4 സെന്റിൽ പരിസ്ഥിതി സംന്തുലനം സംരക്ഷിക്കുന്ന വീട്

This article has been viewed 3716 times
ഗ്രാമാന്തരീക്ഷത്തിൽ മാത്രമല്ല നഗരത്തിലും നാടൻ വിഭവങ്ങൾ സമ്മേളിപ്പിച്ചുകൊണ്ട് പാർപ്പിടം സാക്ഷാത്കരിക്കാനാവുമെന്നാണ് ആർക്കിടെക്റ്റ് മനോജ് പട്ടേൽ രൂപകല്പന ചെയ്തിരിക്കുന്ന ഈ ഭവനം കാണിച്ചു തരുന്നത്. പരിസ്ഥിതി സംന്തുലനം പാഠമാക്കിയാണ് ഈ വീടിന്റെ നിർമാണം നടത്തിയിരിക്കുന്നത്.

പരിസ്ഥിതിയേയും അതിന്റെ ജൈവികതയ്ക്കും കോട്ടം തട്ടാതെ എങ്ങനെ മനുഷ്യവാസം സാധ്യമാക്കാമെന്നാണ് ഈ വാസ്തു ശില്പി അന്വേഷിക്കുന്നത്. വഡോദര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മനോജ് പട്ടേൽ ഡിസൈൻ സ്റ്റുഡിയോയുടെ അമരക്കാരനാണ് മനോജ്. അഹമ്മദാബാദ് സെപ്റ്റിൽ നിന്നും എം.ആർക് പൂർത്തീകരിച്ച ശേഷമാണ് എം.പി.ഡി.സി ആരംഭിച്ചത്. "കാലാവസ്ഥ വ്യതിയാനവും സുസ്ഥിര വികസനവും" എന്ന വിഷയത്തിലായിരുന്നു ബിരുദാനന്തരബിരുദം.

പ്രാദേശികം
നാലേകാൽ സെന്റ് സ്ഥലത്താണ് 2690 ചതുരശ്രയടി വിസ്തീർണത്തിലുള്ള വീട്. നിർമാണ സാമഗ്രികൾ പരിസ്ഥിതിയിലും കാലാവസ്ഥയിലും എന്ത് മാറ്റങ്ങൾ സൃഷ്ടിക്കുന്നു എന്നു പരിഗണിച്ചുകൊണ്ടാണ് മനോജിന്റെ വീടുകളുടെ രൂപകല്പനയും നിർമാണവും. റിപ്പൽഭായി ഗാന്ധിക്കും കുടുംബത്തിനുമായി ഗുജറാത്തിലെ വഡോദരയിലാണ് തദ്ദേശീയ സാമഗ്രികൾ ഉപയോഗിച്ച് ഈ ഭവനം തീർത്തിരിക്കുന്നത്.

ഉയർന്ന ഊർജജ ഉപയോഗം ആവശ്യമായി വരുന്ന സാമഗ്രികൾ കൊണ്ടാണ് പലരും വീടിന്റെ മുഖം മിനുക്കുന്നത്. എന്നാൽ ഇതുണ്ടാക്കുന്ന പരിസ്ഥിയാഘാതം ശ്രദ്ധിക്കുന്നുമില്ല. ഇതിന് വിപരീതമായ ക്ലേ ടൈൽ കൊണ്ടാണ് ഈ വീടിന്റെ ചുമരുകളും കോംപൗണ്ട് വാളും തീർത്തിരിക്കുന്നത്. ഇന്റീരിയറിനെ തണുപ്പിക്കുന്നു എന്നതിനൊപ്പം വീടിന് കമനീയത നൽകുന്നതിനും ഈ നീക്കം സഹായിക്കുന്നു. കണ്ടംപ്രററി ശൈലിയിലാണ് വീടിന്റെ എലിവേഷൻ. ട്രഡീഷണൽ സാമഗ്രികൾ കാലികശൈലി വീടുകൾക്ക് ഇണങ്ങില്ലെന്ന വർത്തമാനകാല കാഴ്ചപ്പാടിനെ മാറ്റിമറിക്കുന്നു ക്ലേ ടൈലിന്റെ ഉപയോഗം.

പല ലെവലിലാണ് വീടിന്റെ റൂഫ്. പാരപ്പറ്റിന് ഗ്ലാസും സ്റ്റീലുമാണ് ഉപയോഗിച്ചിരിക്കുന്നത്. ടെറാക്കോട്ട ടൈലിനൊപ്പം ഭിത്തിയിൽ വെള്ള നിറമാണ് പൂശിയിരിക്കുന്നത്. വീടിന്റെ ലാൻഡ്സ്‌കേപിൽ ഔട്ട്ഡോർ സീറ്റിങ് സൗകര്യവും നൽകിയിട്ടുണ്ട്. ദീർഘ ചതുരാകൃതിയിലാണ് പ്ലോട്ട്. അതിന് അനുസൃതമായിട്ടാണ് വീടിന്റെ രൂപകല്പന നിർവ്വഹിച്ചിരിക്കുന്നത്. മുറ്റം പോലും വീടിന്റെ ഭാഗമായി മാറുന്ന രീതിയിലാണ് വീടിന്റെ ഡിസൈൻ.

