30 വർഷം പഴക്കമുള്ള വീടിന് പുനർജന്മം

30 വർഷം പഴക്കമുള്ള ഒരു വീട് അച്ഛൻ പണിത വീടായതുകൊണ്ട് പൊളിച്ചു കളയാൻ മനസ്സു വന്നില്ല. അതിനാലാണ് പുതുക്കി പണിയാം എന്ന് പ്രശാന്ത് തീരുമാനിച്ചത്. കാലത്തിനൊത്തുള്ള മാറ്റങ്ങൾ എല്ലാം ഉൾക്കൊണ്ടുകൊണ്ട് ആധുനിക ശൈലിയിൽ ഒരു വീട്. ഇതിനായി പല ഡിസൈനേഴ്സിനെ ചെന്ന് കണ്ടു എങ്കിലും പലരും കയ്യൊഴിഞ്ഞു. അങ്ങനെയാണ് പ്ലാനറ്റ് ആർക്കിടെക്ച്ചറിലെ അനൂപ് കുമാർ പ്രൊജക്റ്റ് ഏറ്റെടുത്തത്.


ഇടുങ്ങിയ മുറികളായിരുന്നു പഴയ വീടിന്. കാറ്റും വെളിച്ചവും കടക്കാത്ത മുറികളായിരുന്നു എല്ലാം തന്നെ. അതുകൊണ്ടുതന്നെ അടിമുടി മാറ്റം അനിവാര്യമായിരുന്നു. പ്രകടമായ മാറ്റങ്ങൾ എലിവേഷനിൽ തന്നെ നമ്മുക്ക് കാണാം. സ്ലോപ്പ് റൂഫും, ഗ്ലാസും, സ്റ്റോൺ ക്ലാഡിങ്ങും, കോംപൗണ്ട് വാളും, ഗേറ്റും എല്ലാം സമകാലീന ശൈലിയുടെ പൂരകങ്ങളാണ്. പഴയ വീടിന്റെ വലതുവശത്തായിരുന്ന കാർ പോർച്ച് പുതുക്കിയപ്പോൾ ഇടതു വശത്തേക്ക് മാറ്റി.

പഴയ വീടിന്റെ സ്ലോപ്പ് റൂഫിങ് നിലനിർത്തിക്കൊണ്ടുതന്നെ ട്രസ് വർക്ക് നൽകി ഇന്നത്തെ ശൈലിയോട് ചേർത്തു. ഉൾത്തളങ്ങളിലെ ഇടുങ്ങിയ സ്പേസുകൾ തുറന്നതാക്കി. പഴയ ഇലക്ട്രിക്കൽ വർക്കുകൾ പാടേ മാറ്റി. വലിയ ജനാലകൾ നൽകി കാറ്റിനേയും വെളിച്ചത്തേയും ഉള്ളിലേക്കെത്തിച്ചു. എല്ലാം പുതുപുത്തൻ മെറ്റീരിയലുകളുടേയും ഡിസൈൻ രീതികളുടേയും കൂടിച്ചേർക്കലുകളാണ് ഇന്റീരിയറിൽ പ്രാവർത്തികമാക്കിയിട്ടുള്ളത്.

പരിവർത്തനങ്ങൾ

പ്രധാന വാതിൽ തുറന്ന് നേരേ കയറുന്നത് ഡ്രോയിങ് റൂമിലേക്കാണ്. പഴയ ഡൈനിങ് ഏരിയ ഫാമിലി ലിവിങ് സ്പേസാക്കി പരിവർത്തിപ്പിച്ചു. അതിനോട് ചേർന്ന് തന്നെ ഡൈനിങ് സ്പേസും ക്രമീകരിച്ചു. സ്‌റ്റെയർകേസിന് അടിയിലായി വാഷ് കൗണ്ടറിനും സ്ഥാനം കൊടുത്തു. ലിവിങ്, ഡ്രോയിങ്, ഡൈനിങ് എന്നീ സ്പേസുകൾ വെർട്ടിക്കൽ പാറ്റേണിൽ ക്രമീകരിച്ചു. സ്വകാര്യതയ്ക്കായി ഹാഫ് പാർട്ടീഷൻ ഏർപ്പെടുത്തി. മുകളിലേക്കുള്ള സ്‌റ്റെയർകേസിന് വുഡും ഗ്ലാസും ഉപയോഗിച്ചു.പഴയ കിച്ചൺ വലിപ്പം കൂട്ടിയെടുത്തു. കിച്ചനോട് ചേർന്നു തന്നെ ഒരു വർക്ക് ഏരിയ കൂടി കൂട്ടിയെടുത്തു.


