
ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശമായ മല്ലേശ്വരത്തുള്ള ഈ വീട് കാഴ്ചക്കാരുടെ ശ്രദ്ധ കവരുന്നത് മൗലികമായ രചന കൊണ്ടും സവിശേഷ നിർമാണ രീതിമൂലവുമാണ്. അകത്തും പുറത്തും ആവോളം ഗ്രീനറി നിറച്ചിരിക്കുന്ന ഈ വീട് കോൺക്രീറ്റ് കാടിനുള്ളിലെ പച്ചത്തുരുത്താണ്. പഴമയേയും പച്ചപ്പിനേയും സ്നേഹിക്കുന്ന സന്തോഷ്-പല്ലവി ദമ്പതികൾക്കായി ചിട്ടപ്പെടുത്തിയിരിക്കുന്നതാണ് ഈ വീട്. ആർക്കിടെക്റ്റ് രാജേഷ് ശിവറാം ആണ് വീട് രൂപകൽപന ചെയ്തിരിക്കുന്നത്.
മേൽക്കൂര നിറയെ ഗ്രീനറിയും എക്സ്പോസിഡ് ക്ലേ ബ്രിക്സ് കൊണ്ടുള്ള ചുമരും നഗരവീടുകൾക്ക് ആരും പരിഗണിക്കാറില്ല. പ്ലോട്ടിൽ പണ്ട് ഉണ്ടായിരുന്ന വീടിന്റെ ഓർമക്കുറുപ്പുകളാണ് പച്ചപ്പിലും ക്ലേ ബ്രിക്സിലും നിറയുന്നത്. പ്രത്യേക പാറ്റേണിലുള്ള ക്ലേ ബ്രിക് ചുമരും ജാളി
വർക്കും ലൂവറുമൊക്കെ പഴമയുടെ പുതിയ വ്യാഖ്യാനമാണ് വീടിന് നൽകുന്നത്.
മൂന്ന് നിലകളിൽ 7000 ചതുരശ്രയടി വിസ്തീർണത്തിലാണ് വീട്. സിറ്റൗട്ട്, ഫോയർ, ലിവിങ്, ഡൈനിങ്, കിച്ചൻ, സ്റ്റോർ, പൗഡർ റൂം, യൂട്ടിലിറ്റി, മാസ്റ്റർ ബെഡ്റൂം എന്നിവയാണ് ഗ്രൗണ്ട് ഫ്ലോറിൽ സജ്ജീകരിച്ചിരിക്കുന്നത്. ഫാമിലി ഏരിയ, ലോബി, കിഡ്സ് റൂം, ബെഡ്റൂം എന്നിവയാണ് ആദ്യ നിലയിൽ. മൾട്ടിപർപ്പസ് റൂം, വാട്ടർ ബോഡി, ലോബി, ലാൻഡ്സ്കേപ്പ് എന്നിവയാണ് സെക്കന്റ് ഫ്ലോറിൽ.
വീടിന്റെ അകത്തും പുറത്തും ഗ്രീനറി നിറച്ചിരിക്കുന്ന അന്തരീക്ഷം ഊർജ്ജസ്വലമാക്കുന്ന ഘടകമാണ്. ഗാർഡനാണ് വീടിന്റെ ഫോക്കൽ പോയിന്റ്. ജീവിതരീതി പഴ്ചാത്തലമാക്കിയാണ് പുതിയ വീടിന്റെ സംരചനയും സാക്ഷാത്കാരവും. ബാൽക്കണിയും ഷെയിഡും ടെറസുമാണ് വീടിന്റെ ഗാർഡനാക്കി മാറ്റിയിരിക്കുന്നത്. പല ലെവലിലുള്ള ഷെയിഡും ബാൽക്കണിയും ഗാർഡനാക്കി മാറ്റിയതോടെ വീടിന്റെ എക്സ്റ്റീരിയർ ഒരു വെർട്ടിക്കൽ ഗാർഡനായി മാറി.
