കസ്റ്റമൈസേഷന്റെ മികവും ക്രിയേറ്റിവിറ്റിയുടെ പ്രതിഫലനവുമാണ് ഈ വീട്

This article has been viewed 2896 times
വീടുടമസ്ഥന്‌ ക്രിയേറ്റിവിറ്റി അൽപം കൂടുതലാണെങ്കിലോ? ദാ ! വീട് ഇങ്ങനെ ഇരിക്കും. കലാമേഖലയിൽ ജോലി ചെയ്യുന്ന ഷബീറിന്റെയും കുടുംബത്തിന്റെയുമാണ് ഈ വീട്. കോഴിക്കോട് കിനാശ്ശേരി എന്ന സ്ഥലത്ത് 30 സെൻറ് പ്ലോട്ടിൽ 3000 സ്‌ക്വർ ഫീറ്റിലാണ് വീട് സ്ഥിതി ചെയ്യുന്നത്. കലാഹൃദയമുള്ള ആളായതിനാൽ തന്റെ വീടിനും സ്പന്ദനം വേണമെന്ന് അദ്ദേഹത്തിന് നിർബന്ധം ഉണ്ടായിരുന്നു. ഇതിനായി ഷബീർ സമീപിച്ചത് ഇയാമ ഡിസൈൻസിനെയാണ്.

ബോക്സ് ടൈപ്പ് പാറ്റേണിലാണ് എലിവേഷൻ ഡിസൈൻ. കാലാവസ്ഥക്ക് അനുയോജ്യമായ വെതർ കോട്ട് പെയിന്റുകളാണ് എക്സ്റ്റീരിയറിൽ നൽകിയിരിക്കുന്നത്. അതിനാൽ പരിപാലനം വളരെ കുറവുമാണ്. എക്സ്റ്റീരിയറിലെ പച്ചപ്പിന്റെ സാന്നിദ്ധ്യം മനോഹാരിത കൂട്ടുന്നുണ്ട്. മുകൾ നിലയിലെ ബാൽക്കണിയിലും ഗാർഡൻ ഒരുക്കി പച്ചപ്പിന് പ്രാധാന്യം നൽകി. ഇവിടെ പർഗോള നൽകി ടഫൻറ് ഗ്ലാസ്സിട്ടു.

