ചെറിയ പ്ലോട്ടും വലിയ വീടും 27 ലക്ഷത്തിന്

This article has been viewed 1076 times
മെലിഞ്ഞ് ആകൃതിയില്ലാത്ത പ്ലോട്ട്. അതും വെറും ആറ് സെന്റ്. കയ്യിലുള്ളത് ചുരുങ്ങിയ ബഡ്ജറ്റ്. സ്വപ്നം ആധുനിക സൗകര്യങ്ങളെല്ലാമുള്ള ഒരു വീട്. ഗൃഹനിർമ്മാണത്തിനൊരുങ്ങുമ്പോൾ ഗൃഹനാഥൻ സഫീറിന്റെ കൈവശം ഉണ്ടായിരുന്ന മൂലധനം ഇതായിരുന്നു. മൗലികമായതും ബഡ്ജറ്റിനുള്ളിൽ ഒരുങ്ങുന്നതുമായ ഒരു വീടെന്ന സ്വപ്നം ഡിസൈനർ വജിദ് റഹ്‌മാനെ കണ്ടതോടെ സാക്ഷാത്കരിക്കനായെന്ന് ചാരിതാർത്ഥ്യത്തോടെ സാക്ഷ്യപ്പെടുത്തുന്നു വീട്ടുടമസ്ഥൻ സഫീർ.

ബഡ്ജറ്റിന്റെയും പ്ലോട്ടിന്റെയും പരിമിതികൾ വെല്ലുവിളികളാക്കി ഗൃഹനിർമ്മാണം നടത്തുന്നതാണ് ഡിസൈനർ വജിദിന്റെ രീതി. ഈ വീടിന്റെ നിർമാണവും അത്തരത്തിലാണ്. പല ലെവലിലുള്ള ഗേബിൽ റൂഫാണ് വീടിന്റെ ആകർഷണം. സ്ലോപ്-ഫ്ലാറ്റ് റൂഫിന്റെ കോംപിനേഷനാണ്. ചെങ്കല്ലുകൊണ്ടാണ് ഗൃഹനിർമ്മാണം നടത്തിയിരിക്കുന്നത്. ചെങ്കല്ല് പ്ലാസ്റ്റർ ചെയ്യാതെ പോളിഷ് ചെയ്ത് തനിമ ചോരാതെയാണ് പുറംഭിത്തികൾ. ജി.ഐ ട്രെസിൽ ടൈൽ പാകിയാണ് റൂഫും ഷെയിഡുകളും തീർത്തിരിക്കുന്നത്. പ്ലാസ്റ്റർ ചെയ്ത ഭാഗത്ത് പെയിന്റ് ഫിനിഷാണ്.

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ട് കിടപ്പുമുറികൾ എന്നിവയാണ് താഴെ നിലയിൽ. മുകളിൽ രണ്ട് കിടപ്പുമുറികളും നൽകിയിട്ടുണ്ട്. 1976 ചതുരശ്രയടി വിസ്തീർണത്തിലാണ് വീട്ടിലെ സൗകര്യങ്ങളെല്ലാം. വീട്ടിലെ സൗകര്യങ്ങളൊക്കെ ആധുനികമാണ്. ഡിസൈനിലെ മിതത്വ൦ സാമഗ്രികളുടെ തെരഞ്ഞെടുപ്പിലും കാണാവുന്നതാണ്. ജി.ഐ യും റബ്‌വുഡും കൊണ്ടാണ് സിറ്റൗട്ടിലെ ഇരിപ്പിടങ്ങൾ. ഫ്ലോറിൽ ജെയ്‌സാൽമീർ സ്റ്റോണാണ്.

സ്വീകരണമുറി ഡബിൾ ഹൈറ്റിലാണ്. ഡൈനിങ്, ഫാമിലി ലിവിങ് എന്നിവ ഒരുമിച്ചാണ്. സ്പേസിന്റെ പരിമിതി തോന്നാത്ത വിധത്തിലാണ് മുറികൾ. തുറന്ന് കിടക്കുന്ന രീതിയിലാണെങ്കിലും പൊസിഷനിങ്ങിന്റെ പ്രത്യേകതയിൽ സ്വകാര്യതയും ഫീൽ ചെയ്യുന്നതാണ്. ഡബിൾ ഹൈറ്റ് ഇരുനിലകളും തമ്മിലുള്ള ആശയവിനിമയം എളുപ്പത്തിലാക്കുന്നു. ഡബിൾ ഹൈറ്റ് വാളിന് ധാരാളം സ്ലിറ്റുകളും നൽകിയിരിക്കുന്നതിനാൽ ചുമരും സവിശേഷമായി മാറുന്നു.

