സൗന്ദര്യവും സൗകര്യവും ഇഴചേർന്ന വീട്

This article has been viewed 2045 times
തദ്ദേശീയ രൂപഘടനയും അറബിക് ആർക്കിടെക്ച്ചർ എലിമെന്റുകളും ഏറ്റവും പുതിയ സൗകര്യങ്ങളും ഉൾക്കൊള്ളുന്ന വീട്. മലപ്പുറം ചെട്ടിപ്പടിയിലുള്ള ഹസ്സൻ കോയയുടെയും കുടുംബത്തിന്റെയും വീടിനെ ആദ്യ കാഴ്ചയിൽ ഇങ്ങനെ വിശേഷിപ്പിക്കാം. പ്രവാസിയാണ് ഹസ്സൻ കോയയും കുടുംബവും. നാട്ടിലൊരു വീടെന്ന ആഗ്രഹം മനസ്സിലുദിച്ചപ്പോൾ തന്നെ തീർച്ചപ്പെടുത്തിയതാണ് ഗ്രാമീണാന്തരീക്ഷത്തിന്‌ ഇണങ്ങുന്ന രൂപഘടന വേണമെന്നത്. പ്രവാസക്കാലത്ത് പരിചയിച്ച ആധുനിക സൗകര്യങ്ങളും കൂടി ഉൾപ്പെടുത്തിയതോടെ വീട് വർത്തമാനകാല ജീവിത സാഹചര്യങ്ങൾക്ക് ഇണങ്ങുന്നതായി.

പാരമ്പര്യ തനിമയിൽ തല ഉയർത്തി നിൽക്കുന്ന വീട് സ്ഥിതി ചെയ്യുന്നത് 25 സെന്റിന്റെ പ്ലോട്ടിലാണ്. പ്ലോട്ടിന്റെ പിൻഭാഗത്തേക്ക് ഇറക്കിയാണ് വീടിന് സ്ഥാനം നൽകിയിരിക്കുന്നത്. തദ്ദേശീയ സാമഗ്രികൾ കൊണ്ട് തീർത്തിരിക്കുന്ന കോംപൗണ്ട് വാളിന്റെ ഫിനിഷ് സാന്റ് ടെക്സ്ച്ചറിലാണ്. തൊടിയിലേക്ക് പ്രവേശനമൊരുക്കുന്ന ഗേറ്റ് ഹൈ പ്രെഷർ ലാമിനേറ്റ് ഷീറ്റിലാണ്. മുറ്റം മിനുക്കിയിരിക്കുന്നത് ഫ്ലെയിംഡ് ഗ്രാനൈറ്റിലാണ്. ബാക്കി ഭാഗം ചെറിയ തോതിൽ ലാൻഡ്‌സ്‌കേപ്പും ചെയ്തിട്ടുണ്ട്.

പല ലെവലിലുള്ള സ്ലോപ് റൂഫാണ് വീടിന്. മേൽക്കൂരയിൽ ടൈൽ പാകി നിറം പൂശിയിട്ടുണ്ട്. തദ്ദേശീയ രൂപഘടനയ്‌ക്കൊപ്പം അറബിക് ആശയങ്ങളും സന്നിവേശിപ്പിച്ചാണ് ഗൃഹനിർമ്മാണം നടത്തിയിരിക്കുന്നത്. കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇയാമ ഡിസൈനേഴ്സിലെ മുഹമ്മദ് അനീസാണ് വീടിന്റെ ഡിസൈനും നിർവ്വഹണവും നടത്തിയിരിക്കുന്നത്. എക്സ്റ്റീരിയറിന്റെ മോടി വർദ്ധിപ്പിക്കുന്നതിനായി തൂണുകളിലും ചുമരിലും നാച്യുറൽ സ്റ്റോൺ ക്ലാഡിങ്ങും നടത്തിയിട്ടുണ്ട്. വീടിന്റെ ഭാഗമായി നിൽക്കുന്ന രീതിയിലാണ് കാർപോർച്ച്.

