സ്ഥല പരിമിതി ഒരു പ്രശ്നമാകാതെ

This article has been viewed 1129 times
4 സെൻറ് പ്ലോട്ടിലാണ് വീടിരിക്കുന്നത്. 2300 സ്‌ക്വർ ഫീറ്റിലാണ് ആവശ്യങ്ങളെല്ലാം നിവർത്തിച്ചിരിക്കുന്നത്. പ്ലോട്ട് കുറവാണെങ്കിലും അതൊന്നും ആവശ്യങ്ങൾ വേണ്ടവിധം ക്രമീകരിക്കാൻ തടസ്സമുണ്ടായില്ല. തൃപ്പുണിത്തുറ എരൂരിൽ സ്ഥിതി ചെയ്യുന്ന ഈ വീട് ഉണ്ണികൃഷ്ണന്റെയും കുടുംബത്തിന്റെയുമാണ്. അനാവശ്യമായ കൂട്ടിയിണക്കലുകളോ പ്രൊജക്ഷനുകളോ ഒന്നുമില്ലാതെ സിംപിൾ ആൻഡ് യൂണിക് ഫോർമാറ്റിലാണ് എലിവേഷൻ. സമകാലീന ശൈലിയുടെ പൂരകങ്ങളായ ബോക്സ് ടൈപ്പ് ഡിസൈൻ തന്നെയാണ് ഈ വീടിന്.

കേരളത്തിലെ കാലാവസ്ഥ കണക്കിലെടുത്ത് മഴവെള്ളം ഒഴുകി പോകാനുള്ള സംവിധാനം വീടിന് അഭംഗിയാകാത്ത വിധം ക്രമീകരിച്ചു. വെട്ടത്തിന് സ്വാഗതമരുളാൻ വേണ്ടി നൽകിയ ഗ്ലാസിന്റെ ചാരുത എലിവേഷനിൽ തന്നെ ദൃശ്യമാണ്. സ്ട്രക്ച്ചറിന്റെ ഡിസൈൻ പാറ്റേൺ തന്നെ കോംപൗണ്ട് വാളിനും ഏർപ്പെടുത്തിയിരിക്കുന്നത് കാണാം. വെളിച്ചത്തിന് പ്രാധാന്യം നൽകി ഡബിൾ ഹൈറ്റ് ഏരിയ നൽകിയത് സിറ്റൗട്ടിലും കാണാം.

പ്രധാന വാതിൽ തുറന്ന് നേരേ കയറുന്നത് ഫോയർ സ്പേസിലേക്കാണ്. ഫോയറിന്റെ വലതു വശത്തായാണ് ലിവിങ് റൂം. ഇടതു വശത്ത് ഡൈനിങ് റൂം കൂടാതെ ഒരു പൂജാ സ്പേസ് എന്നിങ്ങനെയാണ് ഉൾത്തള വിന്യാസങ്ങൾ. പാർട്ടീഷൻ നൽകിക്കൊണ്ടാണ് ഏരിയകളെ തമ്മിൽ വേർതിരിച്ചിരിക്കുന്നത്. ലിവിങ് റൂമിലും ഡൈനിങ് റൂമിലും നൽകിയിട്ടുള്ള ഫർണീച്ചറുകളെല്ലാം റെഡിമെയ്‌ഡാണ്. ബാക്കി ചെയ്തിരിക്കുന്ന കബോർഡുകൾ, പൂജാ സ്പേസ് വർക്കുകൾ, കട്ടിൽ, വാഡ്രോബ് ഇതെല്ലാം സൈറ്റിൽ തന്നെ ഡിസൈൻ ചെയ്ത് എടുത്തവയാണ്.

ലിവിങ് റൂമിൽ ടിവി യൂണിറ്റുള്ള ഭിത്തി വാൾപേപ്പർ നൽകി ഹൈലൈറ്റ് ചെയ്തിരിക്കുന്നു. റാക്കുകൾ നൽകി ക്യൂരിയോസിനും സ്ഥാനം നൽകിയിരിക്കുന്നത് കാണാം. സീലിങ്ങിലെ വർത്തുളളാകൃതിയുടെ കട്ടിങ്ങും അതിനുള്ളിലെ ലൈറ്റ് ഫിറ്റിങ്ങും പ്രത്യേകതയാണ്.

