പ്രവാസി സങ്കല്പത്തിലുള്ള സ്വപ്‍ന ഗൃഹം

This article has been viewed 1580 times
പ്രവാസി മലയാളിയുടെ ഭവന സങ്കല്പത്തിലുള്ള എല്ലാ ചേരുവകളും സമ്മേളിക്കുന്നതാണ് തൃശ്ശൂർ വലപ്പാടുള്ള ദിനേശിന്റെ വീട്. തൃശ്ശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അമക് ആർക്കിടെക്ച്ചർ-ഇന്റീരിയർ വാസ്തു കൺസൾട്ടൻസിയിലെ ആർക്കിടെക്റ്റ് അനൂപ് ചന്ദ്രനും ആർക്കിടെക്റ്റ് മനീഷ അനൂപും ചേർന്ന് രൂപകൽപന ചെയ്ത് സാക്ഷാത്കരിച്ചതാണ് ഈ വീട്.

പ്രവാസികളുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സെമിക്ലാസിക് ആർക്കിടെക്ച്ചർ ശൈലിയിലാണ് വീടിന്റെ ബാഹ്യാകൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്. ക്ലാസിക് ശൈലിയുടെ തനിയാവർത്തനമാകാതെ സമകാലിക ജീവിത സാഹചര്യങ്ങൾക്ക് യോജിക്കും വിധത്തിലുള്ള നിർവ്വചനമാണ് നടത്തിയിരിക്കുന്നത്. കോംപൗണ്ട് വാൾ കൊണ്ട് സുരക്ഷിതമാക്കിയിരിക്കുന്ന 20 സെന്റ് സ്ഥലത്താണ് 3500 ചതുരശ്രയടി വിസ്തീർണത്തിലുള്ള വീട്.

ഗേറ്റും വിക്കറ്റ് ഗേറ്റുമാണ് കോംപൗണ്ടിലേക്ക് പ്രവേശനം ഒരുക്കുന്നത്. പ്ലോട്ടിന്റെ പിൻഭാഗത്തേക്ക് മാറ്റിയാണ് വീട്. ഡ്രൈവ് വേയിൽ ബാംഗ്ലൂർ സ്റ്റോൺ നിരത്തിയിരിക്കുന്നു. ജി.ഐ യും ഗ്ലാസും കൊണ്ടാണ് കാർപോർച്ച്. ഫ്ലാറ്റ്-സ്ലോപ് കോംപിനേഷനിലാണ് മേൽക്കൂര. എക്സ്റ്റീരിയറിന് മോടി കൂട്ടുന്നത് വണ്ടർ മാക്സ് പാനലിങ് ആണ്. ബാൽക്കണിയുടെ റൂഫ് ജി.ഐ പർഗോളയും ഗ്ലാസും ഉപയോഗിച്ചാണ്. ഒറ്റ നിറമാണ് എക്സ്റ്റീരിയറിൽ. വാതിലും ജനലുമൊക്കെ തേക്കിന്റെ കരുത്തിലാണ്.

വരാന്ത, ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ്, കിച്ചൻ, സ്റ്റോർ, വർക്കിങ് കിച്ചൻ, അപ്പർ ലിവിങ്, ലൈബ്രറി, ബാൽക്കണി,നാല് കിടപ്പുമുറികൾ എന്നിവ ഉൾപ്പെടുന്നതാണ് വീട്ടകത്തെ സൗകര്യങ്ങൾ. നാലു കിടപ്പുമുറികളും ആധുനിക സൗകര്യങ്ങളും സെമി ക്ലാസിക് ടച്ചും വേണമെന്നതായിരുന്നു വീട്ടുടമസ്ഥന്റെ ആവശ്യം.

മാറ്റ് ഫിനിഷിലുള്ള ഇമ്പോർട്ടഡ് ടൈലും ലാമിനേറ്റഡ് വുഡൻ ഫ്ലോറിങ്ങുമാണ് ഇന്റീരിയറിൽ. സിറ്റൗട്ടിൽ നിന്നും നേരെ എത്തുന്നത് സ്വീകരണ മുറിയിലേക്കാണ്. സ്കൈലൈറ്റ് നേരിട്ട് സന്ദർശന മുറിയിൽ പതിക്കുന്ന രീതിയിലാണ് ഇവിടുത്തെ ക്രമീകരണങ്ങൾ. ഡബിൾ ഹൈറ്റാണ് സന്ദർശകമുറിക്ക്. കോർണർ കേന്ദ്രീകരിച്ചാണ് ഇരിപ്പിടങ്ങൾ. വുഡിൽ തീർത്ത് അപ്ഹോൾസ്റ്ററി ചെയ്തിരിക്കുകയാണ്. സ്വീകരണ മുറിയിലാണ് ടിവി യും അനുബന്ധ സൗകര്യങ്ങളും.