ലിവിങ്, ഡൈനിങ്, കിച്ചൺ, 4 കിടപ്പുമുറികൾ എന്നിങ്ങനെയാണ് അകത്തളങ്ങളെ വിന്യസിച്ചിരിക്കുന്നത്. പ്രധാന വാതിൽ തുറന്ന് കയറുന്നത് ഫോയറിലേക്കാണ്. ഇവിടെ നാച്വറൽ ഫിനിഷിങ്ങിൽ ഉള്ള തടിയുടെ ഇരിപ്പിടം ഇട്ടിരിക്കുന്നത് കാണാം. ഫോയറിന് വലതു വശത്താണ് ലിവിങ്.
നാച്വറൽ ഫിനിഷിങ്ങാണ് ലിവിങ്ങിന്റെ പ്രത്യേകത. ഫ്ലോറിങ്ങിനു വുഡ് ഫിനിഷുള്ള ലാമിനേറ്റഡ് ഫ്ലോറിങ്ങാണ് ഉപയോഗിച്ചിട്ടുള്ളത്. സീലിങ്ങിൽ സിമെൻറ് ഷീറ്റാണ് ഉപയോഗിച്ചിരിക്കുന്നു, ഇതിന്റെ ഒപ്പം തന്നെ വെനീറും നൽകി. ഫോയറിൽ നിന്നും 4 ഇഞ്ജ് താഴ്ത്തിയാണ് ലിവിങ്ങിന്റെ സജ്ജീകരണം. ഇരുവശങ്ങളിലുമായി സോഫ നൽകി. മരത്തിന്റെ വേരിനു മുകളിൽ ഗ്ലാസ് ടോപ്പ് നൽകിയിരിക്കുന്നത് പ്രത്യേകതയാണ്.
ഇരിക്കാൻ കൊതിക്കുന്ന ഒരിടം
ഇന്റീരിയറിലെ ഫോക്കൽ പൊയിന്റ് അഥവാ ശ്രദ്ധാകേന്ദ്രം എന്ന് പറയാം സ്റ്റെയർകേസിനോട് ചേർന്നുള്ള ഒരു സ്പേസ്. ക്യാന്റിലിവർ സ്റ്റെയർകേസാണ്. വുഡിന്റെയും ടഫന്റ് ഗ്ലാസ്സിന്റെയും ചന്തത്തിലാണ് സ്റ്റെയർ ഡിസൈൻ. ഡബിൾ ഹൈറ്റ് സ്പേസിലാണ് ഇവിടം ഒരുക്കിയിട്ടുള്ളത്. മുകളിൽ നൽകിയിട്ടുള്ള സ്കൈലൈറ്റിൽ നിന്നെത്തുന്ന വെളിച്ചം ഭിത്തിയിൽ നിഴൽ ചിത്രം വരയ്ക്കുന്നു. ഭിത്തിയുടെ ഒരു ഭാഗത്ത് പ്ലൈവുഡിൽ തീർത്ത ഡിസൈൻ പാറ്റേൺ കാണാം.
മറുവശത്ത് പാർട്ടീഷനുവേണ്ടി ഉപയോഗിച്ചിട്ടുള്ള ഇൻഡസ്ട്രിയൽ വർക്ക് കാണാം. ജി ഐ പൈപ്പിൽ സ്ട്രെക്ച്ചർ ഉണ്ടാക്കി, മുൾട്ടിവുഡിൽ പാറ്റേൺ തയ്യാറാക്കി, വെനീർ ഫിനിഷിലാണ് ഇവിടം ക്രമീകരിച്ചിരിക്കുന്നത്. സ്റ്റെയറിനു താഴെയായി ലോൺ വിരിച്ച് വാക് വേ കൂടി കൊടുത്തു. ഇതിനായി സ്റ്റോൺ ഉപയോഗിച്ചു ബോർഡറും നൽകി. ഊഞ്ഞാലും ഇവിടെ കൊടുത്തിരിക്കുന്നു. ഇങ്ങനെ വീടിന്റെ ഒരു ഹൃദയഭാഗമായി ഇവിടം മാറിയെന്ന് വീട്ടുടമസ്ഥനും ഡിസൈനറും ഒരേ സ്വരത്തിൽ പറയുന്നു.
സ്റ്റെയർ കയറി മുകളിൽ എത്തിയാൽ സ്‌റ്റഡി സ്പേസും, അപ്പർ ലിവിങും, 2 കിടപ്പുമുറികളുമാണ് കൊടുത്തിട്ടുള്ളത്. സ്‌റ്റഡി ഏരിയ മെസനിൻ ഫ്ലോറായിട്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. തടിയിൽ പ്ലൈവുഡ് കൊണ്ട് തട്ടുകൾ നൽകി ലൈബ്രറി എന്ന ആശയവും പ്രാവർത്തികമാക്കിയിരിക്കുന്നു.
നാച്വറൽ ഫീൽ
