക്കിയിരിക്കുന്നത്. ഇന്റീരിയറിന് വിശാലത നൽകാനും ട്രാഫിക് എളുപ്പമാക്കുന്നതിനും ഈ നീക്കം സഹായിക്കുന്നു. മിനിമം ഫർണിച്ചറേയുള്ളു അകത്തളത്തിൽ. സ്വീകരണമുറിയിലെ ഫർണിച്ചർ കോഫീ ടേബിളും ഇരിപ്പിടവുമാണ്.

വുഡും പ്ലൈയും കൊണ്ടാണ് ഇന്റീരിയറിലെ ഫർണിച്ചർ തയ്യാറാക്കിയിരിക്കുന്നത്. ഫ്ലോറിങ് കോട്ട സ്റ്റോൺ കൊണ്ടാണ്. ഡൈനിങ്ങിൽ ഒരു കോർട്ടും നൽകിയിട്ടുണ്ട്. കോർട്ടിലേക്ക് സ്കൈലൈറ്റ് നൽകി ഇന്റീരിയറിന്റെ എല്ലാ ഭാഗത്തേക്കും ലൈറ്റ് എത്തിക്കുന്നു. തൂക്കുവിളക്കുകളും വുഡൻ സീലിങ്ങും ഡൈനിങ് ആകർഷകമാക്കുന്നുണ്ട്.

നിറവിന്യാസവും ലെതർ പാഡിങ്ങുമാണ് കിടപ്പുമുറി ആകർഷകമാക്കുന്നതും വേറിട്ട് നിർത്തുന്നതും. ഇരുനിലകളിലുമായി നാല് കിടപ്പുമുറികൾ ഉണ്ട്. ഹെഡ് ബോർഡിലാണ് ലെതർ പാഡിങ് . സ്റ്റോറേജിനും വായനയ്ക്കും മേക്കപ്പിനും ഉള്ള സൗകര്യങ്ങൾ എല്ലാ കിടപ്പുമുറിയിലും നൽകിയിട്ടുണ്ട്. ബാത്ത് അറ്റാച്ചിഡാണ് കിടപ്പുമുറികൾ. മുകൾ നിലയിൽ ബാൽക്കണിയും കിടപ്പുമുറിയുടെ ഭാഗമാണ്.

എൽ ഷേപ്പിലാണ് അടുക്കള. ആധുനിക പാചക സംവിധാനമെല്ലാം ഈ കിച്ചന്റെ ഭാഗമായുണ്ട്. ക്യാബിനറ്റുകൾ വുഡിലാണ്. കൗണ്ടർടോപ്പിൽ ആർട്ടിഫിഷ്യൽ സ്റ്റോൺ ആണ്. സ്റ്റോറേജിന്‌ ആവശ്യത്തിന് സൗകര്യം നൽകിയിട്ടുണ്ട് അടുക്കളയിൽ.

ലളിതമാണ് ഈ വീടിന്റെ ഓരോ ഭാഗവും എന്നാൽ തികച്ചും ഫങ്ങ്ഷണലുമാണ്. ഇടങ്ങളുടെ ധർമ്മം നിർവ്വഹിക്കാനുള്ള ഉപകരണങ്ങൾ മാത്രമേ അകത്തളത്തിൽ ഉപയോഗിച്ചിട്ടുള്ളു. ഡബിൾ ഹൈറ്റ് വീട്ടകത്ത് വെന്റിലേഷൻ സുഗമമാക്കുന്നു. അതുവഴി ഇന്റീരിയർ കംഫർട്ടും മികച്ചതാവുന്നു. ഗൃഹനിർമ്മാണം ബാധ്യതയായി തോന്നുന്നവർക്ക് വീടിനെ വരുമാന മാർഗമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മാതൃകയാണ് ഈ വീടിന്റേത്.

Client - Ghanshyam Bhai Patel
Location - Vadodara
Area - 2500 sqft

Design - Ar.Manoj Patel
Manoj Patel Design Studio
, Vadodara
Phone - 99243 75544