
കണ്ടംപ്രററി സ്റ്റൈൽ, വീട്ടകത്ത് പരമാവധി കാറ്റും വെളിച്ചവും കിട്ടണം, അകത്ത് നല്ല സ്ഥല സൗകര്യം, വെള്ള നിറം കൂടുതലായിട്ട് ഉപയോഗിക്കണം. വീട്ടുടമസ്ഥരായ മുരളി-ബീന ദമ്പതികൾ ഡിസൈനർ സോണി സൂരജിനോട് ആവശ്യപ്പെട്ട ഭവന സങ്കല്പങ്ങൾ ഇവയായിരുന്നു. ക്ലൈന്റിന്റെ ഭവന മോഹങ്ങൾ ഒന്നൊഴിയാതെ സാക്ഷാത്കരിച്ചാണ് സോണി ഈ വീടിന്റെ ഡിസൈനിങ് നിർവ്വഹിച്ചിരിക്കുന്നത്. കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കാപ്പെല്ലിൻ പ്രൊജക്റ്റ്സിന്റെ ക്രീയേറ്റീവ് ഡയറക്ടർ ആണ് സോണി സൂരജ്.
വെൺചാരുത പൊതിഞ്ഞു നിൽക്കുന്ന വീട് അടിമുടി ആനുകാലികമാണ്. രാമനാട്ടുകരയിലാണ് ഈ വീട്. ഒമ്പത് സെന്റിന്റെ പ്ലോട്ടിലാണ് 2750 ചതുരശ്രയടി വിസ്തീർണത്തിലുള്ള വീട്. കോംപൗണ്ട് വാൾ കൊണ്ട് സുരക്ഷിതമാക്കിയ പ്ലോട്ടിലാണ് ഇരുനില വീട്. മുറ്റം മനോഹരമാക്കിയിരിക്കുന്നത് താന്തൂർ സ്റ്റോണിലാണ്. പൂമുഖപ്പടികൾ ഗ്രനൈറ്റിലും. ചതുര വടിവിലാണ് വീടിന്റെ അഴകളവുകൾ തീർത്തിരിക്കുന്നത്.
ജി.ഐ ഇൻഡസ്ട്രിയൽ വർക്കും ഗ്ലാസ് വാളുമാണ് എക്സ്റ്റീരിയർ സുന്ദരമാക്കുന്നത്. രണ്ട് നിലയിലും പകൽ വെളിച്ചമെത്തിക്കുന്നതിന് ഈ നീക്കം സഹായിച്ചു. ഭിത്തിയിൽ വാൾ ടൈൽ മുറിച്ചതും ക്ലാഡിങ് സ്റ്റോണും ഉപയോഗിച്ചിട്ടുണ്ട്. ബാൽക്കണിക്ക് ജി.ഐ കൊണ്ടൊരു ഗ്രിൽ കവറും റൂഫിൽ പര്ഗോളയും ഗ്ലാസ് സ്ലാബും നൽകിയിട്ടുണ്ട്. കാലിക ശൈലിക്കൊപ്പം ആധുനിക സാമഗ്രികളും ഉപയോഗിച്ചാണ് വീടിന്റെ എലിവേഷൻ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
സിറ്റൗട്ടിൽ നിന്ന് ഫോയർ വഴി സ്വീകരണ മുറിയിൽ എത്താം. സ്വീകരണ മുറി ഡബിൾ ഹൈറ്റിലാണ്. സീബ്ര ബ്ലൈന്റ് ആണ് ജാലകങ്ങൾക്ക്. പ്ലൈവുഡും വെനീറും കൊണ്ടാണ് ഭിത്തിയിൽ പാനലിങ്. ഫ്ലോറിൽ മാറ്റ് ഫിനിഷ്ഡ് വിട്രിഫൈഡ് ടൈലാണ്.
സ്വീകരണ മുറിക്കും സ്റ്റെയറിനും ഇടയിലുള്ള ഭാഗമാണ് നടുമുറ്റമാക്കി മാറ്റിയിരിക്കുന്നത്. നടുമുറ്റത്ത് ഒരു വാട്ടർ ബോഡിയാണ്. വെള്ളം ഒഴുകുന്നതിന് ഒരു കോൺക്രീറ്റ് ഡ്രോവറും ഒരുക്കിയിട്ടുണ്ട്. ഭിത്തിയിൽ വാൾ ടൈലാണ്. കോൺക്രീറ്റിൽ ടൈൽ പാകിയാണ് ചവിട്ട് പടി തീർത്തിരിക്കുന്നത്. അകത്തളത്തിൽ ഒരു ലൈവ് മൂഡ് ലഭിക്കുന്നതിന് ഈ വാട്ടർ ബോഡിയും ഫൗണ്ടെയിനും സഹായിക്കുന്നു.
