ഇത് 6 സെന്റിലെ ചതുര വീട്

This article has been viewed 2890 times
ചതുരക്കട്ടകൾ അടുക്കി വെച്ചതുപോലെയാണ് എലിവേഷൻ ഡിസൈൻ. വെണ്മയുടെ ചാരുതയും ഗ്ലാസും ഭിത്തി ഹൈലൈറ്റ് ചെയ്യുന്നതിന് ഉപയോഗിച്ച സ്റ്റോൺ ക്ലാഡിങ്ങും മുറ്റത്തെ ലാൻഡ്സ്‌കേപ്പിങ്ങും കോംപൗണ്ട് വാളും എല്ലാം എലിവേഷന് മാറ്റ് കൂട്ടുന്ന ഘടകങ്ങളാണ്. ചെരിഞ്ഞ പ്ലോട്ടിനെ അതേപടി നിലനിർത്തി കൊണ്ടാണ് വീട് പണിതത്. 6 സെന്റാണ് പ്ലോട്ട് ഉണ്ടായിരുന്നത് അത് ഒരു പരിമിതി ആകാതെയുള്ള ഡിസൈൻ രീതികൾ വേണം അവലംബിക്കാൻ എന്നാണ് വീട്ടുടമ കൺസേൺ ആർക്കിടെക്റ്റിനോട് ആവശ്യപ്പെട്ടത്. ആ ഒരു ആവശ്യത്തെ മുൻനിർത്തിക്കൊണ്ടാണ് അകംപുറം ഒരുക്കിയിരിക്കുന്നത്.

നമ്മുടെ കാലാവസ്ഥയ്ക്ക് ഉചിതം സ്ലോപ് റൂഫ് ആണെങ്കിലും ഇത്തരം ബോക്സ് ടൈപ്പ് ഡിസൈനുകളോടാണ് ആളികൾക്ക് ഇന്ന് താൽപര്യം. ഇവിടെ വീട്ടുടമയ്ക്കും ചതുരാകൃതിയോടായിരുന്നു താൽപര്യം. എന്നാൽ ഏറെ ആശങ്കകളും ഉണ്ടായിരുന്നു. വെള്ളം ഇറങ്ങുമ്പോൾ ഇവ പെട്ടന്ന് നശിച്ചു പോകുന്നതിനാൽ ഇവിടെ മുൻ‌കൂർ ലീക്ക് പ്രൂഫ് ചെയ്ത് സംരക്ഷിക്കാനുള്ള സംവിധാനങ്ങൾ നൽകി എന്നത് സവിശേഷതയാണ് . പൊതുവേ പരിപാലനം ബുദ്ധിമുട്ടുള്ള ഡിസൈൻ നയമാണ് ബോക്സ് ടൈപ്പ് എങ്കിലും ഇവിടെ വാട്ടർ പ്രൂഫിങ് കോട്ടിങ്ങുകൾ കൊടുത്തതിനാൽ ഭംഗിയും ഈടും നിലനിൽക്കുകയും ചെയ്യും.

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, 4 കിടപ്പുമുറികൾ, കിച്ചൻ, വർക്ക് ഏരിയ , അപ്പർ ലിവിങ്, ഓപ്പൺ ബാൽക്കണി എന്നിങ്ങനെയാണ് ഈ വീട്ടിലെ സൗകര്യങ്ങൾ. ക്ലീൻ ഫീൽ പ്രദാനം ചെയ്യുന്ന ലിവിങ് സ്പേസിലെ ആകർഷണം 'L' ഷേയ്പ്പിൽ നൽകിയിട്ടുള്ള സോഫാ സെറ്റാണ്. കണ്ണിന് അലോരസമാകാതെ വെണ്മയോട് ചേർന്നു പോകുന്ന നിറങ്ങൾ നൽകിയത് ഇവിടം മനോഹരമാക്കുന്നു.

