മനക്കരുത്തും വിശ്വാസവും കൊണ്ട് കെട്ടിപ്പൊക്കിയൊരു വീട്

This article has been viewed 2544 times
ഏതൊരു മലയാളിക്കും വീട് പണി തുടങ്ങുമ്പോൾ മുന്നിൽ നിൽക്കുന്ന പ്രശ്നമാണ് ബഡ്ജറ്റ്. ഇവിടെ അരുൺകുമാറിനും കുടുംബത്തിനും ഇഷ്ട ഗേഹം പണിതുയർത്താൻ ബഡ്ജറ്റ് ഒരു തടസ്സമാണോ എന്നൊരു പേടി ഇവർക്കും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ സ്ട്രക്ച്ചർ പൂർത്തീകരിച്ച് ഇടാം എന്നാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ മുഴുവൻ പണിയും പൂർത്തീകരിച്ചിട്ടാവണം കേറി താമസം എന്നു വീട്ടുടമസ്ഥൻ തീരുമാനിച്ചു.

ഡിസൈനർക്ക് മുഴുവൻ സ്വാതന്ത്രവും കൊടുത്തുകൊണ്ട് അരുൺകുമാറും കുടുംബവും ഒപ്പം തന്നെ നിന്നു. പ്രതിസന്ധി ഘട്ടങ്ങൾ നേരിടേണ്ടി വന്നെങ്കിലും മനക്കരുത്തും വിശ്വാസവും ഊട്ടിയുറപ്പിച്ചു മുന്നോട്ടു പോകാൻ കഴിഞ്ഞു എന്ന് വീട്ടുകാരും വീടിന്റെ ശിൽപി കൂടിയായ ഷിന്റോയും പറയുന്നു.

സിറ്റൗട്ട്, ലിവിങ് റൂം, ഫാമിലി ലിവിങ് റൂം, ഡൈനിങ് റൂം, കിച്ചൻ, വർക്ക് ഏരിയ, താഴെ നിലയിൽ 2 ബെഡ്‌റൂം, മുകളിൽ അപ്പർ ലിവിങ്, ബാൽക്കണി, ഒരു കിടപ്പ്മുറി, ഓപ്പൺ ടെറസ് എന്നിങ്ങനെയാണ് സൗകര്യങ്ങളെ വിന്യസിച്ചിട്ടുള്ളത്.

മിനിമലിസം
ബോക്സ് ടൈപ്പ് ഡിസൈനാണ് എലിവേഷന്റെ ഭംഗി. കണ്ടംപ്രററി ശൈലിയും മിനിമലിസവുമാണ് ആകെ പിന്തുടർന്നിരിക്കുന്നത്. വിദേശത്താണ് ജോലി അതിനാൽ വർഷത്തിൽ ഒരിക്കലേ നാട്ടിൽ താമസമുള്ളു. പരിപാലനം കുറവുള്ള രീതികളും നയങ്ങളുമാണ് ആകെ നൽകിയിട്ടുള്ളത്.

പ്ലോട്ടിലുണ്ടായിരുന്ന കിണറിനെ മോഡിഫൈ ചെയ്തു. ഡൈനിങ്ങിൽ നിന്ന് ഇറങ്ങാൻ പാകത്തിന് ഒരു ഓപ്പണിങ്ങും കൊടുത്തു. ഇവിടെ ചെറിയൊരു പെബിൾകോർട്ടും ഗ്രീനറിയൊക്കെ നൽകി. പർഗോളയും, ഓപ്പൺ ഗ്ലാസും ഗ്രില്ലും എല്ലാം ഇവിടെ സെന്റർ ഓഫ് അട്രാക്ഷൻ ആക്കിത്തീർത്തു. ഡൈനിങ്ങിനോട് ചേർന്നു തന്നെ ഒരു പൂജാമുറിയും കാണാം.

പരിപാലനം എളുപ്പമാക്കി
ക്ലീൻ ഫീൽ പ്രദാനം ചെയ്യുന്ന അകത്തളങ്ങളാണ് വീടിന്റെ സവിശേഷത. ഡ്രോയിങ് റൂമിൽ സിമന്റ് ടെക്സ്ചർ പാനലിങ് നൽകി ഭിത്തി ഹൈലൈറ്റ് ചെയ്തു.

ഡബിൾ ഹൈറ്റ് സ്പേസിലാണ് ഫാമിലി ലിവിങ്. സ്റ്റെയറിന് താഴെയാണ് ഫാമിലി ലിവിങ് വരുന്നത്. ടി.വി യൂണിറ്റിനും ഇവിടെ ഇടം നൽകി. സ്റ്റെയറിനും ഫാമിലി ലിവിങ്ങിനും ഇടയിലായിട്ടാണ് ടി.വി യൂണിറ്റ്. അതിനാൽ പാർട്ടീഷനായും ഇത് വർത്തിക്കും വിധം ടി.വി യൂണിറ്റ് ഹൈലൈറ്റ് ചെയ്തു.

