പച്ചമരത്തണൽ നിറയുന്ന വീട്

This article has been viewed 1593 times
ചെറിയ ഒരു കുന്ന്. അതിന്റെ നെറുകയിലൊരു 21 സെന്റിന്റെ പ്ലോട്ട്. ഈ തൊടി നിറയെ നാടനും മറുനാടനുമായ സസ്യലതാദികളാണ്. അവയ്‌ക്കിടയിൽ കാലിക ശൈലിയുടേയും കേരള മാതൃകയുടേയും മിശ്രണത്തിൽ ഒരു ഇരുനില വീട്. ചുറ്റുമുള്ള പച്ചപ്പിന്റെ കാഴ്ചകൾക്കൊപ്പം വീട്ടകവും പച്ചത്തുരുത്തിന്റെ കുളിരും തെന്നലും നിറയുന്നതാണ് ഈ വീടിനെ വിശേഷപ്പെട്ടതാക്കുന്നത്.

പാർപ്പിടത്തിന്റെ അകത്തും പുറത്തും പരമാവധി ഗ്രീനറികൾ നിറച്ചാണ് വീടിന്റെ സാക്ഷാത്കാരം. തൊടിയും കുളവും അതിലൊരു വീടും സംഗമിക്കുന്ന പരമ്പരാഗത ഗൃഹശൈലിയുടെ നൂതനാവിഷ്കാരമാണ് ഈ വീടും ഇതിന്റെ പരിസരവും.

ഷെരിഫ് അരിക്കനും കുടുംബത്തിനുമായി കൊളപ്പുറത്താണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. 6047 ചതുരശ്രയടി വിസ്തീർണത്തിലാണ് വീട്ടിലെ സൗകര്യങ്ങൾ. ഹണികോംപ് ആർക്കിടെക്റ്റ്സ് കോഴിക്കോട് സാരഥികളായ ദിവിനും ഫായിസും ചേർന്നാണ് വീടിന്റെ രൂപകല്പനയും സാക്ഷാത്കാരവും നിർവ്വഹിച്ചിരിക്കുന്നത്.

കാറ്റും വെളിച്ചവും കയറുന്ന 5 കിടപ്പുമുറികൾ, ഒരെണ്ണത്തിൽ സ്യൂട്ട് റൂം സൗകര്യങ്ങൾ ഉണ്ടാവണം, വിശാലമായിരിക്കണം ക്വാളിറ്റി സാമഗ്രികൾ ഉപയോഗിക്കണം എന്നിങ്ങനെയായിരുന്നു വീട്ടുകാരുടെ ഭവന സങ്കല്പം. ആവശ്യങ്ങൾ സാക്ഷാത്കരിക്കുന്ന സംരചനയും അകത്തും പുറത്തും പരമാവധി ഗ്രീനറിയും നൽകിയാണ് വീട് പൂർത്തീകരിച്ചിരിക്കുന്നത്.

ലാട്രൈറ്റ് കൊണ്ടാണ് ചുറ്റുമതിൽ. ഗ്രീനറി കൊണ്ട് മറ്റൊരു ചുറ്റുമതിലും ഒരുക്കിയിട്ടുണ്ട്. ഫണ്ടർമാക്‌സും എം.എസും കൊണ്ടാണ് ഗേറ്റ്. മുറ്റത്ത് താന്തൂർ സ്റ്റോൺ പാകിയിട്ടുണ്ട്. ഫ്ലാറ്റ് - സ്ലോപ് പാറ്റേണിലാണ് റൂഫ്. മേൽക്കൂരയിൽ ഇറക്കുമതി ചെയ്ത ക്ലേ ടൈലാണ്. മെറ്റാലിക് ഗ്രേ നിറമാണ് ഇതിൽ. ഭിത്തി അലങ്കരിക്കുന്നത് ഫണ്ടർമാക്‌സും രാജസ്ഥാനിൽ നിന്ന് ഇറക്കുമതി ചെയ്ത ആഗ്ര റെഡ് നാച്യുറൽ സ്റ്റോണുമാണ്. ബാൽക്കണിക്ക് മുകളിൽ എം.എസ് പ്ലേറ്റും ഗ്ലാസും കൊണ്ടാണ് കനോപ്പി തീർത്തിരിക്കുന്നത്. ഗാർഡന്റെ ഭാഗമായി ഒരു ഗസിബോയും ഒരുക്കിയിട്ടുണ്ട്. എം.എസിലുള്ളതാണ് ഗസിബോ.

