ഇഷ്ടങ്ങൾ കൊണ്ടൊരു വീട്

This article has been viewed 1421 times
വിവിധ വലുപ്പത്തിലുള്ള ചതുരക്കട്ടകൾ വ്യത്യസ്ത ക്രമത്തിൽ അടുക്കിയതുപോലുള്ള എലിവേഷൻ. ഇളം കടും വർണങ്ങളുടെ സങ്കലനത്തിലുള്ള പ്രോജക്റ്റ് ചെയ്യുന്ന എക്സ്റ്റീരിയർ. കുടുംബാംഗങ്ങളുടെ ഇഷ്ടത്തിനും സങ്കല്പത്തിനും നവീന സാമഗ്രികൾ കൊണ്ട് സാക്ഷാത്കാരമൊരുക്കിയതോടെ സമകാലിക വാസ്തുകലാ ഭാഷയിൽ ഭവനം യാഥാർത്ഥ്യമായി . ഗോറിച്ച് അസോസ്സിയേറ്റ്സിന്റെ ചീഫ് ആർക്കിടെക്റ്റ് യാഗ്‌ നേഷ് ഗോറിച്ചും സംഘവുമാണ് ഈ പാർപ്പിടം ചിട്ടപ്പെടുത്തിയത്. സോണിക്കും കുടുംബത്തിനുമായി ഒരുക്കിയതാണ് ഈ വീട്.

എട്ട് സെന്റിന്റെ പ്ലോട്ടിലാണ് 4755 ചതുരശ്രയടി വിസ്തീർണത്തിലുള്ള വീട്. ചുറ്റുമതിൽ കൊണ്ട് സുരക്ഷിതമാക്കിയ പ്ലോട്ടിലാണ് വീട്. വെർട്ടിക്കൽ ഗ്രില്ലും ഗ്ലാസും നിറവിന്യാസവും എലിവേഷൻ ഹൃദ്യമാക്കുന്നു. പ്ലോട്ടിന്റെ ഒരു ഭാഗം ലോൺ ആണ്. ലോണിലേക്ക് ഒരു കനോപി ഒരുക്കിയിട്ടുണ്ട്. പൂമുഖവും വീടിനുള്ളിൽ വരുന്ന രീതിയിലാണ്. ഫോയർ , സ്വീകരണ മുറി, ലിവിങ്, ലിഫ്റ്റ്, പൂജ, ഡൈനിങ്, കിച്ചൻ, സ്റ്റോർ, 5 കിടപ്പുമുറികൾ, ടെറസ്, ലോൺ ഏരിയ എന്നിവയാണ് വീട്ടകത്തെ സൗകര്യങ്ങൾ.

കടും ചുവപ്പും ഗ്രേ നിറവുമാണ് എക്സ്റ്റീരിയറിൽ. കോളം സ്ട്രെക്ച്ചറിൽ സോളിഡ് ബ്ലോക്ക് കൊണ്ടാണ് വീടിന്റെ നിർമാണം. ധാരാളം ഓപ്പണിങ്ങുകൾ നൽകിയാണ് വീടിന്റെ ഘടന തീർത്തിരിക്കുന്നത്. ഗ്രിൽ വാൾ വീടിന് പുതുമ നൽകുന്ന ഘടകമാണ്.

നിറം, പെയിന്റിങ്‌സ്,വാൾമ്യൂറൽസ്, സീലിങ്, കസ്റ്റമൈസ്ഡ് ഫർണിച്ചർ എന്നിവയുടെ കൃത്യമായ സംയോജനത്തിലൂടെ ആകർഷകമായിട്ടാണ് സ്വീകരണ മുറി ഒരുക്കിയിരിക്കുന്നത്. വുഡും, പി.ഒ.പി യും, ക്ലോത്തും കൊണ്ടാണ് സീലിങ്. വിട്രിഫൈഡ് ടൈലാണ് ഫ്ലോറിൽ. ലെതർ അപ്ഹോൾസ്റ്ററി ചെയ്ത ഇരിപ്പിടങ്ങളാണ് സ്വീകരണ മുറിയിൽ.

സ്വീകരണ മുറിയിൽ ഭംഗിക്കാണ് പ്രാമുഖ്യമെങ്കിൽ ഫാമിലി ലിവിങ്ങിൽ ഫങ്ങ്ഷനാണ് പ്രാധാന്യം. ഫാബ്രിക് കർട്ടനും വാൾ മ്യൂറലും പി.യു പാനലും ട്രഡീഷണൽ വിൻഡോയുമൊക്കെയാണ് ഫാമിലി ലിവിങ്ങിനെ ഹൃദ്യമാക്കുന്നത്. വലിയ മിററും വുഡൻ പാനലിങ്ങും ലിവിങ്ങിലെ ചില കമനീയ കാഴ്ചകളാണ്.

