4.75 സെന്റിലെ 3000 സ്‌ക്വർ ഫീറ്റിലുള്ള വീട്

This article has been viewed 2399 times
4.75 സെന്റിൽ 3000 സ്‌ക്വർ ഫീറ്റിൽ ഒരു വീട്. സമകാലീന ശൈലിയുടെ കൂട്ട് പിടിച്ച് എല്ലാ സൗകര്യങ്ങളും കോർത്തിണക്കിയത്. ലിവിങ്, ഡൈനിങ്, കിച്ചൻ, പൂജാമുറി, ഹോം തീയറ്റർ, ബാർ കൗണ്ടർ, അറ്റാച്ചഡ് ബാത്റൂമോടുകൂടിയ നാല് കിടപ്പുമുറികൾ, ഇന്റെർണൽ കോർട്യാർഡ് എന്നീ സൗന്ദര്യത്തികവുള്ള സൗകര്യങ്ങളാണ് കൂട്ടിയിണക്കിയിരിക്കുന്നത്. 4.75 പ്ലോട്ട് എന്നത് ഈ പറഞ്ഞതിനൊന്നും തടസ്സമാവാതെ വീട്ടുകാരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും എല്ലാം നിവർത്തിച്ച് കൊടുത്തത് എസ്.ഡി.സി ആർക്കിടെക്റ്റ്സിലെ പ്രിൻസിപ്പൽ ഡിസൈനറായ രാധാകൃഷ്ണനാണ്.

നേർരേഖ ഡിസൈൻ നയവും, ബോക്സ് ടൈപ്പ് ഡിസൈൻ രീതിയുമാണ് എലിവേഷന് ചന്തം കൂട്ടുന്നത്. ഗ്ലാസ്സിന്റെ ഓപ്പണിങ്ങുകൾ സൂര്യപ്രകാശത്തെ തടസമില്ലാതെ ഉൾത്തടങ്ങളിലേക്ക് എത്തിക്കുന്നു. കോംപൗണ്ട് വാളും ഗേറ്റും, കോംപൗണ്ട് വാളിൽ നിന്നും എക്സ്റ്റീരിയർ ഭിത്തിയിലേക്ക് കൊടുത്തിരിക്കുന്ന ലൂവറുകൾ ഡിസൈൻ എലമെന്റായി കൂടി വർത്തിക്കുന്നു. ചതുരാകൃതിയുടെ ചന്തമാണ് പുറത്തു നിന്നു നോക്കുമ്പോൾ നമ്മുടെ കണ്ണിലുടക്കുന്നത്. ലിനുരാജിന്റെയും കുടുംബത്തിന്റെയുമാണ് ഈ വീട്.

ഇടഭിത്തികളില്ലാതെ
വളരെ സമൃദ്ധമായി കാറ്റും വെളിച്ചവും കയറിയിറങ്ങും വിധമാണ് അകത്തള ഒരുക്കങ്ങൾ. അതുകൊണ്ടുതന്നെ എല്ലാ ഇടങ്ങളും വളരെ വിശാലമായി തന്നെ പ്രതിഫലിക്കുന്നു. ഇടഭിത്തികൾ അഥവാ പാർട്ടീഷനുകൾ ഒഴിവാക്കികൊണ്ടുള്ള ഡിസൈൻ രീതികളാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവ ഓപ്പൺ ടു ഓൾ എന്ന രീതിയിൽ ഡിസൈൻ ചെയ്തു. ഇവിടെ കോർണർ സ്പേസിൽ നൽകിയിട്ടുള്ള കോർട്ടിയാർഡ് ആണ് ഇന്റീരിയറിന്റെ മാസ്മരികത. സ്കൈലൈറ്റിൽ നിന്നുമെത്തുന്ന സൺലൈറ്റ് ലിവിങ്ങിലും ഡൈനിങ്ങിലും കിച്ചനിലും പ്രകാശപൂരിതമാക്കുന്നു. കൂടാതെ ഡൈനിങ് ഏരിയയിൽ നൽകിയിട്ടുള്ള ഡോർ കം വിൻഡോസ് കാഴ്ചഭംഗി ആസ്വദിച്ച് ആഹാരം കഴിക്കാൻ ഉതകുംവിധം ഒരുക്കി.

