
ഈ വീടൊരു തണൽ മരമാണ്. പ്രകൃതിയുടെ പ്രതിഭാസങ്ങൾക്കനുസരിച്ച് സ്വഭാവികമായി ക്രമീകരിക്കപ്പെടുന്ന അകത്തളമാണ് ഈ ഭവനത്തിന്റെ പ്രത്യേകത. ദൈനംദിന ജീവിതാവശ്യങ്ങൾക്കും ഒപ്പം സ്വസ്ഥ ജീവിതത്തിനും ഇണങ്ങും വിധത്തിലാണ് ഈ പാർപ്പിടത്തിന്റെ സംരചനയും സാക്ഷാത്കാരവും നിർവ്വഹിച്ചിരിക്കുന്നത് ഏട്രിയം അസ്സോസിയേറ്റ്സ് ആണ്. നാഷിദ്, നിയാസ്, തസ്ലി, അൻസാർ, മുഹമ്മദ് നിയാസ് എന്നിവരാണ് ഏട്രിയത്തിന്റെ സാരഥികൾ. കോട്ടയ്ക്കലും പയ്യന്നൂരുമാണ് ഏട്രിയത്തിന്റെ ഓഫീസുകൾ.
മലപ്പുറം പുത്തനത്താണിയിലാണ് ഈ വീട്. അജ്മലിനും കുടുംബത്തിനുമായി തയ്യാറാക്കിയിരിക്കുന്നതാണ് ഈ പാർപ്പിടം. ഏഴ് സെന്റിന്റെ പ്ലോട്ടിൽ 1800 ചതുരശ്രയടി വിസ്തീർണത്തിലാണ് സൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, നാല് കിടപ്പുമുറികൾ എന്നിവയാണ് രണ്ട് നിലകളിലായി സജ്ജീകരിച്ചിരിക്കുന്നത്.
കോംപൗണ്ട് വാൾ കൊണ്ട് വേർതിരിച്ചിട്ടുണ്ട് പ്ലോട്ട്. ദീർഘചതുരാകൃതിയിലാണ് പ്ലോട്ട്. മുറ്റത്ത് തന്തൂർസ്റ്റോൺ പാകിയിരിക്കുന്നു. കണ്ടംപ്രററി മാതൃകയിലാണ് ബാഹ്യരൂപം. വീടിനെ ആകർഷകമാക്കുന്നത് നാടൻ ഇഷ്ടികകൊണ്ട് പ്രത്യേക പാറ്റേണിലുള്ള എക്സ്റ്റീരിയർ വാളാണ്. ഒരു ഷോ വാൾ എന്നതിനപ്പുറം വീടിന് ശ്വസിക്കാനും കഴിയും വിധത്തിലാണ് എക്സ്റ്റീരിയർ വാൾ. ഡബിൾ ഹൈറ്റിലുള്ള ഗ്രിൽവാൾ ജാലകങ്ങൾക്ക് പകരമാണ്. ടഫൻഡ് ഗ്ലാസാണ് ഇതിനുള്ളിൽ. കോളം സ്ട്രക്ച്ചറിനൊപ്പം ലാട്രൈറ്റും കൊണ്ടാണ് വീടിന്റെ രൂപഘടന. കാന്റിലിവർ കാർപോർച്ചാണ് വീട്ടിൽ. ലളിത മാതൃകയിലാണ് വീടിന്റെ അകവും പുറവും ഒരുക്കിയിരിക്കുന്നത്.
പൂമുഖത്ത് ലെതർ ഫിനിഷ്ഡ് ഗ്രാനൈറ്റാണ്. സോളിഡ് വുഡിലാണ് പൂമുഖ വാതിൽ. തുറന്ന നയത്തിലാണ് അകത്തളം. ഇടങ്ങൾ തമ്മിൽ വേർതിരിവ് നൽകിയിട്ടുണ്ട് . ഗ്രിൽവാൾ വഴിയെത്തുന്ന വെളിച്ചം സ്വീകരണ മുറി വഴി ഇന്റീരിയറിൽ എല്ലായിടത്തേക്കും എത്തുന്നുണ്ട്.
