
സൗഹൃദത്തിലൂടെ തളിരിട്ടതാണ് ഈ വീടിന്റെ സംരചനാശയം. വീട്ടുടമസ്ഥനായ ഹമീദും ഡിസൈനർ ആഷിഖും സുഹൃത്തുക്കൾ വഴി സൗഹൃദത്തിലായവരാണ്. നാട്ടിൻപുറമാണ് അത്യാഢംബരമില്ലാതെ ചുറ്റുപാടുമുള്ള വീടുകളേക്കാൾ ഉയരക്കൂടുതലില്ലാതെ, എന്നാൽ എല്ലാ സൗകര്യങ്ങളും ഉൾക്കൊള്ളിച്ച് ഗ്രാമീണാന്തരീക്ഷത്തിന് പറ്റിയ ഒരു വീടെന്നതായിരുന്നു ഹമീദിന്റെയും കുടുംബാംഗങ്ങളുടേയും ഭവന സങ്കല്പം. തന്റെ ആഗ്രഹങ്ങൾക്കൊത്ത വിധം ഒരു ഡിസൈനറെ സുഹൃത്തുക്കളോട് അന്വേഷിച്ചാണ് ആഷിഖിലേക്ക് എത്തിയത്. ഗ്രാമീണാന്തരീക്ഷത്തിന് ഇണങ്ങിയ രീതിയിലാണ് ആഷിഖ് ഈ വീട് തീർത്തിരിക്കുന്നത്.
റെസ്റ്റിക് ലുക്ക്
സമകാലികശൈലിയിലാണ് വീടിന്റെ ചട്ടക്കൂട് തീർത്തിരിക്കുന്നത്. 21 സെന്റിന്റെ പ്ലോട്ടിലാണ് വീട്. മുറ്റം ബാംഗ്ലൂർ സ്റ്റോൺ പാകി ഭംഗിയാക്കി. കോൺക്രീറ്റ് ടെക്സ്ചറും, ലാട്രൈറ്റ് ക്ലാഡിങ്ങും, നിറവിന്യാസവും, ഗ്ലാസ് വാളും വീടിനെ ആകർഷകമാക്കുന്നു. ഫ്ലാറ്റ്-സ്ലോപ് റൂഫിലാണ് വീട്. സ്ലോപ് റൂഫിൽ ഷിംഗിൾസും വിരിച്ചിട്ടുണ്ട്. വീട്ടിൽ നിന്ന് വേറിട്ട് നിൽക്കുന്ന രീതിയിലാണ് കാർ പോർച്ച്. വീടിന്റെ തുടർച്ച ലഭിക്കുന്നതിനായി കാർപോർച്ചിലും ലാട്രൈറ്റ് ക്ലാഡിങ്ങ് നൽകിയിരിക്കുന്നു. പോർച്ചിൽ നിന്നും പൂമുഖത്തേക്കുള്ള നടപ്പാതക്കടിയിൽ ഒരു വാട്ടർ ബോഡിയുണ്ട്. ഇതിന് മുകളിൽ വുഡൻ ബ്രിഡ്ജ് നൽകിയാണ് സിറ്റൗട്ടിലേക്ക് വഴി ഒരുക്കിയിരിക്കുന്നത്.
സിറ്റൗട്ട്, ഫോയർ, നടുമുറ്റം, ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികളും അടങ്ങുന്നതാണ് വീട്ടകത്തെ സൗകര്യങ്ങൾ. എല്ലാം കൂടി 3600 ചതുരശ്രമീറ്റർ വിസ്തീർണത്തിലാണ്. മികച്ച സ്പേസ് പ്ലാനിങ്ങിലാണ് അകത്തളം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
നാടൻ രീതിയിൽ തുറന്നിട്ടിരിക്കുന്ന പൂമുഖമാണ് വീടിന്റേത്. ഡോർ-കം-വിൻഡോ മാതൃകയിലുള്ള രണ്ടു വാതിലുകളാണ് അകത്തളത്തിലേക്ക് വഴിയൊരുക്കുന്നത്. ഒരെണ്ണം അകത്തളത്തിലേക്കും ഒരെണ്ണം സ്വീകരണമുറിയിലേക്കും. വാതിലുകൾക്കിടയിലുള്ള ഭാഗമാണ് നടുമുറ്റം. ഭിത്തിയിൽ ക്ലാഡിങ് നൽകി ഈ ഭാഗം പ്രൊജക്റ്റ് ചെയ്തിട്ടുണ്ട്. സിന്തെറ്റിക് ഗ്രാസും നാച്ചുറൽ പ്ലാന്റുമാണ് ഇവിടെ . സീലിങ്ങിൽ ജി.ഐ പർഗോള നൽകി സ്വാഭാവിക വെളിച്ചം ഇന്റീരിയറിലേക്ക് എത്തിക്കുന്നു. ഫ്ലോറിൽ വുഡൻ ടൈലാണ് മറ്റുഭാഗത്തൊക്കെ ഗ്ലോസി ഫിനിഷ്ഡ് വിട്രിഫൈഡ് ടൈലാണ്. ജിപ്സവും വുഡും കൊണ്ടാണ് സീലിങ്.
