നാടിന്റെ ശ്രദ്ധകേന്ദ്രമായ വീട്

This article has been viewed 4204 times
കാഴ്ചയിലൊരു ബംഗ്ലാവിന്റെ പ്രൗഢിയിലാണ് തിരുവനന്തപുരം കരമനയിലുള്ള അനിലിന്റെ വീട്. ആധുനിക സൗകര്യങ്ങളും വിശാല സജ്ജീകരണങ്ങളും സമ്മേളിപ്പിച്ചിരിക്കുന്നത് 3000 ചതുരശ്രയടി വിസ്തീർണത്തിലാണ്. ആർക്കിടെക്റ്റ് ദീപ്തി പിള്ളയുടെ ക്രീയാത്മക സമീപനമാണ് വീടിന്റെ രൂപഘടനയും സൗകര്യങ്ങളും ഇത്ര വിശാലമാക്കിയത്. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡെഗാസി ആർക്കിടെക്ച്ചർ കൺസൾട്ടൻസിയുടെ പ്രിൻസിപ്പൽ ആർക്കിടെക്റ്റാണ് ദീപ്തി. സമകാലിക രൂപഘടനയിൽ തല ഉയർത്തി നിൽക്കുന്ന വീട് ഈ നാടിന്റെ ശ്രദ്ധകേന്ദ്രമാണ്.

ഒരു വീടിന് വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങളെല്ലാം നിറയുന്ന പാർപ്പിടം അതായിരുന്നു ക്ലൈന്റിന്റെ ഭവന സങ്കല്പം. 15 സെന്റിന്റെ പ്ലോട്ടിലാണ് വീട്. കുറഞ്ഞ മെയിന്റനൻസുള്ള വീടെന്നതായിരുന്നു കുടുംബത്തിന്റെ മറ്റൊരു ആവശ്യം. കാലിക മാതൃകയിലുള്ള രൂപഘടനയും ലളിതമായ ചമയങ്ങളും വീടിന്റെ സംരക്ഷണം എളുപ്പമാക്കുന്നു. പ്ലോട്ടിന്റെ പിൻഭാഗത്തേക്ക് മാറ്റിയാണ് ഗൃഹസ്ഥാനം. മുൻവശം മുറ്റവും ഡ്രൈവ് വേയും ലാൻഡ്സ്‌കേപ്പുമാണ്.

ഇരുനില വീടിന്റെ രൂപഘടന തന്നെയാണ് മുഖ്യാകർഷണം. ഭിത്തിയിലും കോളത്തിലും വിവിധ തരം ക്ലാഡിങ് നൽകിയിരിക്കുന്നു. ബാക്കി ഭാഗത്തൊക്കെ വെൺചാരുതയാണ്. ഗ്രിഡ് പ്രൊഫൈൽ റൂഫാണ് മുകൾ നിലയ്ക്ക്. അതിന് മുകളിൽ ഗ്ലാസ് പാകിയിരിക്കുന്നു. ചതുര ജ്യാമിതിയുടെ ആകർഷണമാണ് വീടിന്റെ ബാഹ്യാകാരത്തിന്.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, കിച്ചൻ, ഡൈനിങ്, രണ്ട് കിടപ്പുമുറികൾ, വർക്ക് ഏരിയ, സ്റ്റോറേജ്, നടുമുറ്റം, ഫിഷ് പോണ്ട് എന്നിവയാണ് ഗ്രൗണ്ട് ഫ്ലോറിൽ. മുകൾ നിലയിൽ രണ്ട് കിടപ്പുമുറിയും ജിം, യൂട്ടിലിറ്റി ഏരിയ, ലിവിങ് സ്പേസ്, ടെറസ് ഗാർഡൻ എന്നിവയാണ്. സർവ്വ സൗകര്യങ്ങളും 3000 ചതുരശ്രയടി വിസ്തീർണത്തിലാണ്.

ഇറക്കുമതി ചെയ്ത ലെതർ സോഫയാണ് സ്വീകരണ മുറിയുടെ മുഖ്യാകർഷണം. പൂമുഖ വാതിൽ തുറന്നാൽ ആദ്യം തന്നെ ദൃശ്യമാകുന്ന രീതിയിലാണ് പ്രയർ ഏരിയയുടെ ക്രമീകരണം. നടുമുറ്റത്തിന്റെ ആധുനിക നിർവ്വചനത്തിലാണ് ഈ ഭാഗം. തേക്കിന്റെ പാനലിങ്ങാണ് ഈ ഭാഗം ആകർഷകമാക്കുന്നത്. മുന്തിയ ഇനം മാർബിളിലാണ് തറ ഒരുക്കിയിരിക്കുന്നത്. ചിലയിടങ്ങളിൽ വുഡൻ ഫ്ലോറിങ്ങും ഒരുക്കിയിട്ടുണ്ട്. ഷെറാ ബോഡ് കൊണ്ടാണ് സീലിങ്. ഭിത്തിയിൽ ക്ലാഡിങ് നൽകിയിട്ടുണ്ട്. രാജകീയ സ്വീകരണത്തിനും സർവ്വ സങ്കേതങ്ങളും ഒരുക്കിയിട്ടുണ്ട് സ്വീകരണ മുറിയിൽ.

