
എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് ആർക്കും ഒരു പ്രയോജനവുമില്ലാതെ കിടന്നിരുന്ന ഒരു കരിങ്കൽ ക്വാറിയുടെ മാറിൽ തളിർത്ത പച്ചപ്പാണ് ഉറവ് ബാംബു റിസോർട്ട്. മണ്ണിനും മനസ്സിനും കുളിർ പകർന്ന് നിൽകുന്ന ബാംബു ഫോറസ്റ്റിന്റെ നടുവിലാണ് ഈ റിസോർട്ട്. ഇതൊരു സുഖവാസ കേന്ദ്രമല്ല മറിച്ച് പ്രകൃതിയുടെ പ്രതിഭാസങ്ങൾ അനുഭവിച്ചറിയുന്നതിനുള്ള ഒരു കേന്ദ്രമാണ്. 25 ഓളം വ്യത്യസ്ത ഇനം മുളകൾ തിങ്ങി വളരുന്ന 3 ഏക്കറിന്റെ വിശാലമായ പ്ലോട്ടിലാണ് ഈ റിസോർട്ട്. വയനാട്- കൽപറ്റയ്ക്ക് സമീപമുള്ള തൃക്കൈപ്പറ്റയിലാണ് മുളങ്കാടും മുളവീടും നിറയുന്ന ഈ റിസോർട്ട്. കാലാന്തരത്തിൽ പ്രകൃതിയിൽ അലിഞ്ഞ് തീരും എന്നതാണ് ഇത്തരം സൃഷ്ടികളുടെ സവിശേഷത.
പ്രകൃതിക്കൊപ്പം
പ്രകൃതിദത്ത സാമഗ്രികൾ കൊണ്ട് പ്രകൃതിക്കിണങ്ങും വിധത്തിൽ ഭൂമിയുടെ സ്വഭാവികതയിൽ ഭംഗം വരുത്താതെ ചിട്ടപ്പെടുത്തിയിരിക്കുന്നതാണ് ഈ റിസോർട്ട്. മലയാളി എഞ്ചിനീയറായ പി.ജെ ജോർജ്ജ് സ്വിസ് ആർക്കിടെക്റ്റുമാരായ യൂർഗ് ഗ്രുന്തർ, അരിയാന എന്നിവരാണ് ബാംബു കോട്ടേജിന്റെ രൂപകല്പനയും സാക്ഷാത്കാരവും നടത്തിയിരിക്കുന്നത്.
സാധാരണ രീതിയിൽ കോട്ടേജുകൾ നിർമ്മിക്കുന്നതിന് ഭൂമിയുടെ സ്വഭാവികത മാറ്റേണ്ടിവരുമെന്നതിനാൽ കോൺക്രീറ്റ് കാലുകളിൽ താണ്ടിയാണ് കോട്ടേജ് നിർമിച്ചിരിക്കുന്നത്. മൂന്നര അടിയോളം ആഴത്തിൽ മണ്ണുകൾ മാറ്റി കുഴിയെടുത്ത് കോൺക്രീറ്റ് തൂണുകൾ നാട്ടി അതിനു മുകളിൽ വുഡൻ ഫ്ലോറിങും ബാംബു കൊണ്ടുള്ള ഭിത്തിയും കോളവും ബീമും ഉപയോഗിച്ചാണ് കോട്ടേജുകൾ തീർത്തിരിക്കുന്നത്.
300 മുതൽ 400 ചതുരശ്രയടി വിസ്തീർണത്തിലാണ് കോട്ടേജുകൾ. മൊത്തം നാല് കോട്ടേജുകളാണ് ഇവിടെ തീർത്തിരിക്കുന്നത്. കോട്ടേജുകളുടെ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്ന പ്രധാന സാമഗ്രികൾ ബാംബു, വുഡ്, മഡ്, ഫെറോസിമന്റ് എന്നിവയാണ്. ഊർജ്ജ ഉപയോഗം ചുരുക്കുന്നതിനും പ്രകൃതിക്കുണ്ടാകാവുന്ന ആഘാതം കുറയ്ക്കുന്നതിനും പറ്റുന്ന രീതിയിലുള്ള സാമഗ്രികൾ മാത്രമേ ഇവിടെ ഉപയോഗിച്ചിട്ടുള്ളു.
