
കുറഞ്ഞ ബഡ്ജറ്റിൽ തീർക്കാൻ കഴിയുന്നതും കുടുംബാംഗങ്ങൾ എല്ലാവരേയും സംതൃപ്തരാക്കാൻ പറ്റുന്നതുമായിട്ടുള്ള വീടുകൾക്കായിരിക്കും ഇനിയുള്ള കാലത്ത് ഡിമാന്റുണ്ടാവുക. അത്തരത്തിലൊരു വീടിന്റെ വിശേഷമാണിത്. 1000 ചതുരശ്രയടിയിൽ അഴകും അടിസ്ഥാന സൗകര്യങ്ങളും സംഗമിക്കുന്ന ഭവനം.
മലപ്പുറം ടൗണിൽ നിന്നും 1 കിലോമീറ്റർ മാറിയാണ് ഹാരിസിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ഒരു കുടുംബത്തിന്റെ ആവശ്യങ്ങളെല്ലാം നിവർത്തിക്കുന്നതിനുവേണ്ട സൗകര്യങ്ങൾ എല്ലാം തികയുന്ന വീട്. രണ്ട് കിടപ്പുമുറികൾ, പൂമുഖം, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്ക്ഏരിയ എന്നിവയാണ് 1000 ചതുരശ്രയടിയിൽ ഉള്ളത്. 6 സെന്റിന്റെ പ്ലോട്ടിലാണ് വീട്. ചുറ്റുമതിൽ അതിരിടുന്ന പ്ലോട്ടിൽ ഒറ്റനിലയുള്ള ഈ വീട് പലരുടേയും റഫറൻസ് ബുക്കാണ്. ചെലവ് കുറഞ്ഞ വീടൊരുക്കുന്നവർക്ക് സ്വന്തം വീട്ടിലേക്കുള്ള വഴികാട്ടിയും.
വീടിന്റെ സ്ട്രക്ച്ചർ തീർത്തത് മഷൂബാണ്. എക്സ്റ്റീരിയറിന്റെ ഫിനിഷും ഇന്റീരിയർ ഡിസൈനിങ്ങും നിർവ്വഹിച്ചത് അഷർ ജുമാനാണ്. ആദ്യ കാഴ്ചയിൽ കണ്ണിലുടക്കുന്നത് ക്ലേ ടൈൽ പാകി വെടിപ്പാക്കിയിരിക്കുന്ന ഷോവാളാണ്. വീടിന്റെ ഹൈലൈറ്റും ഏക ആഢംബരവും. സ്റ്റെയറിന്റെ ഹെഡ് റൂം ട്രെസ്സ് ചെയ്തു ടൈൽ വിരിച്ചു. ചതുരജ്യാമിതിയിലാണ് വീടിന്റെ ഘടന. ഭാവിയിലേക്ക് വീടിനെ വിസ്തൃതമാക്കാൻ ഈ നീക്കം സഹായിക്കുന്നു.
മുറ്റത്ത് നാച്ചുറൽ സ്റ്റോൺ ആണ്. പൂമുഖത്ത് കസേര മാത്രം. ഫ്ലോറിങ്ങിന് വിട്രിഫൈഡ് ടൈലാണ്. ജനലുകൾ യു.പി വി.സിയിലാണ്. വാതിലുകൾ മരത്തിലാണ്. ലിവിങ്-ഡൈനിങ് തുറന്നാശയത്തിലാണ്. ഫാബ്രിക് പൊതിഞ്ഞ സോഫയാണ് സ്വീകരണമുറിയിൽ. ട്രാൻസ്പരന്റ് പാർട്ടീഷൻ ജി.ഐ ഗ്രിൽ കൊണ്ടാണ്. മൾട്ടിവുഡിൽ ബോക്സ് തീർത്ത് അതിൽ ചെടികൾ നട്ടുവളർത്തുന്നു.
ഡൈനിങ് ടേബിൾ മെറ്റലും നാനോ വൈറ്റും കൊണ്ടാണ്. പൊതു ഇടങ്ങളിലൊക്കെ ജിപ്സം കൊണ്ട് സീലിങ് ചെയ്തു ലൈറ്റിങ് നൽകി ആകർഷകമാക്കിയിട്ടുണ്ട്. ഫ്ലോറിൽ ഇടങ്ങൾ ഹൈലൈറ്റ് ചെയ്യാൻ വുഡൻ ടൈലും ഉപയോഗിച്ചിട്ടുണ്ട്. പ്ലൈവുഡ് വെനീറിലാണ് നിഷുകൾ തീർത്തിരിക്കുന്നത്.
ചെറിയ വീടായതുകൊണ്ട് കസ്റ്റമെയിഡ് ഫർണീച്ചറാണ് ഇന്റീരിയറിൽ. സിംഗിൾ കളറും പരമാവധി വെന്റിലേഷനും അകത്തളത്തിന് വിശാലത നൽകുന്നുണ്ട്. സ്റ്റെയറിന്റെ സൈഡിലാണ് കോമൺ ബാത്ത്റൂമും വാഷ് ഏരിയയും.
ഫാമിലി ഡൈനിങ്ങും കിച്ചന്റെ ഭാഗമാണ്. മൾട്ടിവുഡും ലാമിനേറ്റും കൊണ്ടാണ് കിച്ചൻ. വർക്ക് ടോപ്പ് നാനോവൈറ്റാണ്. ബ്രേക്ക്ഫാസ്റ്റ് ടേബിൾ ഗ്ലാസും മെറ്റലും കൊണ്ടാണ്. ചെറിയ സ്പേസിലാണെങ്കിലും പരമാവധി സ്റ്റോറേജ് സൗകര്യത്തോടെയാണ് കിച്ചൻ.
രണ്ട് കിടപ്പുമുറികളാണ് വീട്ടിൽ. മാസ്റ്റർ ബെഡ്റൂമിന് മാത്രമേ അറ്റാച്ഡ് ടോയ്ലറ്റ് ഉള്ളൂ. മറ്റൊരെണ്ണം കോമൺ ടോയ്ലെറ്റാണ്. കിടപ്പുമുറിയുടെ ഒരു ചുമര് മാത്രം നിറം പൂശി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. ജിപ്സം കൊണ്ട് ഫാൾസ് സീലിങും ചെയ്തിട്ടുണ്ട് കിടപ്പുമുറിയിൽ.
ഒരു കുടുംബത്തിന്റെ സർവ്വ ആവശ്യങ്ങളും നിവർത്തിക്കുന്നതിനുള്ള സൗകര്യം ഈ വീട്ടകത്തുണ്ട്. 22 ലക്ഷം രൂപയുടെ ബഡ്ജറ്റിലാണ് വീട് തീർത്തിരിക്കുന്നത്. അടിസ്ഥാനാവശ്യങ്ങൾ കൃത്യമായി സമ്മേളിപ്പിച്ചുകൊണ്ട് എങ്ങനെ ഭവനം തീർക്കാമെന്നതാണ് ഈ വീട് കാണിച്ചു തരുന്നത്.
Client - Haris
Location - Malappuram
Plot - 6 cent
Area - 1000 sqft
Design - Ashar Juman
AJ Designs, Manjeri
Ph - 96339 45375
Structure - Mashoob