ലിവിങും ഡൈനിങ്ങും വേർതിരിക്കുന്ന പ്ലൈവുഡ് മൈക്ക ലാമിനേഷനിലുള്ള പാർട്ടീഷൻ വഴിയാണ്. ഭിത്തിയിൽ ടെക്സ്ച്ചർ ഫിനിഷാണ്. വിട്രിഫൈഡ് ടൈൽ കൊണ്ടാണ് ഫ്ലോറിങ്. ഡൈനിങ്ങിലാണ് ടി.വി ക്രമീകരിച്ചിരിക്കുന്നത്.
ഡൈനിങ്ങിനോട് ചേർന്ന് തന്നെയാണ് ഡ്രൈ കോർട്ടിയാർഡ്. ഇവിടെയാണ് വാഷ് ഏരിയ ക്രമീകരിച്ചിരിക്കുന്നത് . സ്കൈലൈറ്റ് നൽകി സ്വഭാവിക പ്രകാശം ഇന്റീരിയറിലേക്ക് എത്തിക്കുന്നു. ഇവിടെ തന്നെ എക്സ്റ്റീരിയർ ഫർണിച്ചർ ക്രമീകരിച്ച് പത്രം വായനയ്ക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്. എം.എസും ഗ്ലാസും കൊണ്ടാണ് കോർട്ടിയാർഡിന്റെ റൂഫ്.
ആധുനിക സൗകര്യങ്ങളെല്ലാമുള്ള ഒരു പാരലൽ കിച്ചനാണ് ഇവിടെ. വുഡ്, പ്ലൈവുഡ്, മൈക്ക ലാമിനേഷൻ എന്നിവയാണ് കിച്ചൻ കബോർഡുകൾ . കൗണ്ടറിൽ ഗ്രാനൈറ്റാണ്. അടുക്കളയുടെ ചുമരുകളിൽ ടൈലാണ്.
വിശാലമായിട്ടാണ് കിടപ്പുമുറികൾ. പ്ലൈവുഡ്, വുഡ്, ലാമിനേറ്റ് എന്നിവയിലാണ് കിടപ്പുമുറികളിലെ ഫർണിച്ചർ. അറ്റാച്ചിഡ് ബാത്ത്റൂമും ഡ്രസിങ് സ്പേസും വാർഡ്രോബും കിടപ്പുമുറികളുടെ ഭാഗമാണ്. ഇരുനിലകളിലും രണ്ട് വീതം കിടപ്പുമുറികളാണ് ക്രമീകരിച്ചിരിക്കുന്നത്. സിമന്റ് ബോർഡ്, പ്ലൈവുഡ്, മൈക്ക, ജിപ്സം എന്നിവ കൊണ്ടാണ് സീലിങ്. ചെറിയ ജനലുകൾക്ക് റോമൻ ബ്ലെന്റും വലിയ ജാലകങ്ങൾക്ക് ഐലറ്റ് കർട്ടനുമാണ് നൽകിയിരിക്കുന്നത്.
ചെറിയ പ്ലോട്ടിലും വിശാല സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. സ്വഭാവിക വെളിച്ചവും കാറ്റും പരമാവധി വീട്ടകത്തേക്ക് എത്തിക്കണമെന്നതായിരുന്നു കുടുംബാംഗങ്ങളുടെ ആഗ്രഹം. അതിന് അനുസരിച്ചാണ് വീടിന്റെ രൂപകല്പനയും ഇന്റീരിയർ ക്രമീകരണവും നടത്തിയിരിക്കുന്നത്. വീടൊരു ചൂളയായി മാറാതെ ചൂള മടിച്ചെത്തുന്ന കാറ്റിനേയും വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നതാണ് ഈ വീടിന്റെ സവിശേഷത.
Client - Ajmal
Location - Puthanathani, Malappuram
Plot - 7 cent
Area - 1800 sqft
Design - Ansar Thaikadan, Thasli Kareechiyil
Mohammed Niyas Koleth, Nashid Ali T K, Niyas Paroli
Atreum Associates,
Kottakkal & Payyannur
Phone - 75106 66801 / 85474 40077