
ഈ വീട് സമകാലിക ശൈലി കൈവരിച്ചിരിക്കുന്നത് ബോക്സ് മാതൃകയിലുള്ള എലിവേഷനിലൂടെയാണ്. കോംപൗണ്ട് വാൾ മുതൽ തന്നെ ബോക്സ് മാതൃകയുടെ പ്രതിഫലനങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പാർപ്പിടത്തിന്റെ മുഖ്യ പ്രമേയമായ ചതുരജ്യാമിതി വീടിന്റെ സർവ്വകോണിലും കാണാം. കാലിക ജീവിത ശൈലിക്ക് ഇണങ്ങും വിധത്തിൽ ആധുനിക സാമഗ്രികൾ കൊണ്ട് ഈ ഭവനം സാക്ഷാത്കരിച്ചിരിക്കുന്നത് ആർക്കിടെക്റ്റ് വിനയ് മോഹനാണ്. കണ്ണൂർ കൂത്തുപറമ്പിലാണ് കണ്ടംപ്രററി നിർവ്വചനത്തിൽ തീർത്തിരിക്കുന്ന ഈ പാർപ്പിടം. സമീറാണ് ഈ വീടിന്റെ ഉടമസ്ഥൻ.
ആധുനിക ശൈലിയും സാമഗ്രികളും സൗകര്യങ്ങളും ഉൾകൊള്ളുന്ന വീട്. അഞ്ച് കിടപ്പുമുറി, മുകളിലും താഴെയും കുടുംബാംഗങ്ങൾക്ക് ഒത്തുചേരുന്നത്തിനുള്ള സൗകര്യം കുടുംബനാഥനായ സമീറിന്റെ ആഗ്രഹം ഇതായിരുന്നു. ടൈൽ ക്ലാഡിങും, മെറ്റൽ ഫ്രെയിമിൽ ഗ്ലാസ് വിരിച്ചുള്ള ടെറസ് റൂഫ്, ബോക്സ് ടൈപ്പ് എലിവേഷൻ എന്നിവയാണ് വീടിന് കാലിക ഭാവം പകരുന്നത്.
പതിനഞ്ച് സെന്റിന്റെ പ്ലോട്ടിൽ 3625 ചതുരശ്രയടി വിസ്തീർണത്തിലാണ് വീട്. പൂമുഖം, ഫോയർ, സന്ദർശക മുറി, ഫാമിലി ലിവിങ്, ഡൈനിങ്, പ്രയർ റൂം, കിച്ചൻ, രണ്ട് കിടപ്പുമുറി എന്നിവയാണ് ഗ്രൗണ്ട് ഫ്ലോറിൽ. മുകൾ നിലയിൽ മൂന്ന് കിടപ്പുമുറിയും, ഫാമിലി സിറ്റിങ്ങും, റൂഫ് ഗാർഡനുമാണ് ഒരുക്കിയിരിക്കുന്നത്. ഹാർഡ് സ്കേപ്പും സോഫ്റ്റ് സ്കേപ്പും പ്രത്യേകം ചെയ്താണ് ലാന്റ്സ്കേപ്പ് തീർത്തിരിക്കുന്നത്.
പൂമുഖത്ത് ബ്ലാക്ക് ഗ്രാനൈറ്റാണ്. ഭിത്തിയിൽ നാച്വറൽ സ്റ്റോൺ ക്ലാഡിങ്ങും. സീലിങ്ങിൽ വെനീർ ബോക്സ് ഫിനിഷാണ്. സിന്തറ്റിക് ഗ്രാസിലാണ് ഇരിപ്പിടങ്ങൾ ഇട്ടിരിക്കുന്നത്. പൂമുഖത്തിന് സ്വകാര്യതയ്ക്കായി ഒരു ഷോ വാളും ക്രമീകരിച്ചിട്ടുണ്ട്.
ഫോയറിന് ഇരുവശത്തുമാണ് സന്ദർശക മുറിയും സ്വീകരണ മുറിയും. ജിപ്സം വെനീർ മിക്സിലാണ് ഈ വീട്ടകത്ത് മുഴുവൻ ഭാഗത്തും സീലിങ് ചെയ്തിരിക്കുന്നത്. വുഡൻ ടൈൽ ഫ്ലോറിങ്ങാണ് സ്വീകരണ മുറിയിലും ഫാമിലി ലിവിങ്ങിലും. ഫാമിലി ലിവിങ്ങിലാണ് ടി.വി യൂണിറ്റ് ക്രമീകരിച്ചിരിക്കുന്നത്. സന്ദർശക മുറിയിൽ പരമാവധി വെന്റിലേഷൻ സൗകര്യങ്ങൾ തുറന്നിട്ടാണ് ഇന്റീരിയറിന്റെ ക്രമീകരണം.
