
മനസിലുള്ള വീടിനെ രൂപകൽപന ചെയ്തു കിട്ടുക എന്നത് അല്പം ശ്രമകരമായ ഒന്നാണ്. പ്ലോട്ട് ഒരു പരിമിതിയാണെങ്കിലോ? അൽപ്പം കൂടി ബുദ്ധിമുട്ട് ഉണ്ടാകും. ഇവിടെ ഡിസൈനറായ ഷിഹാബ് തന്റെ സ്വന്തം വീട് ഡിസൈൻ ചെയ്ത് പണി പൂർത്തീകരിച്ചത് എങ്ങനെ എന്നു നോക്കാം.
2.75 സെന്റിൽ ഒരു കുടുംബത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും നിവർത്തിച്ചു. സ്ഥല പരിമിതി കൊണ്ടു തന്നെ ബോക്സ് ടൈപ്പ് ഡിസൈനാണ് എലിവേഷന് സ്വീകരിച്ചത്. വൈറ്റിന്റേയും ഗ്രേയുടേയും നിറസംയോജനമാണ് അകംപുറം നൽകിയിട്ടുള്ളത്. ഗ്രേ നിറത്തിന് ആക്കം കൂട്ടും വിധമാണ് സ്റ്റോൺ ക്ലാഡിങ് കൂടി നൽകിയിട്ടുള്ളത്.
ഇവിടെ ഓരോ സ്പേസിനേയും അതിന്റെ ഉപയോഗം അടിസ്ഥാനപ്പെടുത്തി മാത്രമാണ് ഡിസൈൻ ക്രമീകരണങ്ങൾ നടപ്പിലാക്കിയത്. സിറ്റൗട്ട്, ലിവിങ്. ഡൈനിങ്, കിച്ചൻ, വർക്ക് ഏരിയ,നാല് കിടപ്പുമുറികൾ, അപ്പർ ലിവിങ് കം സ്റ്റഡി സ്പേസ്, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് ഈ വീട്ടിൽ നൽകിയിട്ടുള്ള സൗകര്യങ്ങൾ.
അത്യാവശ്യം ഫർണിച്ചറുകൾ മാത്രമാണ് ഓരോ സ്പേസിനേയും അടിസ്ഥാനമാക്കി നൽകിയിട്ടുള്ളത്. ഇവയെല്ലാം സൈറ്റിൽ വെച്ചുതന്നെ ഡിസൈൻ ചെയ്തു എടുത്തവയാണ്. അതുകൊണ്ടു തന്നെ ഒരിഞ്ചു സ്ഥലം പോലും പാഴാക്കാതെ ഉള്ള ഡിസൈൻ ക്രമീകരണങ്ങൾ നടപ്പിലാക്കാൻ സാധിച്ചു എന്ന് വീടിന്റെ ഉടമ കൂടിയായ ഷിഹാബ് വെളിപ്പെടുത്തുന്നു. ഇന്റീരിയറിൽ പലയിടങ്ങളിലായി ബൈസൺ പാനൽ ഉപയോഗിച്ചതെല്ലാം ചിലവ് കുറയ്ക്കാൻ സാധിച്ചു.
മുകളിലേക്കുള്ള സ്റ്റെയർക്കേസിന് എം.എസിൽ വുഡ് പൊതിഞ്ഞ് ഹാൻഡ്റെയിൽ നൽകി. സ്റ്റെയർ കയറി എത്തുന്ന ആദ്യ ലാൻഡിങ്ങിൽ സി.എൻ.സി വർക്ക് നൽകി സ്കൈലൈറ്റ് ഏർപ്പെടുത്തി. അതിനാൽ ഇവിടെ പ്രകാശഭരിതമാകുന്നു. രണ്ടാമത്തെ ലാൻഡിങ്ങിലാണ് ചെറിയൊരു ലൈബ്രറി ഏരിയ ഒരുക്കിയത്. ചെറിയൊരു അപ്പർ ലിവിങ്ങിന് കൂടി മുകളിൽ സ്ഥാനം കൊടുത്തിരിക്കുന്നു.
താഴെ നിലയിൽ ഒരു ബെഡ്റൂമിനാണ് സ്ഥാനം കൊടുത്തത്. ബാക്കി രണ്ട് മുറികൾ മുകൾ നിലയിലാണ് കൊടുത്തത്. ലളിതമായ ഡിസൈൻ ക്രമീകരണങ്ങളാണ് മുറികളുടെ അലങ്കാരം.
വെർട്ടിക്കൽ ഫോർമാറ്റിലാണ് ഡൈനിങ് കം കിച്ചൻ. വൈറ്റിന്റേയും ഗ്രേയുടേയും നിറസംയോജനത്തിന്റെ പ്രതിഫലനം ഫ്ലോറിങ്ങിലും കാണാം.
ഇങ്ങനെയുള്ള സ്പേസിൽ ആവശ്യങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് ഓരോ സ്പേസും ഇവിടെ ഒരുക്കിയത്. വീട്ടുടമ തന്നെ ഡിസൈനർ ആയതുകൊണ്ട് ഏതൊക്കെ സ്പേസിൽ എന്തൊക്കെ വേണമെന്ന് കൃത്യമായ ധാരണയും ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ താമസിക്കുന്ന വീട് ഏറ്റവും പ്രിയപ്പെട്ടതായി മാറിയെന്ന് ഷിഹാബും കുടുംബവും പറയുന്നു.
Client - Shihab & Shereefa
Location - Kuthuparamba
Plot - 2.75 cent
Area - 1560 sqft
Design - Shihab
Mig 464, Cochin
Phone - 90378 77572 / 82810 16270
Text courtesy - Resmy Ajesh