അതിശയിപ്പിക്കുന്ന വീട്: പഴമയുടെ തനിമയിൽ പുതുമയോടെ എങ്ങനെ വീടൊരുക്കാം എന്നതിനൊരു മാതൃക

This article has been viewed 1606 times
ഏതൊരു വസ്തുവും ക്യാമറ കണ്ണിലൂടെ നോക്കുമ്പോൾ അതിനൊരു പ്രത്യേക ഭംഗി കൈവരുന്നത് കാണാം. ഓരോ ആംഗിളും ഓരോ ബ്യൂട്ടിയാണ്. ആർക്കിടെക്ച്ചർ ഫോട്ടോഗ്രഫിയുടെ സൗന്ദര്യ ശാസ്ത്രം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ഈ വീടിന്റെ ഓരോ പിക്ച്ചറും കാണുമ്പോൾ നമ്മുക്ക് മനസിലാകും.

ഏതാണ്ട് 15 വർഷത്തോളമായി ആർക്കിടെക്ച്ചർ ഫോട്ടോഗ്രഫി രംഗത്ത് പ്രവർത്തിക്കുന്ന ആളാണ് ഷിജോ തോമസ്. ഇദ്ദേഹത്തിന് ആർക്കിടെക്ച്ചർ ഫോട്ടോഗ്രഫി ഒരു പാഷൻ ആണ്. ഇന്നത്തെ പുതുപുത്തൻ സാങ്കേതിക വിദ്യകളും, സോഫ്റ്റ് വെയറുകളും ആർക്കിടെക്ച്ചർ ഫോട്ടോഗ്രഫിയെ ഏറെ മുന്നിലെത്തിച്ചിരിക്കുന്നു എന്ന് ഇദ്ദേഹം പറയുന്നു. പലർക്കും ഇഷ്ടങ്ങൾ പലതാണ്. ഒരു പ്രൊജക്റ്റ് ഷൂട്ട് ചെയ്യുമ്പോൾ ചില വർക്കുകൾ, ഡീറ്റെയിലിങ്ങുകൾ ഹൈലൈറ്റ് ചെയ്ത് കാണിക്കേണ്ടതായി വരും. അതനുസരിച്ച് ക്ലോസപ് ഷോട്ടുകളും വൈഡ് ആംഗിളുകളും സെലക്ട് ചെയ്യുന്നു.

കാനോൺ 5DS ക്യാമറ ആണ് ആർക്കിടെക്ച്ചർ ഷൂട്ടിനായി ഉപയോഗിക്കുന്നത്. വൈഡ് ആംഗിലാണ് ഫോക്കസ് ചെയ്യുന്നതെങ്കിൽ 14, 16 ലെൻസാണ് ഉപയോഗിക്കുന്നത്. സ്റ്റെയർകേസോ അതുപോലെ ഉള്ള മറ്റെന്തെങ്കിലും ക്ലോസപ്പ് ഷോട്ട് എടുക്കണമെങ്കിൽ 85 ലെൻസാണ് ഉപയോഗിക്കുന്നത്. ഇങ്ങനെ എടുക്കുമ്പോൾ എന്താണോ ഫോക്കസ് ചെയ്യുന്നത് അതിന്റെ ടൈറ്റ് ഇമേജും ബാക്ഗ്രൗണ്ടിന് പ്രാധാന്യമില്ലാതെയും എടുക്കാൻ സാധിക്കും. ആർക്കിടെക്റ്റിന്റെയോ ഡിസൈനേഴ്സിന്റെയോ നിർദ്ദേശമനുസരിച്ച് എലിവേഷൻ ഓരോ ആംഗിളുകളും ഫോക്കസ് ചെയ്യുന്നത്. ഏതെങ്കിലുമൊരു ഭാഗം പ്രത്യേകമായി എടുത്തു കാണിക്കേണ്ടതോ മറ്റോ ഉണ്ടെങ്കിൽ ആ ഒബ്ജക്ടിന് പ്രാധാന്യം നൽകി എടുക്കുകയും ചെയ്യാം. ലഭ്യമായ വെളിച്ചത്തിലോ, അതല്ലെങ്കിൽ ലൈറ്റ് അപ്പ് ചെയ്‌തോ ഷൂട്ട് ചെയ്യാം. ഇവിടെ ലൈറ്റ് അപ്പ് ഒന്നും തന്നെ ചെയ്യാതെയാണ് ഷൂട്ട് ചെയ്തത്. ഷൂട്ട് ചെയ്തതിന് ശേഷം സോഫ്റ്റ് വെയർ ഉപയോഗിച്ച് മെർജ് ചെയ്യുകയാണ് ചെയ്തത്.