മൂന്ന് നിലകളിലാണ് മുറികൾ ക്രമീകരിച്ചിരിക്കുന്നത് എങ്കിലും തുറന്നു കിടക്കുന്ന വീട്ടകം തമ്മിലുള്ള വേർതിരിവ് ഒഴിവാക്കുന്നുണ്ട്. സ്റ്റെയർക്കേസിന്റെ ഇരുവശത്തുമായിട്ടാണ് സ്വീകരണമുറിയും ഡൈനിങ്ങും. ക്ലാസിക് ടച്ചുള്ള ഫർണിച്ചറാണ് ഇടങ്ങളെ ഫങ്ങ്ഷണലാക്കുന്നത്. കാന്റിലിവർ ഗോവണിയാണ് നിലകൾ തമ്മിൽ ബന്ധിപ്പിക്കുന്നത്. ലിഫ്റ്റ് സൗകര്യവും നൽകിയിട്ടുണ്ട്. വുഡും സ്റ്റീലും കൊണ്ടാണ് ഗോവണി. സ്ഥലവും സാമഗ്രിയും സമയവും ലാഭിക്കുന്നതാണ് സ്റ്റെയർക്കേസ്. ഗ്രൗണ്ട്ഫ്ലോറിൽ ഗോവണിക്ക് സമീപത്ത് വാട്ടർ ബോഡിയും ഗ്രീനറിയുമാണ്.
സ്റ്റെയറിന്റെ ലാൻഡിങ് ആണ് അപ്പർ ലിവിങ്ങ്. മൂന്ന് നിലകളും തുറന്നു കിടക്കുന്നതിനാൽ ആശയവിനിമയവും കാഴ്ചയും ലഭ്യമാണ്. ജാളിവർക്കുകളും ലൂവറും ഗ്ലാസ് വാളും നീളം കൂടുതലുള്ള ജാലകങ്ങളും ഇന്റീരിയറിൽ പരമാവധി കാറ്റും വെളിച്ചവും എത്തിക്കുന്നുണ്ട്. പൊതുയിടങ്ങൾ ചേർത്തും സ്വകാര്യയിടങ്ങൾ പ്രത്യേകമായിട്ടുമാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ലിവിങ്, ഫാമിലി ലിവിങ്, ലോബി ഒക്കെയും ഗ്രീനറി കൊണ്ട് സമ്പന്നമാണ്.
മൂന്ന് കിടപ്പുമുറികളാണ് വീട്ടിലുള്ളത്. ആഢംബരത്തിൽ പൊതിഞ്ഞാണ് കിടപ്പുമുറികൾ . ഹെഡ്ബോർഡും സീലിങ്ങും നിറവിന്യാസവും സോഫ്റ്റ് ഫർണിഷിങ്ങുമാണ് കിടപ്പുമുറികൾ ഭിന്നമാക്കുന്നത്. വെറ്റ് ഡ്രൈ പാർട്ടീഷനോട് കൂടിയ ആഢംബര ബാത്ത്റൂമുകളാണ് ഇവിടുള്ളത്. ഭിത്തി മുഴുവൻ ടൈൽ പൊതിഞ്ഞിരിക്കുന്നത്. സ്നാന മുറിയുടെ തറയിൽ പെബിൾസാണ് നിരത്തിയിരിക്കുന്നത്.
മൗലികമായ ആവിഷ്ക്കാരവും തിരഞ്ഞെടുത്ത സാമഗ്രികളുടെ ഉപയോഗവും കുടുംബാംഗങ്ങളുടെ ഇഷ്ടങ്ങളുടെ കൃത്യമായ നിർവ്വചനവും ഈ പാർപ്പിടത്തെ വേറിട്ടതാക്കുന്നു.
Client - Santhosh & Pallavi
Location - Malleswaram, Bangalore
Area - 7000 sqft
Design - Rajesh Shivaram
Techno Architecture INC
Bangalore
Phone - 080 6596 3992 / 080 4210 3764