കസ്റ്റം മെയിഡ്
അതിവിശാലമാണ് വീട്ടകത്തെ ഓരോ കോണും. കസ്റ്റം മെയിഡ് ഫർണിച്ചർ ആണ് അകത്തളത്തിൽ. സ്വീകരണ മുറിയിൽ കോഫി ടേബിളും സോഫയുമാണ് ഫർണിച്ചർ. ഫാബ്രിക് അപ്ഹോൾസ്റ്ററി ചെയ്ത സോഫ കൂടുതൽ ആളുകൾക്ക് ഇരിപ്പിടമാകുന്നു. ഒറ്റപാളിയിൽ തീർത്തതാണ് ജനലുകൾ. റോമൻ സ്റ്റൈൽ കർട്ടനാണ് ഇവയ്ക്ക്.
സ്വീകരണ മുറിയുടെ എതിർഭാഗത്തായി സ്റ്റെയറിനോട് ചേർന്നാണ് ഫാമിലി ലിവിങ്. ഈ ഭാഗം ഡബിൾ ഹൈറ്റിലാണ്. ടി.വി യൂണിറ്റും ഇരിപ്പിടങ്ങളും തയ്യാറാക്കിയിരിക്കുന്നത് പ്ലൈവുഡ്, വെനീർ, മൈക്ക എന്നിവയിലാണ്. പാർട്ടീഷൻ വാൾ ജി.ഐ കൊണ്ടാണ്.
വീട്ടകത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് സ്റ്റെയർകേസ്. ജി.ഐ കൊണ്ട് ഫ്രെയിം തീർത്ത് അതിൽ ട്രെഡ് മരത്തിലും കൈവരി ഗ്ലാസിലും വുഡിലും തീർത്താണ് സ്റ്റെയർകേസ് ഒരുക്കിയിരിക്കുന്നത്.
സ്റ്റെയറിന് എതിർഭാഗത്തായിട്ട് ഒരു പാഷിയോയും ക്രമീകരിച്ചിട്ടുണ്ട്. ജി.ഐ ഷീറ്റിൽ ഒരു സ്ലൈഡിങ് ഡോറാണ് പാഷിയോയിലേക്ക് വഴി ഒരുക്കുന്നത്. സീലിങ്ങിൽ ജി.ഐ പർഗോളയും ഗ്ലാസുമിട്ടു. ഫ്ലോറിൽ ടൈലും സിന്തെറ്റിക് ഗ്രാസുമാണ്.
അലങ്കാരമില്ലാതെ തികച്ചും ഫങ്ങ്ഷണലായിട്ടാണ് ഡൈനിങ്. ഡൈനിങ് ടേബിൾ ആദ്യം ഭിത്തിയിലേക്കും പിന്നീട് സീലിങ്ങിലേക്കും തുടരുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. മേശയ്ക്ക് ഗ്ലാസ് ടോപ്പാണ്. മേശയ്ക്ക് ഇരുപുറവും നിരത്തിയിരിക്കുന്നത് ബെഞ്ചും കസേരകളുമാണ്. പ്രത്യേകം ചിട്ടപ്പെടുത്തിയിരിക്കുന്ന തൂക്കുവിളക്കുകളാണ് ഡൈനിങ്ങിൽ പ്രകാശിക്കുന്നത്.
വിശാലമാണ് അടുക്കള. ധാരാളം സ്റ്റോറേജ് സ്പേസും നൽകിയിട്ടുണ്ട്. കൗണ്ടർ ടോപ്പിന് നാനോ വൈറ്റാണ്. ക്യാബിനറ്റുകൾ പ്ലൈവുഡിൽ തീർത്ത് മൈക്ക ഫിനിഷ് നൽകി. ക്യാബിനറ്റുകൾക്ക് ഇടഭാഗം ടൈൽ ക്ലാഡിങ്ങാണ്.
ഇരുനിലകളിലുമായി നാലു കിടപ്പുമുറികളാണിവിടെ. മുകളിലെ കിടപ്പുമുറികൾക്ക് രണ്ടും പ്രത്യേകം ബാൽക്കണി നൽകിയിട്ടുണ്ട്. മാസ്റ്റർ ബെഡ്റൂമിൽ ഒരു ലിവിങ് സ്പേസും നൽകി. വാൾ പേപ്പറും, നിറങ്ങളും പ്ലൈവുഡിന്റെ ഹെഡ് ബോർഡുമാണ് കിടപ്പുമുറികൾ അലങ്കരിക്കുന്നത്.
സൗഹൃദത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ഈ വീടിന്റെ നിർമ്മാണാശയം. അതുകൊണ്ടു തന്നെ പ്രകൃതിക്കും മനുഷ്യനും സൗഹാർദ്ദപരമാണ് ഈ വീട്.
Client - Hameed
Location - Kondotty
Plot - 21 cent
Area - 3600 Sq ft
Design - Muhammed Ashiq A T
Century Engineers & Architects,
Manjeri, Malappuram
Phone - 95393 85707