ഊണുമുറി വിശാലമായിട്ടാണ്. മുകൾ നിലയിലേക്കുള്ള ഗോവണിയും കിടപ്പുമുറികളിലേക്കുള്ള പാസേജും വാഷ് ഏരിയയും കിച്ചണിലേക്കുള്ള പ്രവേശനവും ഊണിടത്തിൽ നിന്നാണ്. ഡൈനിങ്ങിലെ വിശാലമായ വാതിൽ തുറന്നിട്ടാൽ പാഷ്യോയിലേക്ക് എത്താം. പേവിങ് ടൈലും പുല്ലും പൂച്ചെടികളും ഈ ഭാഗം കൂടുതൽ ലൈവാക്കുന്നു. മെറ്റൽ ഫ്രെയിമിൽ ഗ്ലാസിട്ടാണ് ഈ ഭാഗം സുരക്ഷിതമാക്കിയിരിക്കുന്നത്. സ്റ്റെയറിനടിയിൽ സ്റ്റോറേജ് സൗകര്യവും കംപ്യൂട്ടറിനും ഇടം നൽകി. ഗ്ലാസും വുഡും കൊണ്ടാണ് സ്റ്റെയറിന്റെ റെയിൽ. സ്റ്റെയർ വാൾ ടെക്സ്ച്ചർ പെയിന്റ് ചെയ്താണ് സുന്ദരമാക്കിയിരിക്കുന്നത്.
സ്റ്റെയർ കയറി എത്തുന്നത് അപ്പർ ലിവിങ്ങിലേക്കാണ്. ഊഞ്ഞാൽ ഇരിപ്പിടവും സോഫയും സീലിങ്ങിന്റെ സവിശേഷതകളും അപ്പർ ലിവിങ്ങിനെ ആകർഷകമാക്കുന്നു. സ്കൈലൈറ്റ് എത്തിക്കുന്നതിനുള്ള സംവിധാനം ഇരുനിലകളിലും ഒരുപോലെ പ്രകാശം പരത്തുന്നു.
ഒരു ഐലന്റ് കിച്ചനാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. മാറ്റ് ഫിനിഷ് വിട്രിഫൈഡ് ടൈലാണ് ഫ്ലോറിൽ. സീലിങ്ങിന് ജിപ്സമാണ്. ഭിത്തിയിൽ വാൾ ടൈൽ പതിച്ചിരിക്കുകയാണ്. ക്യാബിനറ്റുകൾ ഫിനിഷ് ചെയ്തിരിക്കുന്നത് വൈറ്റ് പി.യു കൊണ്ടാണ്. വർക്ക് ടോപ്പ് കൊറിയൻ സ്റ്റോൺ ആണ്. മറ്റു മുറികൾ പോലെ തന്നെ അടുക്കളയും വിശാലമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.
രണ്ട് നിലയിലും കൂടി അഞ്ച് കിടപ്പുമുറികളാണ് വീട്ടിലുള്ളത്. വൈറ്റ്-ബ്രൗൺ കോമ്പിനേഷനിലാണ് കിടപ്പുമുറി. കുട്ടികളുടെ മുറിയാണ് കൂടുതൽ കളർഫുൾ.ബാത്ത് അറ്റാച്ചിഡ് സൗകര്യത്തോട് കൂടിയതാണ് കിടപ്പുമുറികളെല്ലാം. ഹെഡ് ബോർഡും സീലിങും സോഫ്റ്റ് ഫർണിഷിങ്ങുമാണ് കിടപ്പുമുറികൾ ആകർഷകമാക്കുന്നത്.
കുടുംബാംഗങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന സ്ഥലമാണ് ടെറസ് ഗാർഡൻ. മെറ്റൽ ഫ്രെയിമിൽ ടഫൻഡ് ഗ്ലാസിട്ടാണ് ടെറസ് ഗാർഡന്റെ റൂഫ്. മാറ്റ് ഫിനിഷ് വിട്രിഫൈഡ് ടൈലും സിന്തെറ്റിക് ഗ്രസുമാണ് ടെറസ് ഗാർഡന്റെ ഫ്ലോറിൽ. ഭിത്തിയിൽ വാൾ ടൈൽ ക്ലാഡിങ്ങാണ്. ഗ്ലാസിലാണ് പാരപ്പറ്റ് വാൾ തീർത്തിരിക്കുന്നത്.
അടിമുടി ആധുനികമാണ് ഈ വീട്. കോംപൗണ്ട് വാൾ മുതൽ വീടിന്റെ ഓരോ കോണിലും കാലിക നിർവ്വചനം കൃത്യമായി സമ്മേളിപ്പിച്ചിരിക്കുന്നു. ഡിസൈനിങ്ങിലും സാക്ഷാത്കാരത്തിലും സാമഗ്രികളുടെ തെരഞ്ഞെടുപ്പിലും ആർക്കിടെക്റ്റ് പുലർത്തിയിരിക്കുന്ന സൂഷ്മതയാണ് ഈ വീടിനെ തികച്ചും കാലികമാക്കുന്നത്.
Client - Sameer
Location - Koothuparamba, Kannur
Plot - 15 cent
Area - 3625 sq ft
Design - Ar. Vinay Mohan
VM Architects, Kozhikode
Phone - 96338 22771