പരിപാലനം എളുപ്പമാക്കുന്നതിന് വേണ്ടി പരമാവധി ശ്രമിച്ചുകൊണ്ടുള്ള ഡിസൈൻ രീതികളാണ് ഇന്റീരിയറിന്റെ സവിശേഷത. മറ്റൊരു ആവശ്യങ്ങളും ക്ലൈന്റ് ഡിസൈനറോട് ആവശ്യപ്പെട്ടിരുന്നില്ല.

ഉപയുക്തതയോടെ കൂട്ടിയിണക്കലുകൾ
സൗകര്യങ്ങളെല്ലാം മിനിമലിസം എന്ന ആശയത്തിലൂന്നി പ്രാവർത്തികമാക്കി. ഇതെല്ലാം സൗന്ദര്യത്തികവോടെ ഒരുക്കി. കാറ്റിനും വെട്ടത്തിനും തുല്യ പ്രാധാന്യം നൽകിക്കൊണ്ടാണ് ജനലുകളുടെ സ്ഥാനവും പർഗോളയും എല്ലാം നൽകിയിരിക്കുന്നത്. ന്യൂട്രൽ നിറങ്ങളാണ് ആകെ പിന്തുടർന്നിരിക്കുന്നത്.

ബെഡ്‌റൂമുകളിൽ മാത്രമാണ് നിറങ്ങളുടെ സാനിദ്ധ്യം കൊണ്ടുവന്നിരിക്കുന്നത്. കിടപ്പുമുറികളിൽ ഹെഡ്റെസ്റ്റിന്റെ ഭാഗം ഹൈലൈറ്റ് ചെയ്യുന്നതിനായി ഡിസൈൻ എലമെന്റുകൾ നൽകിയത് മുറികളുടെ ഭംഗി ഇരട്ടിപ്പിക്കുന്നു. ശാന്തവും സുന്ദരവുമായ മനസിന് കുളിർമ്മ നൽകുന്ന ഇളം നിറങ്ങളാണ് കിടപ്പുമുറികളിൽ നൽകിയിട്ടുള്ളത്. വലിയ ജനാലകൾ മുറികളെ പ്രകാശപൂരിതമാക്കുന്നു. റോളർ ബ്ലൈന്റുകൾ വെളിച്ചത്തെ ക്രമീകരിക്കുന്നു.

മുകൾ നിലയിൽ അപ്പർ ലിവിങ് സ്പേസും, ബാൽക്കണിയും ഒരു ബെഡ്‌റൂമും കൊടുത്തു. മുകളിലേക്കുള്ള സ്റ്റെയർകേസിന് ജി.ഐ ട്യൂബാണ് കൊടുത്തിട്ടുള്ളത്. ജി.ഐ ട്യൂബും എം.എസ് റോഡും ഉപയോഗിച്ച് ഫാബ്രിക്കേറ്റ് ചെയ്ത് അതിൽ ബ്ലാക്ക് പെയിന്റ് നൽകി. അവിടെ മുകളിലായി ചെറിയൊരു പർഗോള നൽകിയതു കാണാം.

വെളിച്ചം ഉള്ളിലേക്ക് എത്തിക്കുക എന്നൊരു ആശയമാണ് നൽകിയത്. ചെക്ക് പാറ്റേണിലാണ് ഇത് ഡിസൈൻ ചെയ്തത്. ഇതേ പാറ്റേൺ തന്നെ വീടിന്റെ എലിവേഷനിലും ഫീച്ചറായി കൊടുത്തിട്ടുണ്ട്. ഇതൊരു നീളമുള്ള പ്ലോട്ടായതിനാൽ എലിവേഷനിലും ഇത് പ്രകടമാണ്. ഷോവാളും ജി.ഐ ട്യൂബ് പർഗോളയും എല്ലാം ഡിസൈൻ എലമെന്റായി വർത്തിക്കുന്നു.

ഇങ്ങനെ എല്ലാ സൗകര്യങ്ങളും കോർത്തിണക്കി ഒരൊറ്റ വാക്യത്തിൽ പറഞ്ഞാൽ മിനിമലിസ്റ്റിക് നയത്തിലൂന്നി പരിപാലനം എളുപ്പമാക്കികൊണ്ട് ക്ലൈന്റിന്റെ ഇഷ്ടങ്ങളെല്ലാം പൂർത്തിയാക്കാനായി എന്ന് നിസംശയം വീടിന്റെ ശില്പി പറയുന്നു.

Client - Arun Kumar
Location - Kidangoor, Angamaly
Plot - 9.5 cent
Area - 2300 Sq ft

Design - Shinto Varghese
Concepts Design Studio,
Kochi
Phone - 98958 21633