ഫാമിലി ലിവിങ്ങാണ് വീട്ടിലെ എന്റർടെയിൻമെന്റ് ഏരിയ. റെക്സിൽ അപ്ഹോൾസ്റ്ററി ചെയ്ത ഇരിപ്പിടങ്ങളാണ് ഇവിടെ. ടി.വി യൂണിറ്റ് ഒരു പാർട്ടീഷനായി മാറുന്ന വിധത്തിലാണ്. ഫാമിലി ലിവിങ്ങിനോട് ചേർന്നാണ് പൂജ സ്പേസ്. ഇവിടെ ഫ്ലോറിൽ സിന്തെറ്റിക് ഗ്രാസ് ആണ്. വിശാലമായ ജാലകങ്ങളാണ് ഇവിടെ. വുഡിലും യു.പി.വി.സിയിലുമാണ് ജനലുകൾ തീർത്തിരിക്കുന്നത്.
നടുമുറ്റത്തിന് നേരെ എതിർഭാഗത്താണ് ഡൈനിങ് ഏരിയ. സോളിഡ് വുഡിൽ തീർത്തതാണ് ഡൈനിങ് ടേബിളും കസേരകളും. ടോപ്പിൽ ഗ്ലാസും ഇട്ടിട്ടുണ്ട്. വീടിന്റെ കാലിക ശൈലിക്ക് ഇണങ്ങുന്നതാണ് ഗൃഹോപകരണങ്ങളെല്ലാം. സ്റ്റോറേജ് സൗകര്യവും വാഷ് ഏരിയയും ഡൈനിങ്ങിന്റെ ഭാഗമായിട്ട് ഉണ്ട്. സീലിങ്ങിൽ ജിപ്സവും പ്ലൈവുഡും ആണ് ഉപയോഗിച്ചിരിക്കുന്നത്. സ്വീകരണ മുറിയും ഫാമിലി ലിവിങും ഡൈനിങ്ങും പൂജാമുറിയുമൊക്കെ ചേർന്നു കിടക്കുമ്പോഴും കൃത്യമായ പ്രൈവസി ഉറപ്പുവരുത്തിയാണ് ഇടങ്ങൾ കോർത്തിണക്കിയിരിക്കുന്നത്.
സ്റ്റെയർകേസിന് പുതുമ നൽകുന്നത് വുഡ് ഗ്രാനൈറ്റ് കോംപിനേഷനിലുള്ള പടികളാണ്. മെറ്റൽ സ്ട്രിങ്ങാണ് റെയിലിന് പകരം സുരക്ഷയൊരുക്കുന്നത്. സ്റ്റെയറിന് അടിഭാഗത്ത് സ്റ്റോറേജ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ആധുനിക പാചക സംവിധാനങ്ങളെല്ലാം ഒന്നിക്കുന്നതാണ് ഈ വീടിന്റെ പാചകമുറി. പ്ലൈവുഡിൽ തീർത്ത ക്യാബിനറ്റുകൾക്ക് ലാമിനേറ്റഡ് ഫിനിഷാണ്. കൗണ്ടർ ടോപ്പിന് നാനോ വൈറ്റാണ്. കൗണ്ടർ നീട്ടിയെടുത്താണ് ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ തീർത്തിരിക്കുന്നത്. കിച്ചനിലെ ഷെൽഫിന് ഗ്ലാസ് ഷട്ടറാണ്. കിച്ചൻ വാളിൽ ക്ലാഡിങ് ടൈലാണ് ഉപയോഗിച്ചിട്ടുള്ളത്. അടുക്കളയുടെ സീലിങും ജിപ്സത്തിലാണ്.
തികച്ചും ഫങ്ങ്ഷണലായിട്ടാണ് കിടപ്പുമുറികൾ. രണ്ട് നിലയിലുമായി നാല് കിടപ്പുമുറികളുണ്ട് ഈ വീട്ടിൽ. ഹെഡ് ബോർഡിന്റെ പാറ്റേണും സീലിങ് ഫീച്ചറുമാണ് കിടപ്പുമുറികളെ വ്യത്യസ്തമാക്കുന്നത്. പരമാവധി വെന്റിലേഷനും ആവശ്യത്തിന് സ്റ്റോറേജും ഒരുക്കിയിട്ടുണ്ട് കിടപ്പുമുറികളിൽ എല്ലാം. ഹെഡ് ബോർഡിന്റെ ഭാഗമായി തന്നെ സൈഡ് ടേബിളും ഒരുക്കിയിട്ടുണ്ട്.
എക്സ്റ്റീരിയറിന്റെ കാലിക ശൈലിക്ക് ഇണങ്ങും വിധത്തിലാണ് ഈ വീടിന്റെ ഇന്റീരിയർ സൗകര്യങ്ങളും. വീട്ടുടമസ്ഥരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് ചിട്ടപ്പെടുത്തിയതാണ് ഈ വീടിന്റെ ഓരോ കോണും. ക്ലൈന്റിന്റെ ഇഷ്ടങ്ങൾ പരിഗണിക്കുമ്പോഴും ഒരു വീടിന്റെ അടിസ്ഥാന ധർമ്മവും പ്രായോഗിക സാധ്യതകളും കൃത്യമായി ഉൾക്കൊള്ളിച്ചിരിക്കുന്നു എന്നതാണ് ഈ ഭവനത്തെ വ്യത്യസ്തമാക്കുന്നത്.
Client - Murali & Beena
Location - Ramanattukara
Plot - 9 cent
Area - 2750 sqft
Design - Soni Sooraj
Capellin Projects, Calicut
Phone - 80890 20103