ഒരു ആർക്കിടെക്റ്റിന് സ്വന്തം വീട് ഏറ്റവും പ്രിയപ്പെട്ടതാകുന്നത് എങ്ങനെ?

This article has been viewed 2356 times
സ്വന്തം വീടാകുമ്പോൾ ഇഷ്ടമുള്ള രീതിയും ശൈലിയുമൊക്കെ പിന്തുടരാം. അതുകൊണ്ടുതന്നെ സ്വന്തം വീട് എങ്ങനെ ആവണം എന്നത് വളരെ മുൻപേ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു. വില്ലാ പ്രോജക്റ്റ് ആയതിനാൽ എലിവേഷനിൽ ഒന്നും പ്രാവർത്തികമാക്കാൻ സാധിച്ചില്ല. അതുകൊണ്ടുതന്നെ ഇന്റീരിയറാണ് ഇവിടെ ഫോക്കസ് ചെയ്തിരിക്കുന്നത്. സമകാലീന ശൈലിയുടെ പൂരകങ്ങളും ട്രോപ്പിക്കൽ ആർക്കിടെക്ച്ചറിന്റെ തത്വങ്ങളും മാനിച്ചു കൊണ്ടുള്ള ഡിസൈനാണ് ആകെ പിന്തുടർന്നിരിക്കുന്നത്.

പ്രകൃതിയും വീടും തമ്മിൽ അഭേദ്യമായ ബന്ധം പുലർത്തും വിധമാണ് വീടിന്റെ സ്ട്രക്ച്ചർ ഡിസൈൻ ചെയ്തിരിക്കുന്നത്. വായുവിനേയും വെളിച്ചത്തേയും ഉള്ളിലേക്കാനയിക്കും വിധമാണ് ഡിസൈൻ നയങ്ങൾ കൈകൊണ്ടിരിക്കുന്നത്. മാത്രമല്ല അകത്തളങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന വസ്തുതകളും എല്ലാം ട്രോപ്പിക്കൽ ആർക്കിടെക്ച്ചറിന്റെ തത്വങ്ങളോട് നീതി പുലർത്തുന്നു. ഈ വസ്തുതകളെല്ലാം വിശാലവും സുന്ദരവും ലളിതവുമാക്കി വീട്ടിൽ താമസിക്കുന്നവരുടെ ജീവിതശൈലിക്ക് അനുസൃതമായിട്ടാണ് ഒരുക്കിയതെന്നും ഡിസൈനർ അവിനാശ് പറയുന്നു.

നാച്യുറൽ നിറങ്ങളും ടെക്സ്ച്ചറുകളും ആണ് ഉൾത്തളങ്ങളുടെ മനോഹാരിത കൂട്ടുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. അകത്തളങ്ങളിലെ വലിയ ജനാലകളും ഡബിൾ ഹൈറ്റ് സ്പേസും ഓപ്പണിങ്ങുകളുമെല്ലാം പാഷിയോയുടെ സൗന്ദര്യവും പച്ചപ്പും എന്നിങ്ങനെ നയന മനോഹരമായ കാഴ്ചകളെ കൂടി ഉള്ളിലേക്കെത്തിക്കുന്നു.

പരമ്പരാഗത ശൈലിയോട് ചേർന്ന് നിൽക്കുന്ന ഓക്‌സൈഡ് ഫ്ലോറിങ്ങാണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചിട്ടുള്ളത്. ബ്ലാക്ക്, ഗ്രേ കോംപിനേഷനിൽ ബ്രൗൺ ബോർഡർ കൂടി നൽകിയതിനാൽ ഫ്ലോറിങ്ങിന്റെ മനോഹാരിത ഇരട്ടിപ്പിക്കുന്നു. അലങ്കാരങ്ങൾക്ക് വേണ്ടിയുള്ള പ്രൊജക്ഷനുകളോ കൂട്ടിയിണക്കലുകളോ ഒന്നും തന്നെ നൽകാതെയുള്ള ഡിസൈൻ രീതികളാണ് ഇന്റീരിയറിൽ പിന്തുടർന്നിട്ടുള്ളത്. വലിയ ഓപ്പണിങ്ങുകൾ പകലും രാത്രിയിലും അകത്തളത്തിന്റെ മാസ്മരികത നിലനിർത്തുന്നു.