ഡൈനിങ് ഏരിയ ഡബിൾ ഹൈറ്റ് സ്പെസിലാണ്. ഇവിടെ നീളൻ ജനാലകൾ നൽകിയത് കൂടാതെ മുകളിലും ഗ്ലാസിന്റെ ഓപ്പണിങ് നൽകി വെളിച്ചത്തെ ഉള്ളിലേക്കെത്തിക്കുന്നുണ്ട്.

ഡൈനിങ്ങിനോട് ചേർന്ന് തന്നെയാണ് കിച്ചൺ. കുറഞ്ഞ സ്പേസിൽ കോംപാക്റ്റ് ഡിസൈൻ രീതിയാണിവിടെ. കൗണ്ടർ ടോപ്പിന് വൈറ്റ് മാർബിളാണ് നൽകിയത്. ചെറിയ സ്പേസിലായതുകൊണ്ടു തന്നെ വൈറ്റ് കളർ ലാമിനേറ്റ്സ് ഉപയോഗിച്ചതിനാൽ സ്‌പേഷ്യസായി തോന്നുകയും ചെയ്യും. ലാമിനേറ്റഡ് പ്ലൈവുഡ് ഷട്ടറുകളാണിവിടെ. കിച്ചനോട് ചേർന്നുതന്നെ ഒരു വർക്ക് ഏരിയയ്ക്കും സ്ഥാനം നൽകിയിട്ടുണ്ട്.

ലിവിങ്ങിന്റെ വലതു വശത്തായാണ് സ്റ്റെയർകേസ്. സ്റ്റെയർകേസിന്റെ സ്റ്റെപ്പിന് ലപ്പോത്രാ ഗ്രാനൈറ്റാണ്. ഹാൻഡ് റെയ്‌ലിന് വുഡും ഗ്ലാസ്സും ഉപയോഗിച്ചു. മുകളിൽ 2 ബെഡ്‌റൂം കൂടാതെ അപ്പർ ലിവിങ്ങും യൂട്ടിലിറ്റി റൂമും നൽകിയിരിക്കുന്നു. അപ്പർ ലിവിങ്ങിൽ നിന്നും താഴത്തെ ഡൈനിങ്ങിലേക്ക് കാഴ്ച എത്തും വിധമാണ് കൊടുത്തത്. ഇവിടെ നിന്നും പുറത്തേക്ക് ഒരു ബാൽക്കണിയും കൊടുത്തു.

താഴെ ഒരു ബെഡ്‌റൂമും മുകളിൽ 2 ബെഡ്‌റൂമും ആണ് ഉള്ളത്. യൂണിക് ഡിസൈൻ ഫോർമാറ്റിലാണ് 3 കിടപ്പുമുറികളും സജ്ജീകരിച്ചിട്ടുള്ളത്. എല്ലാ മുറികളിലും വാഡ്രോബ് യൂണിറ്റുകളും ഏർപ്പെടുത്തി. പരമാവധി സ്റ്റോറേജ് യൂണിറ്റുകളും ഉൾപ്പെടുത്തി.

ഇങ്ങനെ വീട്ടുകാരുടെ ആവശ്യങ്ങളെല്ലാം അവർ ആഗ്രഹിച്ചതിലും ഒരുപിടി മുന്നിൽ നിവർത്തിച്ചു കൊണ്ടുള്ള ഡിസൈൻ രീതികളാണ് വീടിന്റെ അകം പുറം കാണാനാവുക. 4 സെൻറ് എന്ന സ്ഥല പരിമിതിയെ മറികടക്കും വിധമാണ് എല്ലാം ഉൾക്കൊള്ളിച്ചിരിക്കുന്നതെന്ന് വീടിന്റെ ശില്പിയായ ആർക്കിടെക്റ്റ് സുജിത് കെ നടേഷ് പറയുന്നു.തയ്യാറാക്കിയത് - രശ്മി അജേഷ്

ക്ലൈൻറ്റ് - ഉണ്ണികൃഷ്ണൻ, വരുണ
സ്ഥലം - എരൂർ, തൃപ്പുണിത്തറ
പ്ലോട്ട് - 4 സെൻറ്
വിസ്തീർണം -2300 സ്ക്വർ ഫീറ്റ്

ഡിസൈൻ - സുജിത് കെ നടേഷ്
സൻസ്കൃതി ആർക്കിടെക്സ്, എരൂർ, തൃപ്പുണിത്തറ
ഫോൺ : 94959 59889