ട്രീറ്റഡ് ബാംബു കൊണ്ടാണ് കോട്ടേജിന്റെ പ്രധാന ഭാഗങ്ങളെല്ലാം നിർമിച്ചിരിക്കുന്നത്. ബോറാക്സ്, ബോറിക് എന്നിവ ഉപയോഗിച്ചാണ് ബാംബു ട്രീറ്റ് ചെയ്തിരിക്കുന്നത്. മനുഷ്യന് അത്ര ഹാനികരമല്ലാത്ത രാസവസ്തുക്കളാണിവ. ബാംബു നിരത്തി അതിൽ മഡ് പ്ലാസ്റ്ററിങ് ചെയ്താണ് ചുമരുകൾ. ബാംബുകൊണ്ടുള്ള മേൽക്കൂര തീർത്ത് അതിൽ ഓണ്ടു ലൈൻ ഷീറ്റാണ് വിരിച്ചിരിക്കുന്നത്. മേൽക്കൂര തീർക്കുന്നതിന് ബാംബുവിനൊപ്പം കവുങ്ങും ഉപയോഗിച്ചിട്ടുണ്ട്.
പ്രകൃതിഭംഗി ആവോളം ആസ്വദിക്കാൻ പാകത്തിനാണ് കിടപ്പുമുറികൾ. ബാംബുവിൽ തീർത്തതാണ് ബാൽക്കണിയും. സീലിങ്ങിൽ ബാംബു മാറ്റും, ഷെറാ ബോർഡും ഉപയോഗിച്ചിട്ടുണ്ട്. പ്രകൃതിദത്തമല്ലാത്ത സാമഗ്രികൾ കൂടുതൽ ഉപയോഗിച്ചിരിക്കുന്നത് ബാത്റൂമിലാണ്. നനവുമായി കൂടുതൽ സമ്പർക്കം വരാമെന്നതിലാണ് ഈ ഭാഗത്ത് ഫെറോസിമന്റും ടൈലും ഉപയോഗിച്ചിരിക്കുന്നത്.
തൊടിയിലെത്തുന്ന മഴവെള്ളം ശേഖരിക്കുന്നത് കരിങ്കൽ ക്വാറിയിലാണ്. ഇതാണ് ചെടി നനയ്ക്കുന്നതിനും മറ്റും ഉപയോഗിക്കുന്നത്. ബയോമാസ് വാട്ടർ ഹീറ്റിംഗ് സംവിധാനമാണ് വെള്ളം ചൂടാക്കുന്നത്തിന്.
റിസോർട്ടിലേക്ക് എത്തുന്നതിന് സ്വന്തം വാഹനമില്ലെങ്കിൽ തദ്ദേശവാസികളുടെ വാഹനം വാടകയ്ക്ക് എടുക്കണം. കമ്മ്യൂണിറ്റി ഡെവലപ്മെന്റിന്റെ ഭാഗമായിട്ടാണ് ഈ നീക്കം. ഭക്ഷണവും തദ്ദേശവാസികളിൽ നിന്നാണ് സംഭരിക്കുന്നത്. നാടൻ വിഭവങ്ങളുടെ രുചിയറിയുന്നതിനും തദ്ദേശീയരുമായിട്ട് ഇടപഴകുന്നതിനും ഇത് അവസരമൊരുക്കുന്നു.
റിസോർട്ടിൽ എത്തുന്നവർക്ക് വില്ലേജ് വാക്, സോഫ്റ്റ് ട്രെക്കിങ്, ഫിഷിങ്, കുക്കിംഗ് ക്ലാസ്, യോഗ, ആയുർവേദ ട്രീറ്റ്മെന്റിനുമൊക്കെ അവസരമുണ്ട്. കാരപ്പുഴ ഡാം ചെമ്പ്രപീക്ക്, കാന്തംപാറ, സൂചിപ്പാറ എന്നിവ റിസോർട്ടിന് സമീപത്തായിട്ടാണ്.
പക്ഷി കൂടൊരുക്കുംപോലെ പ്രകൃതിയിൽ അലിഞ്ഞ് തീരുന്ന നിർമിതികളാണിവ. വരും തലമുറയ്ക്കായി ഈ ഭൂമിയെ സംരക്ഷിക്കാനാഗ്രഹിക്കുന്ന ആർക്കും തെരഞ്ഞെടുക്കാവുന്ന ഏറ്റവും ഉദാത്തമായ മാതൃകയാണ് ഈ സൃഷ്ടി.
Client - Shivaraj - Urav Bamboo Resort
Location - Thrikkaipetta, Wayanad
Plot area - 3 acer
Designers - George,
Ar.Jurg Grunder & Ar.Ariadna Binefa
Photo - Ajeeb Komachi