കൊണ്ടോട്ടിയിൽ എന്താ ഈ വീടിനു കാര്യം?

This article has been viewed 3895 times
"പ്രദേശത്തെ മറ്റു വീടുകളിൽ നിന്നും വ്യത്യസ്തമായിരിക്കണം എന്റെ വീട്. സാധാരണ കണ്ടുവരുന്ന ശൈലികളിൽ നിന്നും അല്പം വിഭിന്നമായി നിൽക്കണം." ഇങ്ങനെ തന്റെ വീടിനെപ്പറ്റി സ്വന്തമായി ചില കാഴ്ചപ്പാടുകളും ആഗ്രഹങ്ങളും ഉണ്ടായിരുന്നു സയ്ദ് അലവിയ്ക്ക്. ഈ ആവശ്യങ്ങളെല്ലാം പങ്കുവെച്ചത് യുഗ ഡിസൈൻസിലെ യുവ ഡിസൈനേർമാരായ അരുണിനോടും മിഥുനോടുമാണ്. ക്ലൈൻറ്റിന്റെ ആവിശ്യങ്ങളെയും ആഗ്രഹങ്ങളെയും അന്വർത്ഥമാക്കും വിധം ഒരു പ്ലാൻ തയ്യാറാക്കാൻ ഇവർക്ക് രണ്ടാമതൊന്ന് ആലോചിച്ചു സമയം കളയേണ്ടി വന്നില്ല.

കൊളോണിയൽ ശൈലി എലിവേഷന് സ്വീകരിച്ചതും ക്ലൈൻറ്റിന്റെ താൽപര്യാർത്ഥമാണ്. പ്രദേശത്തെ മറ്റ് വീടുകളിൽ നിന്നും വേറിട്ട് നിൽക്കുന്നതും ഇതുകൊണ്ടാണ്. 30 സെൻറ് പ്ലോട്ടിൽ 2900 സ്‌ക്വർ ഫീറ്റിലാണ് വീട് പണിതിരിക്കുന്നത്. ഗ്രാമപ്രദേശ അന്തരീക്ഷമായതിനാൽ പച്ചപ്പിന്റെ ഭംഗി വീടിന് മാറ്റ് കൂട്ടുന്നു. വീടിന് പിറകിലായി വയൽ ശേഖരമാണ് അതിനാൽ കാഴ്ചഭംഗിക്ക്‌ ഏറെ പ്രാധാന്യം നൽകി. വൈറ്റ് ഗ്രേ നിറത്തിലാണ് എലിവേഷൻ. മേൽക്കൂരയ്ക്ക് ഷിംഗിൾസാണ് ഉപയോഗിച്ചിട്ടുള്ളത്.

പ്രകാശപൂരിതമാണിവിടം
" ക്ലീൻ ഫീൽ" അതാണ് അകത്തളങ്ങളുടെ എടുത്തു പറയത്തക്ക സവിശേഷത. വലിയ നീളൻ ജനാലകൾ നല്ല സമൃദ്ധമായിത്തന്നെ വെളിച്ചം ഉള്ളിലേക്കെത്തിക്കുന്നുണ്ട്. ഇന്റീരിയറിന് മാറ്റ് കൂട്ടുന്നതിനായി യാതൊരു വിധ അലങ്കാരപ്പണികളും നൽകാതെ ഉള്ള ഡിസൈൻ രീതി ശാന്തവും സുന്ദരവുമെന്ന് വരുന്നവരെല്ലാം പറയുന്നു.

വിശാലമായിട്ടാണ് ലിവിങ് ഏരിയ ക്രമീകരിച്ചിട്ടുള്ളത്. ഇവിടെ നൽകിയിരിക്കുന്ന നീളൻ ജനാലകൾ പുറത്തെ കാഴ്ചഭംഗി തടസ്സമില്ലാതാക്കുന്നു. ഒപ്പംതന്നെ സമൃദ്ധമായ വെട്ടം ഉള്ളിലേക്കെത്തിക്കുന്നു. ലിവിങ്ങിന്റെ ഒരു വശത്തുനിന്നാണ് മുകളിലേക്കുള്ള സ്റ്റെയറിനു ഇടം കൊടുത്തിട്ടുള്ളത്. വുഡും ഗ്ലാസ്സുമാണ് സ്റ്റെയറിന്റെ മെറ്റീരിയലുകൾ. ലിവിങ്ങിനോട് ചേർന്നുതന്നെ ചെറിയൊരു പെബിൾ കോർട്ടും കൊടുത്തിരിക്കുന്നതും കാണാം. ആട്ടുകട്ടിലും ഇതിനോട് ചേർന്ന് കൊടുത്തു.