സൗന്ദര്യവും സൗകര്യവും ഒത്തിണങ്ങി
കോർട്ടിയാർഡിനോട് ചേർന്നുതന്നെയാണ് മുകളിലേക്കുള്ള സ്റ്റെയർകേസും നൽകിയിട്ടുള്ളത്. തടിയുടേയും ഗ്ലാസ്സിന്റേയും ചന്തമാണ് സ്റ്റെയറിന്. സ്റ്റെയറിനോട് ചേർന്നു തന്നെയാണ് പൂജ ഏരിയയും. സീലിങ്ങിലെ തടിയുടെ വർക്കുകളും, പാനലിങ്ങുകളും എല്ലാം ഇന്റീരിയറിന്റെ ആംപിയൻസ് കൂട്ടുന്നുണ്ട്. അപ്പർ ലിവിങ്ങിലാണ് ഹോം തീയേറ്ററിന് സ്ഥാനം നൽകിയിട്ടുള്ളത്. ഇവിടെ ഭിത്തിയുടെ ഒരു ഭാഗത്ത് ഫാമിലി ഫോട്ടോ കൊളാഷ് പോലെ ചെയ്തിരിക്കുന്നു.

അടിസ്ഥാന ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ട്
വിശാലമായിട്ടാണ് കിടപ്പുമുറികളെല്ലാം ഒരുക്കിയിട്ടുള്ളത്. വാഡ്രോബ് യൂണിറ്റും ഡ്രസിങ് ഏരിയയും എല്ലാം എല്ലാ കിടപ്പുമുറികളിലും ഉണ്ട്. മാസ്റ്റർ ബെഡ്‌റൂം ആഢംബരപൂർണമായിട്ടാണ് ഒരുക്കിയത്. ഇവിടെ സിറ്റിങ് സൗകര്യം കൂടി നൽകി. വിശാലമായ ജനാലകൾ കിടപ്പു മുറികളിലേക്ക് സദാ കാറ്റും വെളിച്ചവും എത്തിക്കുന്നതിനാൽ ഊഷ്മളമായ അന്തരീക്ഷം നിലനിൽക്കുന്നു. മുകളിൽ ഒരു ബാർ കൗണ്ടറിനും ഇടം നൽകിയിട്ടുണ്ട്. കിഡ്സ് റൂമിൽ സ്‌റ്റഡി ടേബിളും ചെയറും കൊടുത്തു. സ്റ്റോറേജ് യൂണിറ്റിനും പ്രാധാന്യം നൽകിയിരിക്കുന്നതും കാണാം. തടിയുടെ നിറവും ന്യൂട്രൽ നിറങ്ങളുമാണ് ആകമാനം നൽകിയിട്ടുള്ളത്.

ഒട്ടും സ്ഥലവും പാഴാക്കാതെ വളരെ ഉപയുക്തമായിട്ടാണ് ഓരോ ഇടവും ഇവിടെ ഒരുക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ അകംപുറം ഭംഗിയേക്കാലുപരി ആവശ്യങ്ങൾ നിറവേറ്റുന്ന ഇടങ്ങളാണ് ഇവിടെ ഉള്ളത്.

തടിയുടെ ചന്തമാണ് അടുക്കളയ്ക്ക്. ഡൈനിങ്ങിനേയും അടുക്കളയേയും തമ്മിൽ വേർതിരിക്കുന്നത് അടുക്കളയിൽ സ്ഥാനം നൽകിയിട്ടുള്ള ബ്രേക്ക്ഫാസ്റ്റ് ടേബിളാണ്. നാനോ വൈറ്റാണ് കൗണ്ടർ ടോപ്പിന്. പരമാവധി സ്റ്റോറേജ് യൂണിറ്റുകളും ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു.

മനസ്സിന് പൂർണ സംതൃപ്തിയും സന്തോഷവുമാണ് സ്ഥലപരിമിതി മറികടന്ന് ഇഷ്ട ഗേഹം പണിതുയർത്തിയത് എന്ന് ലിനുവും കുടുംബവും പറയുന്നു. ശിൽപിയുടെ തുറന്ന സമീപനവും പരസ്പര ധാരണയും വീടിന്റെ വേഗത്തിലുള്ള പണിയ്ക്ക് സഹായകമായി.


തയ്യാറാക്കിയത് - രശ്മി അജേഷ്

ക്ലൈൻറ്റ് - ലിനു രാജ്
സ്ഥലം - തിരുവനന്തപുരം
പ്ലോട്ട് - 4.75 സെൻറ്
വിസ്തീർണം - 3000 സ്ക്വർ ഫീറ്റ്
പണി പൂർത്തീകരിച്ച വർഷം - 2019

ഡിസൈൻ - രാധാകൃഷ്ണൻ
എസ്.ഡി.സി. ആർക്കിടെക്റ്റ്സ്, തിരുവനന്തപുരം

ഫോൺ : 94472 06623