പലരുടേയും ഇഷ്ടങ്ങൾ പലതാണ്. ആ ഇഷ്ടങ്ങൾ അനുസരിച്ച് ഒരു പ്രൊജക്റ്റ് ഷൂട്ട് ചെയ്ത് അവർക്ക് ഇഷ്ടമുള്ള കളർടോണോ, മിക്സിങ് എല്ലാം വളരെ എളുപ്പത്തിൽ ചെയ്യാൻ സാധ്യമാണ്. ലൈറ്റ് ഫിറ്റിങ്ങുകളുടെ മനോഹാരിത ലഭ്യമാവണമെങ്കിൽ നൈറ്റ് ഷോട്ടാണ് ഉചിതം. ഇന്റീരിയറിൽ ആണെങ്കിൽ ക്ലോസപ് ഷോട്ടുകളും, വൈഡ് ഷോട്ടുകളുമെല്ലാം പല ആംഗിളിൽ നിന്നെടുക്കുന്നു. ഇങ്ങനെ ഒരു പ്രോജക്റ്റ് ഷൂട്ട് ചെയ്യുമ്പോൾ അതിന്റെ പൂർണത മുഴുവനായും ലെൻസ് വെച്ച് പകർത്താൻ ഇന്ന് സാധ്യമാണെന്ന് ഷിജോ തോമസ് പറയുന്നു.


പഴമയും പുതുമയും ഒത്തുചേരുമ്പോൾ
ഇങ്ങനെ ഓരോ സ്പേസിന്റെയും മനോഹാരിത അതിന്റെ തനിമ ചോരാതെ ഒപ്പിയെടുത്ത ഒരു പ്രൊജക്റ്റ് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ട്രോപ്പിക്കൽ ആർക്കിടെക്ച്ചറിന്റെ എല്ലാ സാരാംശങ്ങളും ഉൾച്ചേർത്തുകൊണ്ട് പണിതിരിക്കുന്ന വീട്. പഴമയുടെ സാരാംശങ്ങളും പുതുപുത്തൻ ഡിസൈൻ രീതികളും നയങ്ങളുമാണ് ഈ വീടിനെ മികവുറ്റതാക്കുന്നത്. മുഖപ്പും, തട്ടുതട്ടായുള്ള റൂഫിങ് രീതിയുമെല്ലാം പഴമയുടെ തനിമയോടെ ഉൾച്ചേർത്തിരിക്കുന്നത് കാണാം.

5900 സ്‌ക്വർഫീറ്റിൽ കാലടിയ്ക്ക് അടുത്ത് ഒക്കൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വീട് സെന്തിൽ മോഹന്റെയും കുടുംബത്തിന്റേയുമാണ്. പരമ്പരാഗത ശൈലി ഘടകങ്ങളും ആശയങ്ങളും പരസ്പരം ചേർന്നു പോകും വിധമാണ് വീട് രൂപകൽപന ചെയ്തിട്ടുള്ളത്.
(പച്ചപ്പിന്റെ സാനിദ്ധ്യം കൂടി കണക്കിലെടുത്തു കൊണ്ട് എലിവേഷന്റെ മുഴുവൻ ഭംഗിയും ഒരു ഫ്രെയിമിൽ കൊണ്ടുവന്നിരിക്കുന്നത് കാണാം.)

വീടിന് പിറകുവശത്തായി ഗസേബുവും അതിനടുത്തു തന്നെ ചെറിയൊരു പൂളും നൽകിയിട്ടുണ്ട്. ലാൻഡ്സ്‌കേപ്പിങ്ങിനും തുല്യതാ പ്രാധാന്യം നൽകിയത് എലിവേഷന്റെ മനോഹാരിത ഇരട്ടിപ്പിക്കുന്നുണ്ട്. വിശാലമായൊരു കാർ പാർക്കിങ്ങും, സിറ്റൗട്ടിന് മുകളിലായി നൽകിയ ബാൽക്കണിയും, ഡബിൾ ഹൈറ്റ് സ്പേസുമെല്ലാം എലിവേഷന്റെ ചാരുത കൂട്ടുന്ന ഘടകങ്ങളാണ്.

ആവിഷ്കാരങ്ങൾ പൂർണതയോടെ
തുറന്ന നയവും വിശാലതയും ഒപ്പം സ്വകാര്യതയും കണക്കിലെടുത്തുകൊണ്ടുള്ള രീതികൾക്കാണ് ഇന്റീരിയറിൽ ഊന്നൽ നൽകിയത്. സിറ്റൗട്ടിൽ നിന്നും അകത്തേക്ക് പ്രവേശിക്കുന്നത് ഗസ്റ്റ് ലിവിങ്ങിലേക്കാണ്. കാറ്റിനും വെട്ടത്തിനും സ്വാഗതമരുളിക്കൊണ്ടാണ് ലിവിങ്ങിന്റെ ക്രമീകരണം. സെമി പാർട്ടീഷൻ ഏർപ്പെടുത്തിയാണ് ലിവിങ്ങിൽ നിന്നും ഡൈനിങ്ങിനെ വേർതിരിച്ചിട്ടുള്ളത്.

