ഹിമാലയൻ ആശയത്തിലൊരു വീട്

This article has been viewed 1685 times
പഞ്ചാബിലെ ജലന്ധറിൽ നിന്ന് മുകളിലേക്ക് നോക്കിയാൽ കണ്ണിലുടക്കുന്നത് ഹിമാലയത്തിന്റെ വിസ്മയ ദൃശ്യമാണ്. മഞ്ഞ് പുതഞ്ഞ് കിടക്കുന്ന ഗിരി ശൃംഗങ്ങളും കൂറ്റൻ പാറകളുടെ കൂട്ടവും ഇടമുറിയാതെ ഒഴുകുന്ന നദിയുടെ സുന്ദരൻ കാഴ്ചകളുമാണ് കണ്ണിലുടക്കുന്നത്. പ്രകൃതിയുടെ ഇത്തരം വിസ്മയങ്ങളാണ് ഈ വീടിന്റെ കേന്ദ്ര പ്രമേയം. വസിഷ്ഠിനും കുടുംബത്തിനുമായി ആർക്കിടെക്റ്റ് താക്കൂർ ഉദയവീർ സിങ്ങും ഡിസൈനർ റിഥിക സിങ്ങും ചേർന്ന് സാക്ഷാത്കരിച്ചതാണ് ഈ വീട്.


അഭിഷ്ടവും അഭിരുചിയും ഉൾക്കൊള്ളിച്ച് സാക്ഷാത്കരിക്കുന്ന വീട് എന്നും സന്തോഷപ്രദമായിരിക്കും. കുടുംബാംഗങ്ങളുടെ താത്പര്യവും വ്യക്തിത്വവുമാണ് ഈ പാർപ്പിടത്തിന്റെ ഓരോ കോണും പ്രതിഫലിപ്പിക്കുന്നത്. പ്രകൃതിയുടെ പ്രതിഭാസങ്ങൾ ആസ്വദിക്കുന്നതിന് പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന വസ്തുക്കൾ തന്നെയാണ് കേമം. അതുകൊണ്ട് സ്വഭാവിക സാമഗ്രികൾക്ക് പ്രാമുഖ്യം നൽകിയാണ് വീടിന്റെ നിർമ്മാണം.

കോംപൗണ്ട് വാൾ, മുറ്റം, എക്സ്റ്റീരിയർ എന്നിവയെല്ലാം കല്ലിൽ പൊതിഞ്ഞിരിക്കുകയാണ്. ഒറ്റനോട്ടത്തിൽ ശില കൊത്തി വീടിന്റെ രൂപമാക്കിയതാണെന്നേ തോന്നു. വീടിന്റെ നെറ്റിയിൽ നിന്നാണ് പ്രധാന ജലധാര. വീട്ടകത്തിലേക്കുള്ള പ്രവേശന മാർഗ്ഗങ്ങളിലാണ് വാട്ടർ ഫാൾസ് സജ്ജീകരിച്ചിരിക്കുന്നത്. കാർപോർച്ചിന് സമീപത്തുള്ള പ്രവേശന മാർഗ്ഗത്തിനരികിൽ ഒരു ജലധാര കൂടി ഒരുക്കിയിട്ടുണ്ട്. വീടിന്റെ ചുറ്റുവട്ടവും ഇന്റീരിയറും സ്വഭാവികമായി ശീതീകരിക്കുന്നതിന് ഈ വാട്ടർഫാൾസ് സഹായിക്കുന്നു.

വീടിനോളം ഉയരത്തിൽ കോംപൗണ്ട് വാൾ തീർത്ത് കാന്റിലിവർ കാർപോർച്ച് ഒരുക്കി കോംപൗണ്ട് വാളും വീടിന്റെ ഭാഗമാക്കുന്നു. നഗര നടുവിലെങ്കിലും സദാ സമയവും സ്വച്ഛതയും ശാന്തിയും ലഭിക്കണം എന്നതായിരുന്നു വീട്ടുടമസ്ഥന്റെ ആഗ്രഹം. സംമ്പൂർണ വിശ്രാന്തിക്ക് അനുയോജ്യമായ രീതിയിലാണ് വീടിന്റെ നിർമ്മിതിയും അകത്തള സൗകര്യങ്ങളും. കോളം ഘടനയിൽ ആണ് വീടിന്റെ ചട്ടക്കൂട്. ഇട ഭിത്തികൾക്ക് ഗ്ലാസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. വീട്ടകത്തേക്ക് സ്വഭാവിക പ്രകാശം എത്തിക്കുന്നതിന് ഇത് സഹായിക്കുന്നു.

സിറ്റൗട്ട്, സ്വീകരണമുറി, പോർച്ച്, ഫൗണ്ടെയിൻ ഏരിയ, ടി.വി ലോഞ്ച്, സ്റ്റെയർക്കേസ്, ലിഫ്റ്റ്, ഡൈനിങ്, കിച്ചൻ, വർക്ക് ഏരിയ, സർവീസ് സ്റ്റെയർ, പൂജ, പാൻട്രി, സ്റ്റഡി റൂം, 5 കിടപ്പുമുറികളും അനുബന്ധ സൗകര്യങ്ങളും ഉൾക്കൊള്ളുന്നതാണ് 7200 ചതുരശ്രയടിയിലെ സൗകര്യങ്ങൾ. ജലധാര പോലെ തന്നെ വീടിന്റെ ഭാഗമായിട്ട് ഗ്രീൻ സോണുകളും ഒരുക്കിയിട്ടുണ്ട്.

