യുവത്വം തുളുമ്പുന്ന വീട്

This article has been viewed 2689 times
ജീവിതം ആയാസരഹിതമാക്കുന്നതിനുള്ള ആധുനിക സംവിധാനങ്ങളെല്ലാം ഉള്ളതാണ് ഈ വീട്. യൂറോപ്യൻ മാതൃകയുടേയും സമകാലികശൈലിയുടേയും സമന്വയം. തൃശ്ശൂരിലുള്ള അമക് ആർക്കിടെക്ച്ചർ കൺസൾട്ടൻസിയിലെ ആർക്കിടെക്റ്റുമാരായ അനൂപും മനീഷയുമാണ് ഈ പാർപ്പിടത്തിന്റെ വാസ്തുശില്പികൾ. മുംബൈയിൽ ബിസിനസ്സ് ചെയ്യുന്ന രവിക്കും കുടുംബത്തിനും റിട്ടെയർമെന്റ് ലൈഫ് ആസ്വദിക്കുന്നതിനായിട്ടാണ് ഈ വീട് നിർമിച്ചത്. റിട്ടെയർമെന്റ് എന്നാൽ എല്ലാ എന്റർടെയിൻമെന്റിൽ നിന്നുമുള്ള വിടുതലാണെന്ന് ചിന്തിക്കുന്നവർക്ക് ഒരു പാഠമാണ് യുവത്വം തുളുമ്പുന്ന ഈ വീടും അതിന്റെ സംരചനയും.

പോസിറ്റീവ് എനർജി
വീട്ടിലെത്തുന്ന സന്ദർശകരൊക്കെ സാക്ഷ്യപ്പെടുത്തുന്ന കാര്യമാണ് ഈ വീട്ടിൽ നിന്നും കിട്ടുന്ന പോസിറ്റീവ് എനർജി. ആധുനിക രീതിയിലുള്ള സംരചനയും മോഡേൺ സാമഗ്രികളും വീടിന്റെ കെട്ടും മട്ടും എല്ലാം വീട്ടുകാർക്ക് മാത്രമല്ല സന്ദർശകർക്കും ചുറുചുറുക്ക് പകരുന്നതാണ്. തൃശൂർ കരിയച്ചിറയിലാണ് വീടിന്റെ ലൊക്കേഷൻ. 10 സെന്റിന്റെ പ്ലോട്ടിലാണ് 3500 ചതുരശ്രയടി വിസ്തീർണ്ണമുള്ള വീട്. ഫ്ലാറ്റ്-സ്ലോപ്-സ്‌ക്വയർ പാറ്റേണിലാണ് വീടിന്റെ എലിവേഷൻ. വുഡൻ ക്ലാഡിങും റൂഫിലെ വൈറ്റ് ക്ലാഡിങും പുതുസാമഗ്രികളാണ്. ഗ്രേ-വൈറ്റ് നിറങ്ങളാണ് എക്സ്റ്റീരിയറിൽ. മൾട്ടിവുഡ് ക്ലാഡിങ്ങും ഭിത്തിയിലുണ്ട്. വുഡൻ ക്ലാഡിങ്ങിന്റെ ചെറുപതിപ്പ് കോംപൗണ്ട് വാളിലും നൽകിയിരിക്കുന്നു.

മുറ്റം മനോഹരമായി ലാൻഡ്‌സ്‌കേപ്പ് ചെയ്തിട്ടുണ്ട്. പ്രത്യേകം ഗ്രൂ നൽകിയാണ് ബാംഗ്ലൂർ സ്റ്റോൺ മുറ്റത്ത് വിരിച്ചിരിക്കുന്നത്. മഴവെള്ളം പ്ലോട്ടിൽ തന്നെ താഴാൻ ഇത് സഹായകമാണ്. ഗ്രില്ലും പെബിൾസും കൊണ്ടുള്ള ചെടിയുടെ തടം പുതുമയുള്ള കാഴ്ചയാണ്.

ആയാസരഹിതം
വിശാലമായിട്ടാണ് വീട്ടകത്തെ സൗകര്യങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഡൈനിങ്, കിച്ചൺ, ബെഡ്‌റൂം, നടുമുറ്റം എന്നിവയാണ് ഗ്രൗണ്ട് ഫ്ലോറിൽ. മുകൾനിലയിൽ കിടപ്പുമുറികളും ഹോം തീയറ്ററും ബാൽക്കണിയും ഓപ്പൺ ടെറസുമാണ്. ഇരുനിലകൾക്കുമിടയിൽ ട്രാഫിക്കിന് ലിഫ്റ്റും നൽകിയിട്ടുണ്ട്. നടുമുറ്റം കേന്ദ്രികരിച്ചാണ് വീട്ടകത്തെ സൗകര്യങ്ങൾ ക്രമപ്പെടുത്തിയിരിക്കുന്നത്.

ഓപ്പൺ ആശയം
സ്വീകരണ മുറിയും ഡൈനിങ്ങും കിച്ചനും ബ്രേക്ഫാസ്റ്റ് കൗണ്ടറുമൊക്കെ നേർരേഖയിൽ തുറന്ന നയത്തിലാണ്. കുടുംബാംഗങ്ങൾക്ക് എളുപ്പത്തിൽ ഉപയോഗിക്കുന്നതിനും മെയിന്റനൻസ് കുറയ്ക്കുന്നതിനും ഈ ഓപ്പൺ ആശയം സഹായിക്കുന്നു. ലെതർ അപ്ഹോൾസ്റ്ററി ചെയ്ത ഇരിപ്പിടങ്ങളാണ് സ്വീകരണ മുറിയിൽ. റോമൻ കാർട്ടനാണ് ഗ്ലാസ് ഭിത്തിയ്ക്ക് സ്വകാര്യത നൽകുന്നത്. അലുമിനിയം ജാളിവർക്കുകൾ കൊണ്ടാണ് ലിവിങ്ങിലെ പാർട്ടീഷൻ.