തുറന്ന ആശയത്തിലാണ് വീട്ടിലെ അടുക്കളയും ഡൈനിങ്ങും. ഒരു സെമി പ്രൈവറ്റ് സ്പേസായിട്ടാണ് ഡൈനിങ്. ഒരേ നിറാശയത്തിലുള്ളതാണ് ഡൈനിങ് ടേബിളും കസേരകളും. കിച്ചൻ ക്യാബിനറ്റുകൾ വുഡിൽ തീർത്ത് പി.യു ഫിനിഷ് നൽകിയിരിക്കുന്നു. കൗണ്ടർ ടോപ്പ് ഗ്രാനൈറ്റിലാണ് . വീടിന്റെ വിശാലതയ്ക്ക് ഇണങ്ങും വിധത്തിൽ കൂടുതൽ സ്റ്റോറേജ് സൗകര്യത്തോടെയാണ് കിച്ചൻ സൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

മുകൾ നിലയിൽ ഒരു ലോഞ്ച് ഏരിയ ഒരുക്കിയിട്ടുണ്ട്. ഗ്രേ-ബ്രൗൺ, ബ്ലൂ-മജന്ത നിറ സങ്കലനമാണ് ഈ സ്പേസിൽ. കുടുംബാംഗങ്ങൾക്ക് ഒത്തു കൂടുന്നതിനാണ് ഈ സ്ഥലം. വിശ്രമത്തിനും വിനോദത്തിനും പറ്റുന്ന വിധത്തിലാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. ഗ്ലാസ് പാർട്ടീഷനാണ് ഇവിടെ. ആർക്കി ഡ്രൈവും വുഡൻ സീലിങ്ങും ഷാന്റിലിയറുമൊക്കെ ലോഞ്ച് ആകർഷകമാക്കുന്നു.

ഏറ്റവും മുകളിലെ നിലയിലാണ് ഹോം തീയറ്റർ. വാം-കൂൾ കളർടോണും ശബ്‌ദക്രമീകരണവും, വാൾ പെയിന്റ് ഇരിപ്പിട സൗകര്യങ്ങളും ഹോം തീയറ്റർ ഏറ്റവും ആധുനികമാക്കുന്നു. വുഡും സ്‌ട്രെച്ചബിൾ ക്ലോത്തും കൊണ്ടാണ് സീലിങ്.

വീട്ടിലെ മറ്റേതൊരു ഇടം പോലെ തന്നെ ഉപയോഗപ്രദമാക്കി മാറ്റിയിരിക്കുകയാണ് ടെറസ്. സ്റ്റോൺ ഫ്ലോറിങ്ങും മെറ്റൽ പർഗോളയും പെബിൾ ബെഡും സ്റ്റോൺ ക്ലാഡിങ്ങും എക്സ്റ്റീരിയർ ഫർണിച്ചറും ചേരുന്നതോടെ ഈ ഭാഗം തികച്ചും ഫങ്ങ്ഷണലായി. രാവിലെയുള്ള പത്രം വായന, വെയിൽ കൊള്ളലും വേണമെങ്കിൽ വ്യായാമവും ഇവിടെ തന്നെയാവാം. അത്യാവശ്യം പ്രൈവസി കിട്ടത്തക്ക വിധത്തിലാണ് ടെറസ് ഒരുക്കിയിരിക്കുന്നത്.

ആഢംബരത്തിന്റെ എല്ലാ നിർവ്വചനങ്ങളും ഉൾക്കൊള്ളുന്നതാണ് ഈ വീട്ടിലെ കിടപ്പുമുറികൾ. രണ്ട് ഗസ്റ്റ് ബെഡ്‌റൂം, കുട്ടികൾക്ക് രണ്ട് കിടപ്പുമുറി, മാസ്റ്റർ ബെഡ്‌റൂം എന്നിങ്ങനെയാണ് കിടപ്പുമുറികളുടെ ഓർഡർ. ഗ്രേ-വൈറ്റ്-ബ്രൗൺ നിറസങ്കലനമാണ് മാസ്റ്റർ ബെഡ്റൂമിൽ . ഫാബ്രിക് പാനലിങ്ങും വുഡും സ്‌ട്രെച്ചബിൾ ക്ലോത്ത് സീലിങും പ്രധാന കിടപ്പുമുറിയെ കിടപ്പുമുറികളിൽ ഒന്നാമനാക്കുന്നു. മാസ്റ്റർ ബെഡ്‌റൂമിൽ ടി.വി യൂണിറ്റും നൽകിയിട്ടുണ്ട്. വാക്-ഇൻ-വാർഡ്രോബും സ്റ്റോറേജ് സൗകര്യങ്ങളും ഏറ്റവും മികച്ചതാണ്.

കുട്ടികളുടെ മുറിയിൽ സീറ്റിങ് സൗകര്യവും പ്രത്യേകമായി നൽകിയിട്ടുണ്ട്. കോട്ടിന്റെ ആകൃതിയും വ്യത്യസ്തമാണ് കിഡ്സ് റൂമിൽ.

ഈ വീടിന്റെ ഓരോ കോണിലും ദൃശ്യമാകുന്നത് കുടുംബാംഗങ്ങളുടെ ജീവിത ശൈലിയുടേയും ഇഷ്ടങ്ങളുടേയും പ്രതിഫലനമാണ്. ആഢംബരത്തിനും ആധുനിക ജീവിത സൗകര്യങ്ങൾക്കും തുല്യ പ്രാധാന്യമാണ് ഈ വീട്ടിൽ നൽകിയിരിക്കുന്നത്.Client - Mr.& Mrs Soni
Location - Gandhinagar
Plot - 8 cent
Area - 4755 sqft

Design - Yagnesh Ghoricha
Ghoricha Associates,
Ahmedabad
Ph - 98259 55111, 79265 63039

Design team - Yagnesh, Prachi, Nikunj