വീടിന് അകത്തു നൽകിയിരിക്കുന്ന വാക് വേയ്ക്ക് വുഡൻ ഫ്ലോറിങ്ങാണ്. അതിന്റെ തുടർച്ചയെന്നോണം തോന്നും വിധമാണ് സീലിംഗ് പാറ്റേണും. എൽ ഇ ഡി ലൈറ്റുകളുടെ പ്രതിഫലനം ഒരു പ്രത്യേക ആംപിയൻസ് തന്നെ പ്രധാനം ചെയ്യുന്നു.

ഉപയുക്തതയാണ് ഇവിടെ സൗന്ദര്യം
വളരെ ലളിതമെന്നു പറയാവുന്ന ഡിസൈൻ രീതിയാണ് ഡൈനിങ് സ്പേസിന്. ഡൈനിങ്ങിനോട് ചേർന്ന് തന്നെയാണ് വാഷ്കൗണ്ടറും ഒരുക്കിയിട്ടുള്ളത്. ഫ്ലോറിങ്ങിലെ വ്യത്യാസമാണ് ഡൈനിങ്ങിനേയും വാഷ് ഏരിയയും തമ്മിൽ വേർതിരിക്കുന്നത്.

മുകളിലും താഴെയുമായി 4 കിടപ്പുമുറികളാണ് ഈ വീട്ടിൽ ഉള്ളത്. ഇവിടേയും യാതൊരുവിധ അലങ്കാരപ്പണികളോ കൂട്ടിയിണക്കലുകളോ കാണാനില്ല. സൗകര്യങ്ങളാണ് പ്രധാനമായും ഇവിടെ കണക്കാക്കിയിട്ടുള്ളത്. വാഡ്രോബ്യൂണിറ്റുകളും, സിറ്റിങ് സൗകര്യങ്ങളും , എല്ലാം , എല്ലാ കിടപ്പുമുറികൾക്കും കൊടുത്തിരിക്കുന്നത് കാണാം. ബെഡ് സ്‌പ്രെഡുകളിൽ മാത്രമാണ് നിറങ്ങളുടെ സാന്നിദ്ധ്യം ദർശിക്കാനാവുക. ബാക്കി ന്യൂട്രൽ നിറങ്ങൾ മാത്രമാണ് ആകെ നൽകിയിട്ടുള്ളത്.


വിശാലമായി തന്നെയാണ് കിച്ചൻ ഡിസൈൻ. ഇവിടെ ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ നൽകിയത് കൂടാതെ അതിനോട് ചേർന്ന് നീളൻ സ്പേസിൽ ഇരിപ്പിട സൗകര്യവും നൽകിയത് കാണാം. വാഷ് കൗണ്ടറും ഇവിടെ തന്നെ സജ്ജീകരിച്ചു. അതിനാൽ കുടുംബാംഗങ്ങൾക്ക് ഇവിടെയിരുന്ന് ഭക്ഷണം കഴിക്കാം. വിരുന്നുകാർ വരുമ്പോൾ മാത്രം ഡൈനിങ് ടേബിൾ ഉപയോഗിക്കേണ്ടതായി വരുന്നുള്ളു. ബ്രേക്ക്ഫാസ്റ്റ് ടേബിളിനു മുകളിൽ നൽകിയിട്ടുള്ള ഹാംഗിങ് ലൈറ്റുകളും, സ്പോട്ട് ലൈറ്റുകളുമെല്ലാം കിച്ചനെ ആഡംബരപൂർണമാക്കുന്നുണ്ട്. കിച്ചനോട് ചേർന്ന് തന്നെ വർക്ക് ഏരിയയും നൽകിയിട്ടുണ്ട്. പരമാവധി സ്റ്റോറേജ് യൂണിറ്റുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

"എന്റെ വീട്ടിൽ എനിക്ക് സന്തോഷമായിട്ട് ഇരിക്കണം. കണ്ണിനും മനസ്സിനും അലോസരമുണ്ടാകുന്നതൊന്നും ഇവിടെ നൽകേണ്ട. ഉപയുക്തതയാണു എന്റെ വീടിന്റെ ഓരോ സ്പേസിന്റെയും പ്രത്യേകത" വീട്ടുടമസ്ഥൻ സയ്ദിന്റെ വാക്കുകളാണിത്.തയ്യാറാക്കിയത് - രശ്മി അജേഷ്

ക്ലൈൻറ്റ് - സയ്ദ് അലവി
സ്ഥലം - കൊണ്ടോട്ടി
പ്ലോട്ട് - 30 സെൻറ്
വിസ്തീർണം -2900 സ്ക്വർ ഫീറ്റ്
പണി പൂർത്തീകരിച്ച വർഷം - 2018

ഡിസൈൻ - അരുൺ & മിഥുൻ
യുഗ ഡിസൈൻസ്, മഞ്ചേരി

ഫോൺ : 89436 61899