വീട്ടിലെ താമസക്കാരുടെ ആഗ്രഹത്തിനൊത്ത് ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവ ഒരു മൊഡ്യൂളിൽ ഒരുക്കി. പരസ്പരം ആശയവിനിമയം സാധ്യമാക്കുന്നതിനാണ് മറയില്ലാതെ ഇട സ്പേസുകൾ ക്രമീകരിച്ചത്.

മുകളിലും താഴെയുമായി നാല് കിടപ്പുമുറികളാണ് ഈ വീട്ടിൽ ഉള്ളത്. സിംപിൾ ഫോർമാറ്റിലുള്ള ഡിസൈൻ രീതികളാണ് മുറികളുടെ പ്രത്യേകത. സൂര്യപ്രകാശത്തെ ഉള്ളിലേക്കെത്തിക്കുന്ന ജനാലകളിൽ ഏറ്റവും സുന്ദരമായത് ഫസ്റ്റ് ഫ്ലോറിലെ കിഴക്ക് ഭാഗത്തുള്ള ബെഡ്‌റൂമാണ്. ഇവിടെ ഏർപ്പെടുത്തിയിട്ടുള്ള ബേ വിൻഡോയും ഹെഡ്റെസ്റ്റിന് മുകളിലെ ഓപ്പണിങ്ങും കാറ്റും വെളിച്ചവും യഥേഷ്‌ടം ഉള്ളിലേക്കെത്തിക്കുന്നു. ഓക്‌സൈഡ് ഫ്ലോറിങ്ങിന്റെ ഭംഗിയും സീലിങ്ങിലെ കോൺക്രീറ്റ് ഫിനിഷിന്റെ ചാരുതയും ഈ മുറിയെ കൂടുതൽ മനോഹരമാക്കുന്നു.

മോഡുലാർ കിച്ചനാണിവിടെ പുറത്തെ ലാൻഡ്സ്‌കേപ്പിലേക്ക് നൽകിയ ഓപ്പണിങ്ങുംസിമന്റ് പോളിഷ്ഡ് വെർട്ടിക്കൽ ഗ്രൂവും എല്ലാം അടുക്കളയെ ആഢംബരപൂർണമാക്കുന്ന ഘടകങ്ങളാണ്. കൗണ്ടർ ടോപ്പിന് നാച്വറൽ സ്റ്റോൺ നൽകി. ക്ലിയർ വാർണിഷ്ഡ് റബർ വുഡ് ഷട്ടറുകളും ഗ്രീൻ സ്‌റ്റെയിൻ ക്യാബിനറ്റുകളും നൽകി.

ഇങ്ങനെ ഗുണവും മികവും ഒത്തുചേരുന്ന രീതികളും നയങ്ങളും താമസക്കാരുടെ ആഗ്രഹങ്ങളെ അടിസ്ഥാനമാക്കി നിവർത്തിച്ചത് തന്നെയാണ് വീടിന്റെ ഹൈലൈറ്റ്. അതുകൊണ്ടു തന്നെ ആർക്കിടെക്റ്റ് തത്വങ്ങളോട് നീതിപുലർത്തിയതിനൊപ്പം തന്നെ വീട്ടുകാരോടും നീതിപുലർത്താനായി എന്ന് വീടിന്റെ ഉടമസ്ഥനും ഡിസൈനറുമായ അവിനാശ് പറയുന്നു.


Client - Avinash
Location - Kakanad, Ernakulam
Plot - 8 cent
Area - 2800 sqft

Design - Avinash
Nirvana Studios
, Ernakulam
www.stnirvana.com
Phone - 96202 46603