പരമാവധി സൗകര്യങ്ങൾ ഗ്രൗണ്ട് ഫ്ലോറിൽ തന്നെ നിലനിർത്തുക എന്നതായിരുന്നു കുടുംബാംഗങ്ങളുടെ ആവശ്യം. കാർപോർച്ച്, സിറ്റൗട്ട്, ഡൈനിങ്, ഫാമിലി ലിവിങ്, സ്റ്റഡി കം പ്രയർ റൂം, ഷോ കിച്ചൻ, വർക്കിംഗ് കിച്ചൻ, മൂന്ന് കിടപ്പുമുറികളും ഗ്രൗണ്ട് ഫ്ലോറിലാണ്. മുകൾ നിലയിൽ ഒരു കിടപ്പുമുറിയും ഓഫീസ് റൂമുമാണ് ക്രമീകരിച്ചിരിക്കുന്നത്. മൊത്തം 3000 ചതുരശ്രയടിയിലാണ് വീട്ടിലെ സൗകര്യങ്ങൾ. സൗന്ദര്യത്തിനും സൗകര്യത്തിനും ഒരുപോലെ പ്രാമുഖ്യം നൽകിയാണ് പൂമുഖം മുതലുള്ള ഇന്റീരിയർ ക്രമീകരിച്ചിരിക്കുന്നത്.

ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢിയാണ് പൂമുഖം മുതൽ ഫ്ലോറിൽ നിറയുന്നത്. വീടിന്റെ വാതിലും ജനലുമൊക്കെ തേക്കിലാണ്. അകത്തളത്തിന്റെ അളവിന് ഇണങ്ങിയ രീതിയിൽ തയ്യാറാക്കിയ ഫർണിച്ചറാണ് സ്വീകരണമുറി മുതൽ ഉപയോഗിച്ചിട്ടുള്ളത്. റെക്സിൻ അപ്ഹോൾസ്റ്ററി ചെയ്ത വിശാലമായ സോഫയാണ് സ്വീകരണ മുറിയിൽ. വെനീറും ഹൈഗ്ലോസി ലാമിനേറ്റും എസ്.എസ് പ്രൊഫൈലും കൊണ്ടാണ് സ്വീകരണ മുറിയുടെ പശ്ചാത്തലം ചിട്ടപ്പെടുത്തിയിരിക്കുന്നത്. സുതാര്യമായ ഫാബ്രിക് കർട്ടനാണ് ജാലകങ്ങൾക്ക്. സിമന്റ് ഷീറ്റും ജിപ്സവും പ്ലൈവുഡും വെനീറും കൊണ്ടാണ് സീലിങ് അലങ്കരിച്ചിരിക്കുന്നത്.

ക്യുരിയോസ് പ്രദർശിപ്പിക്കുന്ന ഷോകേസാണ് ഡൈനിങ്ങിലെ ഹൈലൈറ്റ്. വിശാലമായിട്ടാണ് ഊണിടം. സോളിഡ് വുഡിൽ തീർത്തതാണ് ഡൈനിങ് ടേബിളും കസേരകളും. ജിപ്സവും പ്ലൈവുഡും വെനീറും കൊണ്ടാണ് ഇവിടുത്തെ സീലിങ് ഒരുക്കിയിരിക്കുന്നത്. വുഡും സ്റ്റീലും കൊണ്ട് ഇൻഡസ്ട്രിയൽ വർക്ക് ചെയ്താണ് ഡൈനിങ്ങിലെ പാർട്ടീഷൻ.

