3 സെന്റ് പ്ലോട്ട് ഒരു പരിമിതിയല്ല

This article has been viewed 1772 times
മൂന്ന് സെന്റ് പ്ലോട്ടിന്റെ പരിമിതികളെല്ലാം മറികടക്കും വിധമായിരുന്നു വീടിന്റെ നിർമ്മാണം. അതും പോക്കറ്റ് കാലിയാവാതെ. ഇവിടെ വീട്ടുകാരുടെ ആവശ്യങ്ങൾ നിവർത്തിച്ചു കൊടുക്കാൻ പ്ലോട്ടും, ബഡ്ജറ്റും ഒന്നും ഒരു തടസ്സമായില്ല എന്നു വീടിന്റെ ശിൽപി ആർക്കിടെക്റ്റ് സുരാഗ് വിശ്വനാഥൻ അയ്യർ പറയുന്നു.


കാറ്റും വെളിച്ചവും കയറിയിറങ്ങുന്ന അകത്തളങ്ങളും കന്റംപ്രററി ശൈലിയിലുള്ള എലിവേഷനും ആണ് വീടിന്. വാസ്തു അടിസ്ഥാനമാക്കിയാണ് എല്ലാ നിർമ്മിതിയും. പരമ്പരാഗത ശൈലിയിലാണ് അകത്തള ഒരുക്കങ്ങൾ. ബെയ്ജ്, വൈറ്റ്, ബ്രൗൺ എന്നീ കളർ പാലറ്റാണ് ഇന്റീരിയറിന് മിഴിവേകുന്നത്. പരമ്പരാഗത ശൈലിയോട് ചേർന്ന് പോകും വിധമുള്ള ചില കൂട്ടിയിണക്കലുകളാണ് അകത്തളത്തിന് മിഴിവേകുന്നത്.

പ്ലോട്ട് കുറവായതിനാൽ ഇന്റീരിയറിനെ തുറന്നതും വിശാലവുമായ രീതികൾ വളരെ ഉപയുക്തതയോടെ തന്നെ ചിട്ടപ്പെടുത്തിയിരിക്കുന്നു. ലിവിങ്, ഡൈനിങ്, വാഷ് കൗണ്ടർ, 3 കിടപ്പുമുറികൾ, കിച്ചൻ എന്നിങ്ങനെ ഒരു സാധാരണ കുടുംബത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെ ഏർപ്പെടുത്തി. ഒരു ലിവിങ് സ്പേസും ബാൽക്കണിയും കൂടി മുകൾ നിലയിൽ കൊടുത്തിട്ടുള്ളത്. വീട്ടുകാരുടെ ആവശ്യങ്ങൾക്ക് മാത്രം മുൻഗണന കൊടുത്തുകൊണ്ടുള്ള ഡിസൈൻ നയങ്ങളാണ് ആർക്കിടെക്റ്റ് പിന്തുടർന്നിരിക്കുന്നത്.

താഴത്തെ ഡൈനിങ് സ്പേസിൽ നിന്നു തന്നെയാണ് മുകളിലേക്കുള്ള സ്റ്റെയറിന് സ്ഥാനം നൽകിയിട്ടുള്ളത്. സ്റ്റെയർകേസിന് ഉപയോഗിച്ചിട്ടുള്ള മെറ്റീരിയലുകൾ ഗ്രാനൈറ്റും സ്റ്റെയിൻലസ് സ്റ്റീലുമാണ്. ലിവിങ് സ്പേസിൽ കൊടുത്തിരിക്കുന്ന ടി.വി യൂണിറ്റിന്റെ മറുവശത്താണ് ക്രോക്കറി ഷെൽഫ്.

ലാളിത്യത്തിലൂന്നിയ ഡിസൈനാണ് ആകെ നൽകിയത്. താഴെ ഒരു ബെഡ്‌റൂം ആണ് കൊടുത്തത്. ബാക്കി രണ്ടെണ്ണം മുകൾ നിലയിലുമാണ് നൽകിയത്. ബെഡ്‌റൂമുകളെല്ലാം സിംപിൾ ആൻഡ് ഹംബിൾ ഫോർമാറ്റിൽ ഒരുക്കി. മുകൾ നിലയിൽ നൽകിയ ബാൽക്കണിയിലേക്ക് ലിവിങ്ങിൽ നിന്നും ബെഡ്‌റൂമിൽ നിന്നും ഇറങ്ങാൻ കഴിയും വിധം ഒരുക്കി.

ചെറിയ സ്പേസിലാണ് കിച്ചൻ ഡിസൈൻ. കൗണ്ടർ ടോപ്പിന് ബ്ലാക്ക് ഗ്രാനൈറ്റാണ്. ഷെൽഫിന് ലാമിനേറ്റ്സ് ആണ് ഉപയോഗിച്ചത്. ആവശ്യമില്ലാത്ത കൂട്ടിയിണക്കലുകളൊന്നും ഇവിടെ നടപ്പാക്കിയിട്ടില്ല.

വീട്ടുകാരുടെ ആവശ്യങ്ങളാണ് ഇവിടെ ഡിസൈനുകളായി പരിണമിച്ചിട്ടുള്ളത്. ഇവയെല്ലാം വീട്ടുകാരുടെ ബഡ്ജറ്റിനുള്ളിൽ നിന്നുകൊണ്ടുതന്നെ പൂർത്തിയാക്കാനായതാണ് വീടിന്റെ ഹൈലൈറ്റ്. എല്ലാ പണികളും 35 ലക്ഷത്തിന് തീർക്കാനായി.


Client - M P Sivakumar
Location - Kadavanthra, Kochi
Area - 1513 sqft
Plot - 3 cent

Design - Ar. Surag Viswanathan Iyyer
Eminence Architects
, Kochi
Ph - 98953 47562

Text courtesy - Resmy Ajesh