ജലധാരയ്ക്ക് സമീപത്തുകൂടിയാണ് സ്വീകരണമുറിയിലേക്ക് എത്തുന്നത്. ഗ്ലാസ് ചുമരുകൾ അകംപുറം വേർതിരിവ് ഒഴിവാക്കുന്നു. ഗ്രീൻസോണിന്റെ കാഴ്ച ഇന്റീരിയറിലേക്ക് എത്തിക്കുന്നു. പ്രീമിയം ലെതർ അപ്ഹോൾസ്റ്ററി ചെയ്ത ഇരിപ്പിടങ്ങളാണ് സ്വീകരണമുറിയിൽ. സീലിങ് വുഡൻ ഫിനിഷിലാണ്.

കാന്റിലിവർ സ്റ്റെയറാണ് മുകൾനിലയിലേക്ക്. സ്വീകരണമുറിയ്ക്ക് എതിർഭാഗത്താണ് ടി.വി ലോഞ്ച്. സ്റ്റോൺ ക്ലാഡിങ്ങും വാൾപേപ്പറും വുഡൻ ഫിനിഷുമാണ് ടി.വി ലോഞ്ചിനെ ആകർഷകമാക്കുന്നത്.

പൊതു ഇടങ്ങൾ ഒരുമിച്ചും സ്വകാര്യ ഇടങ്ങൾ കുടുംബാംഗങ്ങളുടെ പ്രൈവസി മാനിച്ചുമാണ് തയ്യാറാക്കിയിരിക്കുന്നത്.

ലിവിങ്, ഡൈനിങ്, ടി.വി ലോഞ്ച്, സ്റ്റെയർക്കേസ്, ലിഫ്റ്റ് എന്നിവ ഒരുമിച്ചാണ് ക്രമീകരിച്ചിരിക്കുന്നത്. സ്റ്റീൽ ഫ്രെയിമിൽ സ്റ്റോൺ ടോപ്പ് നൽകിയാണ് ഡൈനിങ്. ഭിത്തിയിൽ കുഷ്യൻ പാനലിങ്ങാണ്.

ആധുനിക സൗകര്യങ്ങളെല്ലാം നിറയുന്നതാണ് അടുക്കള. വീടിന്റെ വിശാലതയ്ക്ക് അനുസൃതമായിട്ടാണ് അടുക്കളയും. അടുക്കളയിൽ നിന്നും ഒരു സർവീസ് സ്റ്റെയർ റൂം നൽകിയിട്ടുണ്ട്. പാചകകാർക്കും പരിചാരകർക്കും ഉപയോഗിക്കുന്നതിനാണ് ഈ സർവീസ് സ്റ്റെയർ. ഡൈനിങ്ങിനോട് ചേർന്ന് ഒരു ഗ്രീൻ ഫീൽഡും ഒരുക്കിയിട്ടുണ്ട്.

മുകൾ നിലയിലാണ് പൂജ സ്പേസ്. വൃന്ദാവനത്തിന്റെ ആശയത്തിൽ ഒരു വാൾപെയിന്റും ഒരുക്കിയിട്ടുണ്ട് ഇവിടെ. പൂജ സ്പേസിനോട് ചേർന്നാണ് സ്റ്റഡി സ്പേസ്. വുഡൻ പാർട്ടീഷനാണ് ഇവ തമ്മിൽ വേർതിരിക്കുന്നത്.

5 കിടപ്പുമുറികളാണ് വീട്ടിലുള്ളത്. വിശാലമായി ക്രമീകരിച്ചിരിക്കുന്ന കിടപ്പുമുറിയിൽ സീറ്റിംഗ് സ്പേസും നൽകിയിട്ടുണ്ട്. വെറ്റ്-ഡ്രൈ പാർട്ടീഷനും, തൂക്ക് വിളക്കുകളും ബാത്ത്റൂമിന് പോലും ആധുനികത പകരുന്നു. ബെഡ്‌റൂമിൽ പ്രത്യേകം പാർട്ടീഷനും സീലിങ് വർക്കുകളും നൽകിയിട്ടുണ്ട്. ഗ്രീനറിയുടെ ദൃശ്യ ഭംഗി ആസ്വദിക്കാൻ പാകത്തിനാണ് കിടപ്പുമുറികൾ. ഗ്ലാസ് ചുമരുകളാണ് കിടപ്പുമുറികൾക്ക്. ഹെഡ്ബോർഡ്, വാൾപേപ്പർ, സീലിങ് എന്നിവയാണ് ഓരോ കിടപ്പുമുറിയേയും സവിശേഷമാക്കുന്നത്.

ആധുനിക ജീവിത സാഹചര്യങ്ങളും കാലത്തിനൊത്ത വ്യാഖ്യാനങ്ങളും പ്രീമിയം സാമഗ്രികളുടെ ഉപയോഗവും ഈ വീടിനെ ആഢംബര ഭവനത്തിന്റെ ശ്രേണിയിലേക്ക് ഉൾച്ചേർക്കുന്നു.


Project Name - The Waterfall House
Client - Vashisht
Location - Jalandar
Area - 7200 sqft

Design - Ar.Thakur Udayaveer Singh
Specilist Design team - Ritika Singh
Space Race Architects, Jalandhar

Ph - 094638 00008, 074062 00001