
ദൂരകാഴ്ചയിൽ ഈ വീട് കണ്ടാൽ ഒറ്റ നിറത്തിലുള്ള ഒരു വലിയ ബോക്സ് ആണെന്നേ തോന്നുകയുള്ളു. സമീപ ദൃശ്യത്തിൽ പല വലിപ്പത്തിലുള്ള ചതുരപ്പെട്ടികൾ അടുക്കി വെച്ചിരിക്കുന്നതുപോലെ തോന്നൂ. മലപ്പുറം മഞ്ചേരിയിലുള്ള നിഷാദിന്റെ വീടിനെ ആകർഷകമാക്കുന്നത് ശുഭ്ര വർണത്തിന്റെ നൈർമല്യമാണ്. ഈ ഇരുനില വീടിന്റെ അകത്തും പുറത്തും വെള്ള നിറമല്ലാതെ മറ്റൊന്നും പൂശിയിട്ടില്ല.
സമകാലിക ശൈലിയിലുള്ള ഡിസൈനും ശുഭ്ര വർണവും ഈ വീടിനെ കാഴ്ചക്കാരുടെ ഹൃദയത്തിലാണ് കുടിയിരുത്തുന്നത്. മഞ്ചേരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വി.എം ബിൽഡേഴ്സിലെ ഡിസൈനർ വി.എം ഷഫീഖ് അലിയാണ് വീടിന്റെ രൂപകല്പനയും സാക്ഷാത്കാരവും നിർവ്വഹിച്ചിരിക്കുന്നത്.
പതിനൊന്ന് സെന്റ് സ്ഥലത്താണ് 1800 ചതുരശ്രയടി വിസ്തീർണത്തിലുള്ള വീട്. പല സൈസിലുള്ള ചതുരപ്പെട്ടികൾ അടുക്കിയത് പോലുള്ള വീടിന്റെ ബാഹ്യാകൃതി വളരെ ലളിതമാണ്. പ്രത്യേകം സ്ഥലം മാറ്റി വയ്ക്കാതെ വീടിന്റെ ഭാഗമായി തന്നെയാണ് കാർപോർച്ച്. ജി.ഐ ഇൻഡസ്ട്രിയൽ വർക്കും അതിനു മുകളിൽ ഗ്ലാസും ഉപയോഗിച്ചാണ് പോർച്ചിന്റെ റൂഫ്.
ജനൽ ഷെയിഡുകളൊക്കെ ദീർഘ ചതുരാകൃതിയിലാണ്. ജനലുകൾ ഡബിൾ ഹൈറ്റിലാണ്. വാതിലിൻെറയും ജനലിന്റെയും ഫ്രെയിം തീർത്തിരിക്കുന്നത് മലേഷ്യൻ ഇരുളിലും ഷട്ടർ മഹാഗണിയിലുമാണ്. പ്രാദേശികമായി കിട്ടുന്ന ചെങ്കല്ലിലാണ് വീടിന്റെ സ്ട്രെക്ച്ചർ. മുറ്റത്ത് ബേബി മെറ്റൽ വിരിച്ചിരിക്കുകയാണ്. തൊടിയിലുണ്ടായിരുന്ന വൃക്ഷങ്ങൾ നിലനിർത്തിയാണ് ഗൃഹനിർമാണം നടത്തിയിരിക്കുന്നത്.
പൂമുഖം, ലിവിങ്, ഡൈനിങ്, കിച്ചൻ, കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് വീട്ടകത്തെ സൗകര്യങ്ങൾ. ഗ്രാനൈറ്റ് സ്റ്റെപ്പുകളാണ് പൂമുഖത്തേക്ക്. പ്രധാന വാതിൽ തുറന്നെത്തുന്നത് സ്വീകരണ മുറിയിലേക്കാണ്. വെള്ള വിട്രിഫൈഡ് ടൈലാണ് ഇന്റീരിയറിൽ. സ്റ്റെയർകേസിൽ ഗ്രാനൈറ്റാണ്.
സ്വീകരണ മുറി തികച്ചും ഫങ്ങ്ഷണലാണ്. സോഫയും കോഫി ടേബിളുമാണ് ഇവിടെ. സ്റ്റെയറിന്റെ സമീപത്താണ് ലിവിങ് സ്പേസ്. ഗോവണിയുടെ അടിഭാഗത്ത് സിന്തെറ്റിക് ഗ്രാസ് ഇട്ടിരിക്കുകയാണ്. ഡബിൾ ഹൈറ്റിലാണ് സ്വീകരണ മുറി. റൂഫിൽ പർഗോള നൽകി സ്കൈലൈറ്റ് എത്തിക്കുന്നു. വെർട്ടിക്കൽ പർഗോളയും, ഡബിൾ ഹൈറ്റ് വിൻഡോസും പർഗോളയും ഇന്റീരിയറിൽ ധാരാളം പകൽ വെളിച്ചമെത്തിക്കുന്നു.