കളർഫുൾ ഇന്റീരിയർ
സിറ്റൗട്ട്, ഫോയർ, ലിവിങ് റൂം, ഡൈനിങ്, പൂജാമുറി, കിച്ചൻ, സ്റ്റോർ റൂം, ഇൻഡോർ ഗാർഡൻ എന്നിവയാണ് ഗ്രൗണ്ട് ഫ്ലോറിൽ. മുകൾ നിലയിൽ മൂന്ന് കിടപ്പുമുറിയും ബാൽക്കണിയും ഓപ്പൺ ടെറസുമാണ്. ഇന്റീരിയറിനെ ലൈവാക്കുന്നത് നിറവിന്യാസമാണ്. ലിവിങ്ങിലെ സീലിങ്ങിലും സ്റ്റെയറിന്റെ ചവിട്ടുപടികളിലും ഫർണിച്ചറിനും ഗോൾഡൻ യെല്ലോ നിറമാണ്. ഫാബ്രിക് അപ്ഹോൾസ്റ്ററി ചെയ്തിരിക്കുന്ന ഇരിപ്പിടങ്ങൾ നീലനിറത്തിലാണ്.

ഓപ്പൺ ആശയത്തിലാണ് ഇന്റീരിയർ. പൊതുഇടങ്ങളെല്ലാം ഓപ്പൺ ആക്കിയും ബെഡ്‌റൂമുകൾക്ക് മാത്രം സ്വകാര്യത കിട്ടത്തക്ക വിധത്തിലാണ് ഇന്റീരിയറിന്റെ ക്രമീകരണം. ഫ്ലോറിങ്ങിന് ഇറ്റാലിയൻ ടൈലാണ് ഉപയോഗിച്ചിരിക്കുന്നത്.

സ്റ്റെയറിന്റെ ഇരുഭാഗത്തുമായിട്ടാണ് ലിവിങും ഡൈനിങ്ങും. കാന്റിലിവർ സ്റ്റെയറിന് വെർട്ടിക്കൽ റെയിലാണ്. ഫുൾ ലെങ്ത് വിൻഡോസാണ് സ്വീകരണ മുറിയിൽ. ചുമരിൽ കടുംവർണത്തിലുള്ള പെയിന്റിങ്ങും തൂക്കിയിരിക്കുന്നു. സ്വീകരണ മുറി തന്നെയാണ് എന്റർടെയിൻമെന്റ് റൂമും. ടി.വി യൂണിറ്റും ഇവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്.

ഡൈനിങ്ങിനോട് ചേർന്നാണ് സൈഡ് കോർട്ടിയാർഡ്. മൂലയോടുകൾ പ്രത്യേക പാറ്റേണിൽ അടുക്കി അതിലാണ് ചെടികൾ നട്ടിരിക്കുന്നത്. സോളിഡ് വുഡിലാണ് ഡൈനിങ് ടേബിൾ. പെഡസ്റ്റൽ വാഷ്‌ബേസിൻ സ്ഥലം ലാഭം ഉണ്ടാക്കുന്നു. ഇവിടെ തന്നെയാണ് കോമൺ ടോയിലെറ്റും നൽകിയിരിക്കുന്നത്. ഒരു പാഷിയോയുടെ ഫലം നൽകുന്നതാണ് ഡൈനിങ്ങിലെ ക്രമീകരണങ്ങൾ.

അടുക്കളയും ഒരു വർണക്കൂടാണ്. വൈറ്റ്-യെല്ലോ നിറാശയത്തിലാണ് കിച്ചൻ. കോർണർ കിച്ചനാണ് സെറ്റ് ചെയ്തിരിക്കുന്നത്. ആധുനിക പാചക സംവിധാനങ്ങളെല്ലാം ഉൾക്കൊള്ളുന്നതാണ് അടുക്കള. അടുക്കളയിൽ പരമാവധി വെന്റിലേഷൻ ഉറപ്പ് വരുത്തിയിട്ടുണ്ട്. കിച്ചനും- ഡൈനിങ്ങും തുറന്ന രീതിയിലാണ്. പാചകത്തോടൊപ്പം ഭക്ഷണവും എന്ന രീതിയിലാണ് കിച്ചണിന്റേയും ഡൈനിങ്ങിന്റേയും സജ്ജീകരണം.

ഇരുനിലകളിലുമായി നാല് കിടപ്പുമുറികളുണ്ട് ഇവിടെ. ഗ്രൗണ്ട് ഫ്ലോറിൽ ഒരെണ്ണവും ബാക്കി മൂന്നെണ്ണം മുകൾ നിലയിലുമാണ്. മുകളിലെ രണ്ട് കിടപ്പുമുറിക്കും ബാൽക്കണിയുണ്ട്. ഹെഡ്‍ബോർഡും സൈഡ് സീറ്റും നിറവുമാണ് കിടപ്പുമുറികളെ വ്യത്യസ്തവും ആകർഷകവുമാക്കുന്നതും. ആവശ്യത്തിന് വെന്റിലേഷൻ സൗകര്യത്തോടെയാണ് കിടപ്പുമുറികൾ.

പരമാവധി സ്വഭാവിക വെളിച്ചം വീട്ടകത്ത് എത്തിക്കുന്നതിന് സഹായകരമായ രീതിയിലാണ് ഈ വീടിന്റെ സംരചന ആർക്കിടെക്റ്റ് മനോജ് പട്ടേൽ നിർവ്വഹിച്ചിരിക്കുന്നത്. പ്രാദേശിക നിർമാണ വൈഭവത്തിനും സാമഗ്രികൾക്കും പ്രാമുഖ്യം നൽകി ഒരുക്കിയിരിക്കുന്ന ഈ വീട് ഇന്നത്തെ സാമൂഹ്യ സാഹചര്യത്തിൽ ആർക്കും മാതൃകയാക്കാവുന്നതാണ്.Client - Ripalbhai Gandhi
Location - Vadodara
Plot - 4.25 cent
Area - 2690 sq ft

Design - Manoj Patel
Manoj Patel Design Studio
, Vadodara
Phone- 99243 76644