വീട് ഇഷ്ടപ്പെടാൻ കാരണങ്ങൾ ഏറെയാണ്

This article has been viewed 2248 times
നീളൻ പ്ലോട്ടിന്റെ സാധ്യതകളെല്ലാം പ്രയോജനപ്പെടുത്തി നിർമ്മിച്ചൊരു നീളൻ വീടാണിത് . വർഷങ്ങൾ എത്ര കഴിഞ്ഞാലും പുതുമ ചോരാതെ കാത്തുസൂക്ഷിക്കുന്ന ഡിസൈൻ നയങ്ങളാണ് ആർക്കിടെക്റ്റ് സുജിത്.കെ.നടേഷ് ഈ വീടിന് സ്വീകരിച്ചിട്ടുള്ളത്. വായുവും വെളിച്ചവും ഉൾത്തളങ്ങളെ പ്രസന്നമാക്കണം എന്ന വീട്ടുകാരുടെ ആഗ്രഹം മുൻനിർത്തി കാലിക ഭവനം തീർത്തെടുക്കുകയാണ് ചെയ്തത്.

സ്‌ക്വയർ ആകൃതിയും സ്ട്രെയിറ്റ് ലൈൻ ഫോർമാറ്റും ക്ലാഡിങ്ങുകളും എല്ലാം കാലിക ശൈലിയുടെ പൂരകങ്ങളായി വർത്തിക്കുന്നു. ലാൻഡ്‌സ്‌കേപ്പിന്റെ മനോഹാരിതയും എലിവേഷന്റെ തലയെടുപ്പും നോക്കാതെ ആരും ആ വഴി നടന്നു പോകില്ല. വിവിധ നിറങ്ങളിലുള്ള ഓർക്കിഡ് പൂക്കൾ ലാൻഡ്‌സ്‌കേപ്പിലെ പൂന്തോട്ടത്തിന് നിറപ്പകിട്ടേകുന്നു. വെർട്ടിക്കൽ പർഗോള ഡിസൈനും ഗ്ലാസ്സിന്റെ ചന്തവുമെല്ലാം എലിവേഷനെ മനോഹരമാക്കുന്നു. കാറ്റിനേയും വെട്ടത്തിനേയും ഉള്ളിലേക്ക് സ്വീകരിക്കുന്നതിനായി നൽകിയ ഓപ്പണിങ്ങുകളും വെന്റിലേഷനുകളും അവയുടെ കടമ കൃത്യമായി നിർവഹിക്കുന്നുണ്ട്.

ലിവിങ്, ഡൈനിങ്, സ്റ്റെയർ ഏരിയ, പൂജ സ്പേസ്, കോർട്ട്യാർഡ് എന്നീ സ്പേസുകൾ പരസ്പരം ചേർന്നുപോകും വിധം ഒരുക്കി. ചെങ്കല്ലിന്റെ ചന്തം നൽകിയ പൂജ സ്പേസും, അതിനോട് ചേർന്നുള്ള കോർട്ടിയാർഡും സീലിങ് വൈവിധ്യവുമാണ് ഇന്റീരിയറിന്റെ ഹൈലൈറ്റ്. ടർക്കിഷ് മാർബിളും, ടൈലും ഫ്ലോറിങ്ങിനെ ആഡംബരപൂർണമാക്കുന്നു. ഇട ഭിത്തികൾ പരമാവധി മാറ്റി നിർത്തികൊണ്ടുള്ള ക്രമീകരണങ്ങൾ അകത്തളങ്ങളെ കൂടുതൽ തുറന്നതും വിസ്താരമുള്ളതുമാക്കുന്നു.

ലൈറ്റ് ഫിറ്റിങ്ങുകളുടെ മനോഹാരിത ഇന്റീരിയറിന്റെ ആംപിയൻസ് നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് കാണാം. നീളൻ പ്ലോട്ടായതിനാൽ വെർട്ടിക്കൽ ഫോർമാറ്റിലാണ് സ്പേസുകളുടെ ക്രമീകരണം. ഡൈനിങ്ങിലിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ കിഴക്കു വശത്ത് ഏർപ്പെടുത്തിയ ഡോർ കം വിൻഡോസിലൂടെ കാഴ്ച വിരുന്ന് ആസ്വദിക്കുകയും ചെയ്യാം.