ഡൈനിങ് ടേബിൾ തേക്കിലാണ്. ആറുപേർക്കിരുന്ന് ഊണ് കഴിക്കാവുന്നത്ര വിശാലമാണ് ഡൈനിങ്. ക്രോക്കറി ഷെൽഫും വാഷ് ഏരിയയും ഡൈനിങ്ങിന്റെ ഭാഗമായി ചേർന്ന് നിൽക്കുന്നു. മെറ്റലും വുഡും കൊണ്ടുള്ളതാണ് സ്റ്റെയർ. വാസ്തു കേന്ദ്രീകൃതമാണ് വീടിന്റെ ഓരോ ഭാഗവും.

ഓപ്പൺ ആശയത്തിലാണ് അടുക്കള. അടുക്കളയുടെ എൻട്രിയോട് ചേർന്നാണ് ലിഫ്റ്റ്. അടുക്കളയ്ക്ക് പാർട്ടീഷനാകുന്നത് ബ്രേക്ഫാസ്റ്റ് കൗണ്ടറാണ്. പ്ലൈവുഡിലാണ് കിച്ചണിലെ ക്യാബിനറ്റുകളും കൗണ്ടറും. കൗണ്ടർടോപ്പിന് ഉപയോഗിച്ചിരിക്കുന്നത് കൊറിയൻടോപ്പാണ്. സ്റ്റോറേജിന്‌ പരമാവധി ഇടം നൽകിയാണ് കിച്ചൺ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഓപ്പണിങ്ങുകൾക്ക് നൽകിയിരിക്കുന്ന ആർക്കിട്രൈവുകൾ പ്ലൈവുഡിലാണ്.

ബെഡ്‌റൂം
ഗ്രൗണ്ട് ഫ്ലോറിൽ മാസ്റ്റർ ബെഡ്‌റൂം മാത്രമേയുള്ളു. മറ്റ് രണ്ടു കിടപ്പുമുറികളും മുകൾനിലയിലാണ്. ഹെഡ്ബോർഡും ഭിത്തിയിലെ വോൾ പേപ്പറും ഫർണിച്ചറുമാണ് കിടപ്പുമുറികൾ വ്യത്യസ്തമാക്കുന്നത്. റീഡിങ് സ്പേസും കിടപ്പുമുറിയുടെ ഭാഗമായിട്ടുണ്ട്. വാക്ക്-ഇൻ-വാർഡ്രോബ് ആണ് കിടപ്പുമുറികളിൽ ക്രമീകരിച്ചിരിക്കുന്നത്. പരമാവധി സ്റ്റോറേജ് സൗകര്യവും ടിവി യൂണിറ്റും കിടപ്പുമുറികളിൽ നൽകിയിട്ടുണ്ട്. അപ്പർ ക്ലാസ് ലിവിങ് സ്റ്റൈലിന് ആവശ്യമായ സൗകര്യങ്ങളെല്ലാം ഈ കിടപ്പുമുറികളിൽ ഒരുക്കിയിട്ടുണ്ട്.

ഗുണമേന്മയിൽ കോംപ്രമൈസ് ചെയ്യാതെ എന്നാൽ ആഡംബര പ്രദർശനമില്ലാതെ കുറഞ്ഞ മെയിന്റനൻസ് എന്ന തത്വം പാലിച്ചുകൊണ്ടാണ് ആർക്കിടെക്റ്റുമാരായ അനൂപും മനീഷയും ഈ വീടിന്റെ അകവും പുറവും ചിട്ടപ്പെടുത്തിയിരിക്കുന്നത്. വയോജനങ്ങൾക്ക് എളുപ്പത്തിൽ പരിചരിക്കാനും ട്രാഫിക് സുഗമമാക്കുന്നതിനും പറ്റുന്ന വിധത്തിലാണ് ഇന്റീരിയർ. അതേ സമയം ആധുനിക സൗകര്യങ്ങളും സാമഗ്രികളും വീടിനും വീട്ടുകാർക്കും യുവത്വം പ്രദാനം ചെയ്യുന്നു. വീട്ടുകാർ മാത്രമല്ല ഈ വീട്ടിലെത്തുന്ന സന്ദർശകരും പറയുന്നു ഇത് റിട്ടെയർമെന്റ് ഹോമല്ല മറിച്ച് എന്റർടെയിൻമെന്റ് ഹോമാണെന്ന്.


തയ്യാറാക്കിയത് - രതീഷ് ജോൺ

ക്ലൈന്റ് - രവി
സ്ഥലം - കരിയച്ചിറ, തൃശ്ശൂർ
പ്ലോട്ട് - 10 സെൻറ്
വിസ്തീർണം - 3500 സ്ക്വർ ഫീറ്റ്

ഡിസൈൻ -അനൂപ് ചന്ദ്ര & മനീഷ അനൂപ്
അമക് ആർക്കിടെക്ച്ചർ, തൃശ്ശൂർ

ഫോൺ : 99950 00222

ഫോട്ടോ - അജീബ് കൊമാച്ചി