
ഒരു മരത്തിന്റെ തണലിന് ചുറ്റുമായി മണ്ണും കല്ലും മരവും കൊണ്ട് കെട്ടിയുണ്ടാക്കിയ വീട്. ഭൂമിയിൽ നിന്നും സ്വഭാവികമായി ലഭിക്കുന്നതും പുനരുപയോഗിക്കാവുന്ന സങ്കേതങ്ങളും ചേർത്താണ് ഈ വീട് മെനഞ്ഞിരിക്കുന്നത്. ശെരിക്കും കിളി കൂടൊരുക്കുമ്പോലെ. ഹൈദരാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്റ്റുഡിയോ ഇൻസ്കേപ്പിന്റെ സാരഥികളായ ആർക്കിടെക്റ്റുമാരായ ചൈതന്യ, കിന്നേര, രാധ എന്നിവർ ചേർന്നാണ് ഈ വീടിന്റെ രൂപഘടനയും സാക്ഷാത്കാരവും നിർവ്വഹിച്ചിരിക്കുന്നത്.
അവീണ & കവിത ദമ്പതികൾക്കായി സഹീറാബാദിലാണ് ഈ പാർപ്പിടം. പാരമ്പര്യത്തിൽ പൊതിഞ്ഞു നിൽക്കുന്ന നടുമുറ്റമുള്ളൊരു വീട് എന്നതായിരുന്നു ഭാര്യ കവിതയുടെ സങ്കല്പം. ഭർത്താവ് അവീണ ആവശ്യപ്പെട്ടത് വീടിന്റെ ധർമ്മങ്ങൾ എളുപ്പം സാധ്യമാക്കുന്ന നേർരേഖയിലുള്ള ശില്പഘടനയും. ഒരു നടുമുറ്റവും അതിനൊപ്പം നേർരേഖയിൽ ഒരു വരാന്തയും അതിനോട് ചേർന്നുള്ള സൗകര്യങ്ങളും ഒരുക്കിയതോടെ ക്ലൈന്റിന്റെ സങ്കല്പത്തിന് രൂപമായി. 2600 ചതുരാശ്രയടിയിലാണ് വീട്. വിശാലമായ ഫാമിന്റെ ഒരു ഭാഗത്തായിട്ടാണ് വീടിന് ഇടം നൽകിയിരിക്കുന്നത്. വരാന്ത, ഇടനാഴി, ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്ന് കിടപ്പുമുറികൾ, നടുമുറ്റം, വാഷ് ഏരിയ എന്നിവയാണ് സൗകര്യങ്ങൾ.
റബിൾ ഫൗണ്ടേഷനാണ് വീടിന്. ഫാമിൽ നിന്ന് തന്നെയുള്ള മണ്ണ് ഉപയോഗിച്ചുണ്ടാക്കിയ സ്റ്റെബിലൈസിഡ് മഡ് ബ്ലോക്ക് കൊണ്ടാണ് ചുമരുകൾ തീർത്തിരിക്കുന്നത്. മേൽക്കൂര കോൺക്രീറ്റ് സ്ലാബിലും വുഡും ഓടും ഉപയോഗിച്ചുമാണ്. റെസ്റ്റിക് ഭാവത്തിലാണ് ബാഹ്യാകൃതിയും ഫിനിഷും തീർത്തിരിക്കുന്നത്. പൊതു ഇടത്തിന്റെ ചുമരുകളൊക്കെ ഗ്ലാസും വുഡും കൊണ്ടാണ്. ഫാമിന്റെ സവിശേഷ കാഴ്ചകൾ വീട്ടകത്തേക്ക് എത്തിക്കുന്നതിന് ഈ ഗ്ലാസ് വാൾ ഏറെ സഹായകരമാണ്. ഗ്ലാസ് വാൾ ആയതുകൊണ്ട് പുനരുപയോഗിക്കാം എന്ന നേട്ടവുമുണ്ട്.