ഡൈനിങ്ങിൽ നിന്നാണ് സ്റ്റെയർക്കേസ്. വുഡും ഗ്ലാസും കൊണ്ടാണ് സ്റ്റെയറിന്റെ കൈവരി. സ്റ്റെപ്പുകളിൽ ഇറ്റാലിയൻ മാർബിൾ തന്നെയാണ്. സ്റ്റെയറിന്റെ അടിഭാഗത്താണ് ഒരു കോർട്ട് സെറ്റ് ചെയ്തിരിക്കുന്നത്. റൂഫിലും ഭിത്തിയിലും പർഗോളകൾ നൽകി സ്കൈലൈറ്റ് ഇന്റീരിയറിലേക്ക് എത്തിക്കുന്നു. കോർട്ടിൽ പെബിൽ ബെഡും, വുഡൻ ടെക്കും സിന്തെറ്റിക് ഗ്രാസുമാണ് അലങ്കാരം. ഡൈനിങ്ങിനോട് ചേർന്ന് തന്നെ ശ്രദ്ധയിൽപെടാത്ത വിധമാണ് വാഷ് ഏരിയ. എസ്.എസും വുഡും കൊണ്ടാണ് വാഷ് ഏരിയയ്ക്ക് പാർട്ടീഷൻ.

ഫാമിലി ലിവിങ്ങാണ് എന്റർടെയിൻമെന്റ് ഏരിയ. റെക്സിൻ അപ്ഹോൾസ്റ്ററി ചെയ്ത ഇരിപ്പിടങ്ങളാണ് ഇവിടേയും. വെനീറിലും ഹൈഗ്ലോസി ലാമിനേറ്റിലുമാണ് ഭിത്തി സുന്ദരമാക്കിയിരിക്കുന്നത്. സീലിങ്ങിൽ ജിപ്സവും പ്ലൈവുഡും. പാർട്ടീഷൻ വാളിൽ സ്ട്രിങ് ആർട്ട് ഒരുക്കിയിരിക്കുന്നതാണ് മറ്റൊരു കൗതുകം. ഡൈനിങ്ങിനോട് ചേർന്നാണ് ഫാമിലി ലിവിങ്. രണ്ടും തമ്മിൽ വേർതിരിക്കുന്നത് ഇൻഡസ്ട്രിയൽ വർക്കാണ്.

അത്യാധുനിക പാചക സംവിധാനങ്ങളെല്ലാം നിറയുന്നതാണ് അടുക്കള. മൾട്ടിവുഡും ഗ്ലാസും കൊണ്ടാണ് കിച്ചൻ ക്യാബിനറ്റുകൾ. കൊറിയൻ സ്റ്റോണാണ് കൗണ്ടർ ടോപ്പിന്. ഫ്ലവർ വെയിസ് നിരത്തിയിരിക്കുന്ന ഓപ്പൺ ഷെൽഫാണ് കിച്ചന്റെ ഒരു കൗതുകം. ഫാമിലി ഡൈനിങ്ങിനുള്ള സൗകര്യവും കിച്ചണിന്റെ ഭാഗമാണ്. ഒരു വർക്കിങ് കിച്ചനും വീടിന്റെ ഭാഗമായിട്ടുണ്ട്. എ.സി.പി യിലാണ് ക്യാബിനറ്റുകൾ തീർത്തിരിക്കുന്നത്. കൗണ്ടർ ടോപ്പ് ഗ്രാനൈറ്റിലാണ്.

നാലു കിടപ്പുമുറികളാണ് വീട്ടിൽ മൊത്തമുള്ളത്. പ്ലൈവുഡ് വെനീറിലാണ് കട്ടിലും വാർഡ്രോബും വാൾ പാനലിങ്ങും സീലിങ്ങുമൊക്കെ ചെയ്തിരിക്കുന്നത്. വാൾ പേപ്പറാണ് ഭിത്തിയിൽ. വ്യത്യസ്‌ത നിറാശയങ്ങളാണ് കിടപ്പുമുറികളിൽ. ഉപയോക്താവിന്റെ ഇഷ്ടത്തിനാണ് കിടപ്പുമുറികളിൽ പ്രാധാന്യം നൽകിയിരിക്കുന്നത്.

സൗന്ദര്യവും സൗകര്യവും കൃത്യമായി ഇഴ ചേർന്നിരിക്കുന്നു എന്നതാണ് ഈ വീടിന്റെ സവിശേഷത.


Client - Hassan Koya
Location - Chettipadi, Malappuram
Area - 3000 sqft
Plot - 25 cent

Design - Muhammad Anees CP
Iama Designers & Developers
, Calicut
Phone - 94463 12919