നീളൻ സ്പേസിലാണ് ഡൈനിങ്ങിന്റെ ക്രമീകരണം. വുഡിന്റെയും വെനീറിന്റെയും ഫിനിഷിൽ കൊടുത്തിട്ടുള്ള സീലിങ് പാറ്റേൺ ഇന്റീരിയറിന്റെ ആംപിയൻസ് കൂട്ടുന്നു. ഡൈനിങ് സ്പേസിന്റെ ചന്തം കൂട്ടുന്നതിനായി സീലിങ്ങിൽ മധുബനി പെയിന്റിങും കൊടുത്തു.

ഇന്റീരിയറിൽ ആകെ നൽകിയിട്ടുള്ള പെയിന്റിങ്ങുകളും ലൈറ്റിങ്ങുകളുടെ ക്രമീകരണങ്ങളും ഇന്റീരിയറിന് ഒരു പ്രത്യേകത ഫീൽ നൽകുന്നു.

വീടിനകത്തെ സ്റ്റെയർകേസാണ് ഇന്റീരിയറിന്റെ മറ്റൊരു ഹൈലൈറ്റ്. സ്പൈഡർ ഷെയ്പ്പിലുള്ള സ്റ്റെയർകേസും അതിനു താഴെ വർത്തുളാകൃതിയിൽ ഒരുക്കിയ ലിവിങ് സ്പേസും പ്രത്യേകതയാണ്. എല്ലാ സ്പേസിലും വിന്യസിച്ചിട്ടുള്ള ഫർണീച്ചറുകൾ ഇന്റീരിയറിന്റെ അഴകളവുകൾക്കനുസരിച്ച് പണിതെടുത്തവയാണ്. തേക്കും വാൾനട്ട് ഫിനിഷുമാണ് ഇവയുടെ ഭംഗി. കോർട്ടിയാർഡും, സ്കൈലൈറ്റും, ഡോർ കം വിൻഡോസുമെല്ലാം അകത്തളങ്ങളിലെ മാസ്മരികത ഇരട്ടിയാക്കുന്നു.

ആശയങ്ങളെ കൂട്ടിയിണക്കി
5 കിടപ്പുമുറികളാണ് ഈ വീട്ടിൽ ഉള്ളത്. കുട്ടികൾക്ക് അച്ഛന്റേയും അമ്മയുടേയും കൂടാതെ ഗ്രാന്റ്പാരൻസിന്റെ കൂടി പരിലാളനം ലഭിക്കും വിധമാണ് താഴത്തെ മുറികളുടെ സജ്ജീകരണം. മുറികളിലെ ഹെഡ്റെസ്റ്റും സീലിങ് പാറ്റേണും വാഡ്രോബ് യൂണിറ്റുകളും, മറ്റെല്ലാ ക്രമീകരണങ്ങളും മുറിയിൽ താമസിക്കുന്നവരുടെ രീതികൾക്ക് അനുയോജ്യമായി ഒരുക്കി.

മുകൾ നിലയിൽ അപ്പർ ലിവിങ് കൂടി നൽകി. ഇത് കൂടാതെ ജിംനേഷ്യം, ഒരു ഹോംതീയേറ്റർ എന്നീ സൗകര്യങ്ങളും ഏർപ്പെടുത്തി.

ഓപ്പൺ കൺസെപ്റ്റിലാണ് കിച്ചൻ. കിച്ചനോട് ചേർന്നൊരു ലൈബ്രറി സ്പേസും ഒരുക്കി. ഇവിടെ തന്നെ നൽകിയ പാൻട്രി സ്പേസ് കുട്ടികൾ സ്റ്റഡി ഏരിയയായിട്ടാണ് ഉപയോഗിക്കുന്നത്. അമ്മ അടുക്കളയിൽ പാകംചെയ്യുമ്പോൾ തന്നെ കുട്ടികളിലേക്കും ശ്രദ്ധ എത്തുന്നതിന് ഇത് സഹായകമാണ്. ഷോ കിച്ചൻ കൂടാതെ വർക്കിങ് കിച്ചനും ഉണ്ട്. സെർവൻസിന് വീട്ടിൽത്തന്നെ താമസിക്കാനുള്ള സൗകര്യം കൂടി കിച്ചനോട് ചേർന്നുതന്നെ നൽകി.

ഇങ്ങനെ കാലികമായ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് എന്നാൽ പരമ്പരാഗത ശൈലി ഘടകങ്ങളെ കൂടി ചേർത്തു നിർത്തിക്കൊണ്ടാണ് വീട് ഡിസൈൻ ചെയ്തത്. ഇപ്പോൾ എല്ലാ സ്പേസും വീട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടതാണ്. സോളാർ സംവിധാനം കറന്റ് ചാർജ് കുറയ്ക്കുന്നു. സർവ്വ സ്വാതന്ത്ര്യത്തോടുള്ള സമീപനവും ഈ വീടിന്റെ എടുത്തു പറയേണ്ട പ്രത്യേകതയാണ്.

Client - Mr. Senthil Mohan
Location - Okkal, Kalady
Plot - 41.8 cent
Area - 5900 sq ft

Design - Ar. Sachin
Archimatrix India Associates
, Cochin
Phone- 82812 97872

Text courtesy - Resmy Ajesh