സ്വീകരണ മുറിയിലും ഡൈനിങ്ങിലും ഫാമിലി ലിവിങ്ങിലും ഫർണിച്ചർ തീർത്തിരിക്കുന്നത് റബ് വുഡ് കൊണ്ടാണ്. വിശാലമായ ജാലകങ്ങളും ഗ്രിൽ വാളും പൊതുഇടങ്ങളിലേക്ക് ധാരാളം പ്രകാശം എത്തിക്കുന്നു.

ഇൻഡസ്ട്രിയൽ വർക്കും റബ് വുഡും കൊണ്ടുള്ള സ്റ്റെയർക്കേസ് ചുരുങ്ങിയ സ്ഥലത്താണ് തീർത്തിരിക്കുന്നത്. കുറഞ്ഞ സ്പേസ്, എളുപ്പത്തിലുള്ള നിർമാണം, ചെലവ് കുറവ് എന്നിവയൊക്കെ ഇത്തരം സ്റ്റെയറിന്റെ സവിശേഷതയാണ്. റെയിൽ തീർത്തിരിക്കുന്നത് മെറ്റലിലാണ്. പുനരുപയോഗിക്കാവുന്ന മെറ്റലിലാണ് സ്റ്റെയർക്കേസ്.

പാചകത്തിന്റെ അസ്വാരസ്യങ്ങൾ അകത്തളത്തിലേക്ക് എത്താത്ത രീതിയിലാണ് അടുക്കള. പ്ലോട്ടിന്റെ പരിമിതിയാണ് കിച്ചനെ ഒറ്റപ്പെടുത്തിയത്. അലുമിനിയം ഫാബ്രിക്കേഷനിലാണ് പാചകമുറിയും സൗകര്യങ്ങളും.

ഇടനാഴിയിൽ ഒരു ഡൈനിങ്ങ് സ്പേസ് കൂടി നൽകിയതോടെ അടുക്കളയോട് ചേർന്ന് ആഹാരം കഴിക്കുന്നതിനുള്ള സൗകര്യവും തയ്യാറായി. പഴയ ബെഞ്ച് മേശ ആശയത്തിലാണ് ബ്രേക്ക്ഫാസ്റ്റ് ടേബിൾ. പ്രധാന ഡൈൻടേബിൾ വുഡും ഗ്ലാസും കൊണ്ടുള്ളതാണ്.

നാല് കിടപ്പുമുറികളാണ് വീട്ടിലുള്ളത്. അറ്റാച്ച്ഡ് ബാത്റൂമും വാർഡ്രോബുകളും ബെഡ്റൂമിന്റെ ഭാഗമാണ് . പരമാവധി വെന്റിലേഷനും ബാഹ്യകാഴ്ചകൾക്കുമുള്ള സാധ്യതകളും കിടപ്പുമുറിയുടെ ഭാഗമാണ്. ജനൽ പാളികളും ഗ്രിൽവാളും പരമാവധി വിശാലമായിട്ടാണ് കിടപ്പുമുറികൾക്ക് നൽകിയിരിക്കുന്നത്. ഫാബ്രിക് കർട്ടൻ കിടപ്പുമുറികൾക്ക് സ്വാകാര്യത ഉറപ്പു വരുത്തുന്നുണ്ട്.

ആറുസെന്റിൽ 1976 ചതുരശ്രയടി വിസ്തീർണത്തിൽ ആധുനിക സൗകര്യങ്ങളും സജ്ജീകരണങ്ങളും സമ്മേളിക്കുന്ന ഈ വീടിന്റെ നിർമ്മാണത്തിനും ഫർണിഷിങ്ങിനും മൊത്തം ചെലവായത് 27 ലക്ഷം രൂപയാണ്. ചുരുങ്ങിയ ബഡ്ജറ്റിൽ വീടൊരുക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രോത്സാഹനമാണ് ഈ വീട്.


Client - Safeer
Location - Malappuram
Plot - 6 cent
Area - 1976 sqft

Design - Vajid Rahman
HierArchitects, Malappuram


Year of completion - 2020

Budget - 27 Lakhs

Photo coutersy - Ajeeb Komachi