മിനിമലിസം എന്ന ആശയമാണ് ഫർണീച്ചറുകളുടെ മനോഹാരിത. ഇന്റീരിയറിന്റെ അഴകളവുകൾക്കൊത്ത് പ്രത്യേകം പണിതെടുത്തതാണ് ഫർണിച്ചറുകൾ. വീട്ടിലെ പ്രധാന വാതിൽ തേക്കിലാണ് തീർത്തത്. ബാക്കിയെല്ലാം പൊതുവേ ചിലവ് കുറവുള്ള ഇരുൾ തടിയാണ് ഉപയോഗിച്ചത്. വുഡൻ ഫ്ലോറിങ്ങും വിട്രിഫൈഡ് ടൈലുമാണ് ഫ്ലോറിങ്ങിനെ മനോഹരമാക്കുന്നത്.

സെമി ഓപ്പൺ നയമാണ് ലിവിങ്ങിൽ നിന്നും ഡൈനിങ്ങിലേക്ക് ഏർപ്പെടുത്തിയത്. ഇവയ്ക്ക് ഇടയിലായിട്ടാണ് മുകളിലേക്കുള്ള സ്റ്റെയറിനും സ്ഥാനം നല്കിയിട്ടുള്ളത് . സ്റ്റെയറിന് അടിയിലായിട്ടാണ് വാഷ് ഏരിയ കൊടുത്തിട്ടുള്ളത്. ജി.ഐ ഫ്രെയിമിൽ ഗ്ലാസ് ടോപ്പാണ് ഡൈനിങ് ടേബിളിന് കൊടുത്തത്.

വിശാലമായ ഡിസൈൻ നയമാണ് നാല് കിടപ്പുമുറികളേയും വ്യത്യസ്തമാക്കുന്നത്. നിറയെ കാറ്റും വെളിച്ചവും കടക്കുന്നതിനായി ജനാലകൾ നൽകി. ഹെഡ്റെസ്‌റ്റിലും സീലിങ്ങിലും എല്ലാം പുതുമ നിലനിൽക്കും വിധമുള്ള എലമെന്റുകൾക്കാണ് പ്രാധാന്യം നൽകിയത്. സീറ്റിങ് സ്പേസ് ഒരുക്കിയ ബേവിൻഡോയും വാർഡ്രോബ് യൂണിറ്റും എല്ലാം മുറിയെ ഉപയുക്തമാക്കുന്നുണ്ട്. തടിയുടെ നിറവും വെണ്മയും ഫർണിഷിങ്ങുകളിലെ നിറ സാനിദ്ധ്യവും എല്ലാം മുറികൾക്ക് മിഴിവേകുന്ന ഘടകങ്ങളാണ്.

വെണ്മയുടെ ചാരുതയും തടിയുടെ നിറസംയോജനവും അടുക്കളയെ ആഢംബര പൂർണമാക്കുന്നു. മൾട്ടിവുഡിന്റേയും ഓട്ടോമോട്ടീവ് പെയിന്റിന്റേയും ചാരുതയാണ് കിച്ചൻ ക്യാബിനറ്റുകൾക്ക് . മുകളിലും താഴെയുമായി പരമാവധി സ്റ്റോറേജ് യൂണിറ്റുകൾക്ക് ഇടം നൽകി. നാനോ വൈറ്റ് കൗണ്ടർടോപ്പാണ് മറ്റൊരു സവിശേഷത.

ഇങ്ങനെ 6 സെന്റ് പ്ലോട്ട് എന്ന എല്ലാ പരിമിതികളേയും മറികടക്കും വിധമുള്ള ഡിസൈൻ ക്രമീകരണങ്ങളാണ് ഈ വീടിന്റെ ഹൈലൈറ്റ്. അതുകൊണ്ടു തന്നെ വീട്ടുകാരും പൂർണ തൃപ്തരാണ്.Client - Sivan T I
Location - Calicut
Plot - 5.9 cent
Area - 2308 sqft

Design - Mukhil MK, Ragesh CM, Dijesh O, Babith SR
Concern Architects
, Calicut
Ph - 98957 73322

Text courtesy - Resmy Ajesh