ഫ്ലോറിങ്ങെല്ലാം പാടേ മാറ്റി വിട്രിഫൈഡ് ടൈൽ പാകി. താഴത്തെ ഫാമിലി ലിവിങ്ങിന്റെ മുകളിലായി അപ്പർ ലിവിങ് പണിതു. ഡ്രോയിങ് റൂമിന്റെ നേരേ മുകളിലായിട്ടാണ് പുതിയതായി ഹോം തിയറ്റർ പണിതത്.

ബെഡ്‌റൂമുകളെല്ലാം പഴയതുതന്നെ നിലനിർത്തി എന്നാൽ വലിപ്പം കൂട്ടുകയും വാഡ്രോബ് യൂണിറ്റുകൾ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ബെഡ്‌റൂമുകളിലെല്ലാം ഫ്ലോറിങ്ങിന് വുഡൻ ടൈലുകളാണ് ഉപയോഗിച്ചിട്ടുള്ളത്.


ഇങ്ങനെ കാലികമായ പരിവർത്തനങ്ങളെല്ലാം ഉൾച്ചേർത്തുകൊണ്ടാണ് 30 വർഷം പഴക്കമുള്ള വീടിന് പുനർജന്മം നൽകിയത്. അച്ഛൻ പണിത വീടിനോടുള്ള താൽപര്യം മുൻനിർത്തി വീട്ടുകാർക്കുവേണ്ട എല്ലാ ആവശ്യങ്ങളും ഉൾക്കൊള്ളിക്കാൻ സാധിച്ചു എന്ന് വീടിന്റെ ഡിസൈനറായ അനൂപ് പറയുന്നു.

പലരും പുതുക്കി പണിയാൻ പറ്റില്ലെന്ന് പറഞ്ഞു പിന്മാറി അവസാനം തങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും എല്ലാം വളരെ ഭംഗിയായി പരിവർത്തിപ്പിച്ചു കിട്ടി എന്ന് വീട്ടുടമസ്ഥനായ പ്രശാന്ത് പറയുന്നു. പലരും ഇപ്പോൾ വീട് കാണാനായി വരുന്നുണ്ട് എന്ന് വീട്ടുകാരും വളരെ സന്തോഷത്തോടെ പറയുന്നു. അങ്ങനെ മൂവായിരത്തിൽ താഴെ സ്‌ക്വർ ഫീറ്റ് ഉണ്ടായിരുന്ന വീട് പുതുക്കിയപ്പോൾ 4000 സ്‌ക്വർ ഫീറ്റായി മാറി.


തയ്യാറാക്കിയത് – രശ്മി അജേഷ്

ക്ലൈൻറ്റ് – ഡോ. പ്രശാന്ത്
സ്ഥലം – മാവേലിക്കര, ചെന്നിത്തല
പ്ലോട്ട് – 48 സെൻറ്
വിസ്തീർണം -4000 സ്ക്വർ ഫീറ്റ്

ഡിസൈൻ – അനൂപ് കുമാർ സി.എ
പ്ലാനറ്റ് ആർക്കിടെക്ച്ചറൽ & ഇന്റീരിയർ ഡിസൈനേഴ്സ്,
ചങ്ങനാശ്ശേരി

ഫോൺ : 99612 45604

»