കാർപോർച്ച്, സിറ്റൗട്ട്, ഫോയർ, ഡൈനിങ്, സ്റ്റഡി സ്പേസ്, ലിവിങ്, ഫാമിലി ലിവിങ്, പ്രയർ റൂം, കിച്ചൻ, വർക്കേരിയ, ഗ്രീൻ കോർട്ട്, അപ്പർ ലിവിങ്, 5 കിടപ്പുമുറികൾ, സ്വിമ്മിങ് പൂൾ, ഡെക്ക് കവേർഡ് ടെറസ്, ഓപ്പൺ ടെറസ് എന്നിവയാണ് ഇന്റീരിയറിലെ സൗകര്യങ്ങൾ.

ഇറ്റാലിയൻ മാർബിൾ പുതച്ച ഫ്ലോറാണ് പൂമുഖം മുതൽക്കേ. ഇടങ്ങളുടെ സവിശേഷതയ്ക്ക് അനുസരിച്ച് ചിലയിടങ്ങളിൽ ടൈലും ഇന്ത്യൻ മാർബിളും ഉപയോഗിച്ചിട്ടുണ്ട്. സിറ്റൗട്ട് മുതൽ തന്നെ ഫോൾസ് സീലിങ് ചെയ്തിട്ടുണ്ട്. തേക്കിലും ഈട്ടിയിലുമാണ് വീട്ടിലെ വാതിലും ജനലുകളുമൊക്കെ തയ്യാറാക്കിയിരിക്കുന്നത്.

ഇന്റീരിയർ സ്പേസുകൾ വേർതിരിക്കുന്നതിന് ഫ്ലോർ ലെവൽ ഏറ്റക്കുറച്ചിലുകൾ വരുത്തിയിട്ടുണ്ട് . ഗ്രീൻ സ്പേസിലേക്ക് കാഴ്ച ലഭിക്കത്തക്ക വിധത്തിലാണ് മുറികളുടെ സ്ഥാനം. പബ്ലിക്-പ്രൈവറ്റ് സമീപനത്തിലാണ് അകത്തളം. ഇന്റീരിയർ തണുപ്പിക്കുന്നതും പ്രകാശം വിതരണം ചെയ്യുന്നതിനും നടുമുറ്റത്തിനാണ് മുഖ്യപങ്ക്.

കോർട്ടിന് മുകളിൽ ബ്രിഡ്ജ് തീർത്താണ് ഡൈനിങ്ങും കിച്ചനുമായി ബന്ധിപ്പിക്കുന്നത്. പ്രത്യേകം പ്ലാന്റർ ബോക്സ് ക്രമീകരിച്ച് ഇടനാഴിയിലും പൊതുയിടങ്ങളിലും ഗ്രീൻ സ്പേസ് നൽകിയിട്ടുണ്ട്. സ്കൈലൈറ്റ് നൽകി സൂര്യപ്രകാശം എത്തിക്കുന്നതിനാൽ ചെടികൾക്ക് വീടിന് പുറത്ത് കൊണ്ടുപോയി മെയിന്റനൻസ് നൽകേണ്ട കാര്യമില്ല.

ആധുനിക ഇരിപ്പിട സംവിധാനവും സീലിങ്ങിൽ നിന്നാരംഭിക്കുന്ന കർട്ടനും പ്ലൈവുഡ് വെനീർ ജിപ്സം കോംപിനേഷനിലുള്ള ഫോൾസീലിങ്ങുമാണ് സ്വീകരണമുറിയുടെ അലങ്കാരങ്ങൾ. ഫാമിലി ലിവിങ്ങിൽ തന്നെയാണ് വിനോദ സൗകര്യങ്ങളും. പ്ലൈവുഡ് വെനീർ വാൾ പാനലിങും വാൾ ആർട്ടും ഫാമിലി ലിവിങ് സുന്ദരമാക്കുന്നു.