ഡബിൾ ഹൈറ്റ് സ്പേസിലെ സ്റ്റെയർകേസിന് മുകളിൽ നൽകിയ പർഗോളയിൽ നിന്നും സൂര്യപ്രകാശം അകത്തളങ്ങളിലേക്ക് അരിച്ചിറങ്ങുന്നത് കാണാം. തേക്കാണ് സ്റ്റെയറിന് ഉപയോഗിച്ചത്.

സ്റ്റെയർ കയറി നേരേ ചെല്ലുന്നത് കോമൺ സ്പേസിലേക്കാണ്. ഇവിടെ ഒരു വശത്ത് പച്ചപ്പിന്റെ സാന്നിദ്ധ്യം നിറച്ചുകൊണ്ട് ഒരുക്കിയ കോർട്ടിയാർഡും മറ്റൊരു വശത്ത് ഒരു ഊഞ്ഞാലും നൽകി. നീളൻ സ്പേസിലാണ് മുകൾ നിലയിലെ ക്രമീകരണങ്ങളും നൽകിയിട്ടുള്ളത്. പരമ്പരാഗത ശൈലിയോട് ചേർന്ന് പോകുന്ന ചില ഘടകങ്ങൾ അകത്തളങ്ങളിൽ അവിടിവിടെയായി കാണാവുന്നതാണ്.

വിശാലമായിട്ടാണ് 5 കിടപ്പുമുറികളും ഒരുക്കിയിട്ടുള്ളത്. വിസ്താരമുള്ളതാണ് എല്ലാ മുറികളും. മുറി ഉപയോഗിക്കുന്നവരുടെ ആവശ്യങ്ങൾക്ക് മുൻ‌തൂക്കം നൽകികൊണ്ടുള്ള ഡിസൈൻ രീതികൾക്കാണ് ഊന്നൽ നൽകിയത്. വിശാലമായ ജനാലകൾ നല്ല പോലെ കാറ്റും വെളിച്ചവും മുറികളിലേക്ക് എത്തിക്കുന്നുണ്ട്.

വെനീറിന്റെ മനോഹാരിതയിലാണ് അടുക്കള ഒരുക്കിയിട്ടുള്ളത്. എൽ ഷേപ്പിലാണ് അടുക്കള ഡിസൈൻ. ഷോ കിച്ചൻ കൂടാതെ വർക്കിങ് കിച്ചൻ കൂടി കൊടുത്തിട്ടുണ്ട്. കൗണ്ടർ ടോപ്പിന് ബ്ലാക്ക് ഗ്രാനൈറ്റാണ്.

ന്യൂട്രൽ നിറങ്ങളും തേക്കിന്റെ ചന്തവുമെല്ലാം മുകളിലും താഴെയും ഉള്ള സ്പേസുകളുടെ മനോഹാരിത കൂട്ടുന്നു. എങ്ങനെ ആവശ്യങ്ങളെ ഉപയുക്തതയ്ക്ക് അടിസ്ഥാനമാക്കി പരമ്പരാഗത ശൈലിയുടേയും സമകാലീന ശൈലിയുടേയും പൂരകങ്ങളെ സമന്വയിപ്പിച്ചും കൊണ്ടാണ് ഓരോ സ്പേസും ഇവിടെ നിവർത്തിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ സ്വപ്ന ഗേഹം ഇഷ്ടപ്പെടാൻ കാരണങ്ങൾ ഏറെയുണ്ടെന്ന് വീട്ടുകാരും പറയുന്നു.


Client - Suresh Kammath
Location - Vytila, Kochi
Plot - 13 cent
Area - 4500 sqft

Design - Ar.Sujith K Nadesh
Sanskriti Architects
, Kochi
Phone - 9495959889