ഫാമിനുള്ളിൽ തീർത്തിരിക്കുന്ന വീടായതിനാൽ ഒരു വാരാന്ത്യ ഗേഹത്തിന്റെ സൗകര്യങ്ങളും സവിശേഷതകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇൻബിൽറ്റ് ഇരിപ്പിടങ്ങളാണ് സിറ്റൗട്ടിലും സ്വീകരണമുറിയിലും വുഡൻ ഫർണീച്ചറും ഇവയ്ക്കൊപ്പം ചേർത്തിട്ടുണ്ട്. ബ്ലാക്ക് ഓക്സൈഡും താന്തൂർ സ്റ്റോണും കൊണ്ടാണ് വീടിന്റെ തറ.
പാരമ്പര്യത്തെ സൂചിപ്പിക്കുന്ന തരത്തിലുള്ള ഫർണീച്ചറാണ് ഇന്റീരിയറിൽ. ചുമരുകൾ എക്സ്പോസ് ചെയ്തിട്ടിരിക്കുന്നതിനാൽ ബ്രിക്കിന്റെ ഭംഗി വീടിന് സ്വഭാവികത നൽകുന്നുണ്ട്. റെസ്റ്റിക് ലുക്കിനെ മികവോടെ ഉയർത്തി കാട്ടുന്നുണ്ട്. നടുമുറ്റത്തിന്റെ ചുമരുകൾ ജാളി രീതിയിലാണ്. തുറന്നു കിടക്കുന്ന രീതിയിലാണ് ഡൈനിങ്. പാചകമുറി പൂർണമായും എൻക്ലോസിഡാണ്.
രണ്ട് കിടപ്പുമുറികളാണ് വീട്ടിലുള്ളത്. ഒരെണ്ണം കുട്ടികൾക്കും മറ്റൊരെണ്ണം മാസ്റ്റർ ബെഡ്റൂമും. ബാത്ത് അറ്റാച്ചിഡാണ് കിടപ്പുമുറികൾ. സ്വകാര്യത ഉറപ്പാക്കി ഒരുക്കിയിരിക്കുന്ന ഏക സ്ഥലം ഈ കിടപ്പുമുറികളാണ്. ആധുനിക രീതിയിലാണ് ബാത്ത് റൂമും അനുബന്ധ സൗകര്യങ്ങളും.
കുടുംബാംഗങ്ങൾ ഈ ഫാമിൽ നടത്തുന്നത് ഓർഗാനിക് ഫാമിംഗാണ്. ജൈവിക ഘടനയിലും സാമഗ്രികളും നിറയുന്നതാവണം ഈ വീടെന്നതും അവരുടെ ആഗ്രഹമായിരുന്നു. പലയിടങ്ങളിൽ നിന്നായി വീട്ടുടമസ്ഥൻ ശേഖരിച്ച പുരാവസ്തുക്കളും ഈ വീടിന്റെ ഭാഗമാണ്. സമീപ സ്ഥലങ്ങളായ സാമഗ്രികൾ വീടിനെ ചെലവ് കുറഞ്ഞതാക്കി എന്ന് മാത്രമല്ല ഗ്രീൻ ആർക്കിടെക്ച്ചർ എങ്ങനെ പ്രയോഗികമാക്കാമെന്നും കാണിച്ചു തരുന്നു.
വീടിന്റെ ചെലവ് ചുരുക്കിയ ഘടകങ്ങൾ
➤ പ്ലോട്ടിൽ നിന്നുതന്നെ പൊട്ടിച്ചെടുത്ത കരിങ്കല്ല്.
➤ കംപ്രസ്ഡ് എർത്ത് ബ്രിക്ക് - പ്ലോട്ടിൽ തന്നെ ഉണ്ടാക്കി.
➤ തെങ്ങിന്റെ കഴുക്കോലും പട്ടികയും.
➤ റൂഫിൽ മാംഗ്ലൂർ ടൈൽ.
➤ ഫ്ലോറിങ്ങിന് താന്തൂർ സ്റ്റോണും റെഡ്ഓക്സൈഡും.
➤ ഇൻബിൽറ്റ് ഫര്ണിച്ചർ.
➤ പഴയ ഫർണിച്ചർ പുനരുപയോഗിച്ചു.
Client - Mr.Aveena & Dr.Kavitha
Loaction - Zaheerabad
Area - 2600 sqft
Design
Architects - Chaitanya Padal, Kinnera Varma & Radha Neela
Studio Inscape, Hydrabad
Phone - 98666 70845