സ്റ്റെയറിന്റെ ഒരു വശത്ത് ഡൈനിങ് ഏരിയ ആണ്. ഡൈനിങ്ങിൽ നിന്നും കിച്ചനിലേക്കുള്ള പാർട്ടീഷനിൽ തടിയുടെ പാനലിങ് നൽകിയത് ഭംഗി ഇരട്ടിപ്പിക്കുന്നു. ഡൈനിങ് ടേബിളും ചെയറും പ്രത്യേകതയാണ്. ഡൈനിങ്ങിന്റെ പുറകുവശത്തായി ചുറ്റുമതിലായിരുന്നു അതിനെ ഉയർത്തി ഭിത്തിയായി പരിവർത്തിപ്പിച്ചു. അതിനിടയിൽ വെർട്ടിക്കൽ ഗാർഡൻ ഒരുക്കി ഹൈലൈറ്റ് ചെയ്തു. ഈ കാഴ്ച ആസ്വദിക്കുന്നതിനായി ഗ്ലാസ്സ് വിൻഡോയും നൽകി.
സ്വച്ഛം സുന്ദരം
വിശാലമായ കിടപ്പുമുറികളാണ് എല്ലാം തന്നെ. നിറങ്ങളെ കൂട്ടുപിടിക്കാതെ ഉള്ള ഡിസൈൻ രീതികളാണ് ബെഡ്‌റൂമുകളിൽ അവലംബിച്ചിട്ടുള്ളത്. ഹെഡ്‍ബോർഡിലെയും സീലിങ്ങിലേയും ഡിസൈൻ പാറ്റേണുകൾ വാഡ്രോബ് യൂണിറ്റുകളിൽ വരെ നൽകിയിരിക്കുന്നത് കാണാം. വുഡൻ ഫ്ലോറിങ്ങും. ടൈലും ആണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചിട്ടുള്ളത്. പരമാവധി സ്റ്റോറേജ് യൂണിറ്റുകൾ ഉൾപ്പെടുത്തിക്കൊണ്ടാണ് എല്ലാ മുറികളും ക്രമീകരിച്ചിട്ടുള്ളത്. വാൾപേപ്പറും ടെക്സ്ചറുകളും എല്ലാം കിടപ്പുമുറികളെ ആഡംബരപൂർണ്ണമാക്കുന്നു.
മോഡുലാർ കിച്ചൻ
ഗ്ലാസിന്റെ ചന്തമാണ് അടുക്കളയ്ക്ക്. സ്റ്റോറേജ് യൂണിറ്റുകൾക് തുല്യ പ്രാധാന്യം നൽകികൊണ്ടുള്ള ഡിസൈൻ നയങ്ങളാണ് അടുക്കളയിൽ അവലംബിച്ചിട്ടുള്ളത്. ഹുഡ്, ഹോബ്, ഇൻബിൽറ്റ് ഓവൻ എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും ക്രമീകരിച്ചിരിക്കുന്നു. ലെതർ ഫിനിഷ് ഗ്രാനൈറ്റാണ് ഫ്ലോറിങ്ങിന്. എളുപ്പം വൃത്തിയാക്കാൻ സാധിക്കുന്നതും തെന്നി വീഴാൻ സാധ്യത ഇല്ലാത്തതുമായ ഫിനിഷിങ്ങാണ് ഇതിന്റെ പ്രേത്യേകത.
ഒരു ക്ലൈന്റിനെ സംബന്ധിച്ചിടത്തോളം നല്ലൊരു ഡിസൈനറെ കിട്ടുക എന്നതും, ഒരു ഡിസൈനറെ സംബന്ധിച്ചിടത്തോളം നല്ലൊരു ക്ലൈന്റിനെ കിട്ടുക എന്നതുംവളരെ വലിയൊരു കാര്യമാണ്. ഇവിടെ പരസ്പര വിശ്വാസത്തിന്റെയും ധാരണയുടേയും പ്രതിഫലനങ്ങൾ അടിമുതൽ മുടിവരെ നമ്മുക്ക് കാണാനാവും. ഓരോ സ്പേസും ജീവനുറ്റ ഇടങ്ങളായി മാറിയതിന് പിന്നിലെ കാരണവും ഇതാണ്.തയ്യാറാക്കിയത് - രശ്മി അജേഷ്

ക്ലൈൻറ്റ് - ഷബീർ
സ്ഥലം - കിനാശ്ശേരി , കോഴിക്കോട്
പ്ലോട്ട് - 30 സെൻറ്
വിസ്തീർണം -3000 സ്ക്വർ ഫീറ്റ്
പണി പൂർത്തീകരിച്ച വർഷം - 2019

ഡിസൈൻ - മുഹമ്മദ് അനീസ് സി.പി & ഇർഫാദ് എൻ.കെ
ഇയാമ ഡിസൈൻസ്, കോഴിക്കോട്
ഫോൺ : 9446312919