സ്വീകരണ മുറിയും ഫാമിലി ലിവിങ്ങും വേർതിരിക്കുന്നത് ഫിഷ് പോണ്ടാണ്. മൂന്നു വശവും ഗ്ലാസിൽ തീർത്തിരിക്കുന്ന ഫിഷ് പോണ്ട് ഈ വീട്ടകത്തെ ബ്യൂട്ടി സ്പോട്ടാണ്. അനിലിന്റെ മകളുടെ താൽപര്യത്തിലാണ് ഈ പോണ്ട് വീട്ടകത്ത് തീർത്തിരിക്കുന്നത്. സ്വയം വൃത്തിയാക്കുന്നതിനുള്ള ആധുനിക സാങ്കേതിക സംവിധാനങ്ങളെല്ലാം ഉൾക്കൊള്ളുന്നതാണ് ഈ ഫിഷ് പോണ്ട്.

തികച്ചും സ്വകാര്യത കിട്ടുന്ന രീതിയിലാണ് ഫാമിലി ലിവിങ്. വുഡൻ ഫർണിച്ചറും വുഡൻ ഫ്ലോറിങ്ങും ഈ ഭാഗം ഹൃദ്യമാക്കുന്നു. ഇതിനോട് ചേർന്ന് ഒരു ഡെക്ക് സ്പേസും നൽകിയിട്ടുണ്ട്. വുഡിലാണ് ഇവിടുത്തെ സീലിങ്ങിലെ അലങ്കാരങ്ങളും.

കൊത്തുപണികളോടു കൂടിയ ഊൺമേശയും കസേരകളുമാണ് ഊണിടത്തിന്റെ മുഖ്യാകർഷണം. വാഷ് ഏരിയ വിശാലമാണ്. ഇതിനോട് ചേർന്ന് തന്നെ ഒരു ഷോക്കേസും ഒരുക്കിയിട്ടുണ്ട്. ഗ്രാനൈറ്റാണ് വാഷ് കൗണ്ടറിന്റെ ടോപ്പിന്. സ്‌റ്റെയർകേസ്‌ വുഡും ഗ്ലാസും ഉപയോഗിച്ചാണ്. ഡൈനിങ്ങിൽ നിന്നാണ് സ്റ്റെയർ ആരംഭിക്കുന്നത്.

മോഡേൺ സൗകര്യങ്ങൾ സമ്മേളിക്കുന്നതാണ് അടുക്കള. മൾട്ടിവുഡിലാണ് ക്യാബിനറ്റുകൾ. കൗണ്ടർ ടോപ്പ് ഗ്രാനൈറ്റിലാണ്. ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ ഗ്ലാസിലാണ്. വർക്ക് ഏരിയയും സ്റ്റോറേജും മെയിഡ്സ് റൂമുമൊക്കെ അടുക്കളയുടെ ഭാഗമായി വരുന്നുണ്ട്. ഭിത്തിയിൽ ടൈൽ ക്ലാഡിങ്ങാണ്.

നാലു കിടപ്പുമുറികളാണ് വീട്ടിലുള്ളത്. പ്രത്യേകം നിറചാരുതയുള്ള സോഫ്റ്റ് ഫർണിഷിങ്ങിലാണ് ഓരോ മുറിയും ആകർഷകമാക്കുന്നത്. ഹെഡ്ബോർഡിൽ അപ്ഹോൾസ്റ്ററിയും വാൾപേപ്പറും, സീലിങ്‌ ഫീച്ചേഴ്സും, സ്റ്റോറേജ് സൗകര്യവുമാണ് ഓരോ കിടപ്പുമുറിയും സുന്ദരമാക്കുന്നത്.

മുകൾ നിലയിൽ ഒരു ഫാമിലി ലിവിങും ടെറസ് ഗാർഡനും യൂട്ടിലിറ്റി റൂമും ഒരുക്കിയിട്ടുണ്ട്. പ്രകൃതിയുടെ പ്രതിഭാസങ്ങൾ ആസ്വദിക്കുന്നതിന് യോജിക്കും വിധത്തിലാണ് മുകൾ നിലയിലെ ക്രമീകരണങ്ങൾ.

വീടും വീട്ടകവും ഫങ്ങ്ഷണലാക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്ന സാമഗ്രികൾ തന്നെ വീടിന് അലങ്കാരമായി മാറുന്ന പൊടിക്കൈ ആണ് ഈ വീടിനെ കാഴ്ചക്കാരുടെ ശ്രദ്ധകേന്ദ്രമാക്കുന്നത്.Client - Anil
Location - Karamana, Thiruvananthapuram
Plot - 15 cent
Area - 3000 sqft

Design - Ar.Deepthi Pillai
Degasi Architecture
, Thiruvananthapuram
Phone - 89435 94594