"ട്രീ ഹൗസ്" - ഹരിതാഭയുടെ മടിത്തട്ടിൽ

This article has been viewed 2094 times
പ്രകൃതിയുടെ മടിത്തട്ടിൽ ഇരുന്ന് ഒന്നു ഫ്രഷ് ആകണോ? കാറ്റും, കുളിരും, കാഴ്ചയും അനുഭവിച്ച് അറിയണോ? ദാ! അങ്ങനെ ഒരിടം- " ഒരു ട്രീ ഹൗസ്". ബത്തേരിയിൽ നിന്നും 8 കി.മി മൈസൂർ റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മൂന്നു സ്റ്റേറ്റിന്റെയും അതിർത്തി പ്രദേശമാണ് ഇവിടം. ട്രീ ഹൗസിന്റെ മുകളിൽ നിന്നും നോക്കിയാൽ ബന്ദിപ്പൂർ മലനിരകൾ (കർണ്ണാടക), സത്യമംഗലം മലനിരകൾ (തമിഴ്നാട്) എന്നീ മലനിരകളുടെ ടോപ്പ് വ്യൂ കാണാം.

2 ഏക്കർ കാപ്പി തോട്ടത്തിനുള്ളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. നാല് പേരടങ്ങുന്ന ഒരു ഫാമിലിക്ക് സുഖമായി തങ്ങുവാനുള്ള എല്ലാ സൗകര്യങ്ങളും ഇതിനുള്ളിൽ ഉണ്ട്. നാല് മരങ്ങളിലാണ് ഈ ട്രീ ഹൗസ് ഉറപ്പിച്ചിരിക്കുന്നത്. പ്ലാവും, തേക്കും, കാറ്റാടി മരവും കവുങ്ങുകളിലുമാണ് താങ്ങി നിർത്തിയിട്ടുള്ളത്. പനമ്പും മുളയും പഴക്കം ചെന്ന തെങ്ങിൻ തടിയുമെല്ലാമാണ് നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. കാപ്പിതടിയിൽ തീർത്ത ടേബിളും ചൂരൽ കസേരയുമെല്ലാം ഇന്റീരിയറിന്റെ ഭംഗി വർദ്ധിപ്പിക്കുന്നതിനൊപ്പം പ്രകൃതിയുമായി ഇഴകിച്ചേരുകയും ചെയ്യുന്നുണ്ട്.

ഇടഭിത്തിക്കായി ഉപയോഗിച്ചിരിക്കുന്നത് നെയ്തെടുത്ത പനമ്പാണ്. മേൽക്കൂര ട്രസ്സ് വർക്ക് ചെയ്ത് അതിനു മുകളിൽ പനയോല വിരിച്ചിരിക്കുന്നു. ബെഡ്‌റൂം, ബാത്റൂം, ബാൽക്കണി എന്നിങ്ങനെയാണ് തടിവീടിനകത്തെ സജ്ജീകരണങ്ങൾ. പരമ്പരാഗത രീതിയിലാണ് വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ജനാലകൾ എല്ലാം പുൾ ചെയ്ത് വെക്കാവുന്ന രീതിയിലാണ് കൊടുത്തത്. ഇത് ഉയർത്തി വെച്ചാൽ വയനാടൻ കാറ്റും കുളിരും ഉള്ളിലേക്കെത്തും. പ്രകൃതിയോട് അലിഞ്ഞ് താമസിക്കാൻ ആഗ്രഹിക്കുന്ന ആർക്കും ഇതിന്റെ ഉടമസ്ഥനായ വിജിൽ തടി വീടിലേക്ക്‌ സ്വാഗതം ചെയ്യുന്നു. ടൂറിസ്റ്റുകളേയും ലക്ഷ്യമിട്ടുകൊണ്ടാണ് ഈ ഒരു ആശയം വിജിൽ പ്രാവർത്തികമാക്കിയത്.

ഇവിടെ നിന്നും 2 കി.മി ദൂരെയാണ് മുത്തങ്ങ വന്യജീവി സങ്കേതം തുടങ്ങുന്നത്. മാത്രമല്ല ഗുണ്ടൽപേട്ട് (കർണാടക) വഴി ബന്ദിപ്പൂർ മുതുമല വന്യജീവി സങ്കേതത്തിലേക്കും, മസിനഗുഡി, ഊട്ടി, മൈസൂർ, ബാംഗ്ലൂർ എന്നിവിടത്തേക്കും ഇതു വഴി പോകാം. ഫാമിലിക്ക് വളരെ സൗകര്യമായി സ്റ്റേ ചെയ്യാൻ പാകത്തിനുള്ള സജ്ജീകരണങ്ങൾ ഇതിൽ ഉണ്ട്.

പ്രകൃതിയുടെ തനതു ഭംഗി നിലനിർത്തിക്കൊണ്ട് പച്ചപ്പിന്റെ സാനിദ്ധ്യം ഉൾത്തളങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്നു. പ്ലാവിന്റെ ശിഖരങ്ങൾ ഇന്റീരിയറിൽ സിറ്റൗട്ടിൽ വളർന്നു നിൽക്കുന്നത് കാണാം.

ഇങ്ങനെ മണ്ണിനേയും പ്രകൃതിയേയും അറിഞ്ഞു കൊണ്ടും അവയെ സംരക്ഷിച്ചു കൊണ്ടുമാണ് ഇവിടെ വിജിൽ നടപ്പാക്കിയ ഈ സംരംഭം. വരും കാലങ്ങളിലും ഇതുപോലെ ഉള്ള കാര്യങ്ങൾക്ക് പ്രാധാന്യം നൽകുമെന്നും വിജിൽ പറയുന്നു.

പ്രൊജക്റ്റ് - വിജിൽ
ഗ്രീൻസ്, നാഗരംകുന്ന്,
സുൽത്താൻ ബത്തേരി
വയനാട്
ഫോൺ : 94967 44933