ലിവിങും ഡൈനിങ്ങും ഓപ്പൺ കോൺസെപ്റ്റിലാണ്. വീടിന്റെ കാലിക ശൈലിക്ക് ചേരുന്ന വിധത്തിലാണ് ഊൺമേശയും ഇരിപ്പിടവും ഡിസൈൻ ചെയ്തിരിക്കുന്നത്. പഴയ ബെഞ്ചും ഡെസ്ക്കും കോൺസെപ്റ്റിന്റെ ഒരു മോഡേൺ നിർവ്വചനത്തിലാണ് ഊൺമേശ. പ്ലൈവുഡ് വെനീറിലാണ് ഊൺമേശയും ഇരിപ്പിടങ്ങളും. വീട്ടിലെ എന്റർടെയിൻമെന്റ് ഏരിയയും ഇവിടെത്തന്നെ. പ്ലൈവുഡിൽ ചുമർ പാനൽ ചെയ്ത് വെനീർ ഫിനിഷ് നൽകിയാണ് ടി.വി സ്ഥാപിച്ചിരിക്കുന്നത്. സീലിങ്ങിൽ ജിപ്സമാണ്.
ഡൈനിങ്ങും കിച്ചനും തമ്മിൽ വേർതിരിക്കുന്നത് ഒരു സെമി ഓപ്പൺ പാർട്ടീഷനാണ്. പാചകത്തിനൊപ്പം ടി.വി കാണുന്നതിനും പാർട്ടീഷൻ സൗകര്യമൊരുക്കുന്നു. ഡൈനിങ്ങിനോട് ചേർന്ന് തന്നെ എന്നാൽ തികച്ചും സ്വകാര്യമായിട്ടാണ് വാഷ് ഏരിയ തീർത്തിരിക്കുന്നത്.
ഓപ്പൺ ശൈലിയിലുള്ളതാണെങ്കിലും സ്വകാര്യത നിലനിർത്തുന്നതാണ് കിച്ചൻ. പുറത്ത് നിന്നെത്തുന്നവർക്ക് എളുപ്പത്തിൽ കാണാൻ കഴിയില്ലെങ്കിലും അടുക്കളയിൽ ഉള്ളവർക്ക് സ്വീകരണ മുറിയിലെത്തുന്നവരെ കാണാവുന്നതാണ്. ആധുനിക പാചക സംവിധാനങ്ങളിലെല്ലാം സജ്ജമാക്കിയതാണ് അടുക്കള. ക്യാബിനറ്റുകൾ മൾട്ടിവുഡും പ്ലൈവുഡും ഇടകലർത്തിയാണ്. വെനീർ ഫിനിഷാണ് ക്യാബിനറ്റുകൾക്ക്.
സ്റ്റോറേജിന് ധാരാളം സ്ഥലം ലഭിക്കുന്നതിനായി ഓവർ ഹെഡ് ക്യാബിനറ്റും ബോട്ടം ക്യാബിനറ്റും ഒരുക്കിയിട്ടുണ്ട്. വർക്ക് ടോപ്പിന് നാനോ വൈറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. വാൾ ടൈലുകൊണ്ടാണ് ഭിത്തി സുന്ദരമാക്കിയിരിക്കുന്നത്. കിച്ചനിൽ ഫാമിലി ഡൈനിങ്ങിനുള്ള സൗകര്യവും നൽകിയിട്ടുണ്ട്. ഡൈനിങ് ഫർണിച്ചറിന്റെ ഒരു ചെറിയ പതിപ്പാണ് അടുക്കളയിൽ ഫാമിലി ഡൈനിങ്ങിൽ ഉപയോഗിച്ചിരിക്കുന്നത്.
ഇരുനിലകളേയും തമ്മിൽ ബന്ധിപ്പിക്കുന്നത് സ്റ്റെയർകേസാണ്. സ്റ്റെയറിന്റെ റെയിൽ തയ്യാറാക്കിയിരിക്കുന്നത് ഗ്ലാസും വുഡും ഉപയോഗിച്ചാണ്. സ്റ്റെയർ ലാന്റിങ്ങാണ് അപ്പർ ലിവിങ്ങാക്കി മാറ്റിയിരിക്കുന്നത്.
മൂന്ന് കിടപ്പുമുറികളാണ് വീട്ടിലുള്ളത്. ഫങ്ങ്ഷന് പ്രാമുഖ്യം നൽകിയാണ് ഇവ ഡിസൈൻ ചെയ്തിരിക്കുന്നത്. പ്ലൈവുഡ് വെനീറിലാണ് കട്ടിലും ഹെഡ് ബോർഡും സൈഡ് ടേബിളും വാർഡ്രോബുമൊക്കെ തയ്യാറാക്കിയിട്ടുള്ളത്. പരമാവധി വെന്റിലേഷൻ ഉറപ്പുവരുത്തിയാണ് ബെഡ്റൂം ഡിസൈൻ ചെയ്തിട്ടുള്ളത്.
വെള്ള നിറവും വെള്ള നിറത്തിലുള്ള സാമഗ്രികളും പരമാവധി സൂര്യപ്രകാശം ഇന്റീരിയറിലെത്തിക്കുന്നതും ഈ അകത്തളം പരമാവധി വിശാലമാക്കുന്നു. ഇടത്തരക്കാർക്ക് മാതൃകയാക്കാവുന്നതാണ് ഈ പാർപ്പിടം. 40 ലക്ഷം രൂപയുടെ ബഡ്ജറ്റിലാണ് ഈ വീടും വീട്ടകവും യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.
Client - Nishad
Location - Manjeri, Malappuram
Plot - 11 cent
Area - 1180 sqft
Design - V M Shafeeq Ali
V.M Builders, Manjeri
Phone - 85906 44406