ഡൈനിങ് വിശാലമാണ്. 10 പേർക്കിരുന്ന് ഊണ് കഴിക്കാവുന്നത്ര വിശാലമാണ് ഡൈനിങ് ടേബിൾ. ഇറ്റാലിയൻ മാർബിൾ കൊണ്ടാണ് ടേബിൾ ടോപ്പ് . വാൾ പേപ്പർ, ഫാൾ സീലിങ്, കർട്ടൻ, സി.എൻ.സി ജാളി പാർട്ടീഷൻ എന്നിവയാണ് ഡൈനിങ്ങിൽ അലങ്കാരം. ഡൈനിങ്ങിനോട് ചേർന്നാണ് സ്റ്റഡി സ്പേസ്.

ഡൈനിങ്ങിൽ നിന്ന് വുഡൻ ബ്രിഡ്ജ് വഴി വേണം കിച്ചനിലെത്താൻ. പ്ലൈവുഡ്-മൈക്ക കൊണ്ടാണ് കിച്ചൻ കബോർഡ്. നാനോ വൈറ്റ് കൊണ്ടാണ് കുക്ക്ടോപ്പ്. ഫാമിലിഡൈൻ സൗകര്യത്തോടെ ഒരു പാൻട്രിയും ഇവിടുണ്ട്.

ട്രെഡിൽ വുഡും റൈസർ മാർബിളും കൊണ്ട് ഫിനിഷ് ചെയ്താണ് ഗോവണി. വുഡും ഗ്ലാസും കൊണ്ടാണ് റെയിൽ. ഗ്രൗണ്ട് ഫ്ലോറിലാണ് പ്രയർ റൂം. ഫർണിച്ചർ ഒന്നുമില്ല ഇവിടെ. ആവശ്യമെങ്കിൽ ഒരു മജലിസ് ആയിട്ടും ഉപയോഗിക്കാനുള്ള ക്രമീകരണം ഇവിടുണ്ട്.

ബാത്ത് അറ്റാച്ചിഡ് സൗകര്യത്തോട് കൂടിയ 5 കിടപ്പുമുറികളാണ് ഇവിടുള്ളത്. മാസ്റ്റർ ബെഡ്‌റൂം സ്യൂട്ട് റൂം സൗകര്യത്തോടെയാണ്. ഹെഡ്ബോർഡിന് കുഷ്യൻ പാനലിങ്ങാണ്. സിമന്റ് ഫിനിഷ്ഡ് മൈക്ക കൊണ്ടാണ് ഒരു ചുമര് ഒരുക്കിയിരിക്കുന്നത്. സിറ്റിങ് സംവിധാനങ്ങളുമുണ്ട് സ്യൂട്ട് റൂമിൽ.

ടെറസിലാണ് പൂളും ഡെക്കും ബാൽക്കണിയും. ഈ ഭാഗം സ്റ്റീൽ, ഗ്ലാസ് എന്നിവ കൊണ്ട് കനോപ്പി ചെയ്തിട്ടുണ്ട്. ഫണ്ടർമാക്‌സും ആഗ്ര സ്റ്റോണും കൊണ്ടുള്ള വീടിന്റെ ഫീച്ചർവാൾ പൂളിന്‌ പ്രൈവസിയും നൽകുന്നുണ്ട്.

കുളവും തൊടിയും വീടും സംഗമിക്കുന്ന പരമ്പരാഗത ജീവിതശൈലിയുടെ ഒരു ഏറ്റവും പുതിയ വ്യാഖ്യാനമാണ് ഈ വീടും ഇതിന്റെ ചുറ്റുപാടും.


Client - Shareef Areekan
Location - Kuttoor North, Kolappuram
Plot - 21 cent
Area - 6047 sqft

Design - Ar.Divin & Er. Ahammed Faiz
Honeycomb Architects, Calicut

Ph - 99952 32348/ 97463 94878