വീടിന്റെ ഫോക്കൽ പോയിന്റ് ഡ്രൈ കോർട്ടിയാർഡും സ്റ്റെയർകേസുമാണ്. കോർക്ക് കൊണ്ട് പൊതിഞ്ഞ ചുമരും കാന്റിലിവർ സ്റ്റെയർക്കേസും ഡ്രൈ കോർട്ടും അതിലെ ലോ സീറ്റിങ്ങും വുഡൻ ലാമിനേറ്റ് ഫ്ലോറും വീടിന്റെ മുഖ്യ ആകർഷക കേന്ദ്രമാക്കി മാറ്റുന്നു ഈ ഭാഗത്തെ. വീട്ടിലുള്ളവർക്ക് ഒത്തുചേരുന്നതിനാണ് ഈ ക്രമീകരണങ്ങൾ. ഈ ഫാമിലി സ്പേസിലേക്ക് വീടിന്റെ എല്ലാ ഭാഗത്ത് നിന്നും എളുപ്പത്തിൽ എത്താവുന്നതാണ്.

വുഡിൽ തീർത്തിരിക്കുന്നതാണ് ഊൺമേശ. ഔപചാരികമായിട്ടാണ് ഊണിടത്തിന്റെ ക്രമീകരണം. സീലിങ്ങിൽ പർഗോള നൽകി സ്കൈലൈറ്റ് എത്തിക്കുന്നുണ്ട്. ക്രോക്കറി ഷെൽഫും കിച്ചൻ വാളിലെ ഓപ്പണിങ്ങുമൊക്കെ ഊണുമുറിയെ കൂടുതൽ ഉപയുക്തമാക്കുന്നു.

ലിവിങും ഫാമിലി ലിവിങും താണ്ടിയെത്തുന്നത് ഔട്ടർ കോർട്ടിയാർഡിലേക്കാണ്. ഗ്ലാസ് കൊണ്ട് പാർട്ടീഷൻ നൽകിയാണ് ഈ ഭാഗം വേർതിരിച്ചിരിക്കുന്നത്. എക്സ്റ്റീരിയറിൽ ഉപയോഗിക്കുന്നതരം ഇരിപ്പിടങ്ങളാണ് ഇവിടെ. സൈഡ് കോർട്ടിൽ സിന്തെറ്റിക് ഗ്രാസാണ്. ഭിത്തിയിലും സീലിങ്ങിലും ഗ്രിൽ നൽകി പകൽ വെളിച്ചവും എത്തിക്കുന്നു. അപ്പർ ലിവിങും, ലൈബ്രറി സ്‌പേസുമൊക്കെയാണ് ഈ വീട്ടകത്തെ ബ്യൂട്ടി സ്പോട്ടുകൾ.

സ്റ്റോറേജിന്‌ പരമാവധി സൗകര്യം ലഭിക്കത്തക്ക വിധത്തിലാണ് അടുക്കള. പ്ലാൻലാക്ക് ഗ്ലാസിലാണ് ക്യാബിനറ്റുകൾ. കൗണ്ടർടോപ്പ് നാനോ വൈറ്റിലാണ്. ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇതിന്റെ ഭാഗമാണ്.

ഇരുനിലകളിൽ നാല് കിടപ്പുമുറികളാണ്. പ്ലൈവുഡ് വെനീറിലാണ് ബെഡ്‌റൂം ഫർണിച്ചർ. ഹെഡ്ബോർഡും കാർട്ടനും സീലിങ്ങും ലൈറ്റുമാണ് കിടപ്പുമുറികൾ സുന്ദരമാക്കുന്നത്. വെവ്വേറെ നിറാശയത്തിലാണ് കിടപ്പുമുറികൾ. ലൈറ്റ് ഫിക്സ്ച്ചറുകൾ ഇറക്കുമതി ചെയ്തതാണ്.

പരമ്പരാഗത സൗകര്യങ്ങളുടെ ആധുനിക നിർവ്വചനവും സെമിക്ലാസിക് സ്ട്രെക്ച്ചറും ഈ ഭവനം എല്ലാ അർത്ഥത്തിലും ഒരു പ്രവാസി സ്വപ്നമാക്കി മാറ്റുന്നു. പഴമയുടേയും പുതുമയുടേയും ആസ്വാദന സാഹചര്യങ്ങളെല്ലാം സമ്മേളിക്കുന്നതാണ് ഈ പാർപ്പിടം.


Client - Dinesh
Location - Valappadu, Thrissur
Plot - 20 cent
Area - 3500 sqft

Design - Ar. Anoop Chandran & Ar. Manisha Anoop
Amac Architects- Interiors - Vasthu Consultants,

Thrissur
Ph - 99950 00222, 80866 60007