ഇതാണ് പ്രൊഫഷണൽ ഇന്റീരിയർ

മഞ്ചേരിയിലുള്ള ലീഗൽ അസ്സോസിയേറ്റ്സിന്റെ ഓഫീസിലെത്തുന്നവർ വാദപ്രതിവാദങ്ങൾ ഇല്ലാതെ സമ്മതിക്കുന്ന കാര്യമാണ് ഓഫീസിന്റെ ഇന്റീരിയർ കിടിലനാണെന്ന്. തർക്കത്തിന് ഇടനൽകാതെ ഓഫീസ് ഇന്റീരിയർ ചിട്ടപ്പെടുത്തിയിരിക്കുന്നത് ഡിസൈനർ എ.എം. ഫൈസലാണ്. മഞ്ചേരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നിർമ്മാൺ ഡിസൈൻസിലെ ചീഫ് ഡിസൈനർ ആണ് ഫൈസൽ. അഡ്വക്കേറ്റുമാരായ ബീന ജോസഫ്, അജിത് സി.പി എന്നിവരുടെ നേതൃത്വത്തിലാണ് ഈ ഓഫീസ് പ്രവർത്തിക്കുന്നത്. മഞ്ചേരി കോടതി പരിസരത്താണ് കക്ഷികൾക്കിടയിൽ ചർച്ച വിഷയമായ ലീഗൽ അസ്സോസിയേറ്റ്സിന്റെ ഓഫീസ് പ്രവർത്തിക്കുന്നത്. പ്രൊഫഷണൽ ഇന്റീരിയറിന്റെ സൂക്ഷ്മാവിഷ്കാരമാണ് ഈ ഓഫീസ് കാണിച്ചുതരുന്നത്.

പതിവുകൾ മാറ്റിമറിച്ചു
വക്കിലാഫിസിന്റെ പതിവ് രൂപവും ഭാവവും പടിക്ക് പുറത്താക്കി ആധുനിക യുഗത്തിന്റെ ആവിശ്യങ്ങൾക്ക് അനുസൃതമായിട്ടാണ് ലീഗൽ അസ്സോസിയേറ്റ്സിന്റെ ഇന്റീരിയറും എക്സ്റ്റീരിയറും ഡിസൈൻ ചെയ്തിരിക്കുന്നത്. ഓഫീസിന്റെ എക്സ്റ്റീരിയർ വാളിൽ തുടങ്ങുന്നു വാൾ ഡെക്കോറിന്റെ ആരംഭം. അക്രിലിക് സി.എൻ.സി ലെറ്റേഴ്സിലാണ് ലീഗൽ അസ്സോസിയേറ്റ്സിൽ പ്രവർത്തിക്കുന്നവരുടെ പേരു വിവരങ്ങളും ഓഫീസ് ടൈമിങ്ങുമൊക്കെ കുറിച്ചിരിക്കുന്നത്. പേരുകൾക്ക് അടിയിൽ റബ് വുഡിന്റെ സ്ട്രിപ്പുകളും നൽകിയിട്ടുണ്ട്. നെയിം ബോർഡിന് പശ്ചാത്തലമാകുന്ന ചുമരിൽ ബീജ് നിറമാണ് ഉപയോഗിച്ചിരിക്കുന്നത്. പേരുകൾ കൂടുതൽ പ്രൊജക്റ്റ് ചെയ്തു കാണുന്നതിന് ഈ നിറവ്യത്യാസം സഹായിക്കുന്നു.ലളിതം സുന്ദരം
ലാളിത്യമെങ്ങനെയാണ് സൗന്ദര്യമായി മാറുന്നതെന്നാണ് ഈ ഓഫീസ് ഇന്റീരിയർ കാണിക്കുന്നത്. 717 ചതുരാശ്രയടിയുടെ പരിമിതിയിലാണ് റിസപ്ഷനും, രണ്ട് ക്യാബിൻ റൂമുകളും, അസ്സോസിയേറ്റ്സ് വക്കിലുമാർക്ക് ഉള്ള വർക്ക് സ്പേസും, വെയ്റ്റിംഗ് സ്പേസും, പാൻട്രിയും, ടോയ്‌ലെറ്റുമൊക്കെ ക്രമീകരിച്ചിരിക്കുന്നത്. ഓഫീസിന്റെ ഇന്റീരിയർ ക്രമീകരിക്കുന്നതിന് വളരെ കുറച്ച് സാമഗ്രഹികൾ മാത്രമേ ഉപയോഗിച്ചിട്ടുള്ളു. വിബോർഡും റബ് വുഡുമാണ് പ്രധാന നിർമ്മാണ സാമഗ്രഹികൾ. ഫ്ലോറിൽ വിട്രിഫൈഡ് ടൈലാണ്.

റിസപ്ഷൻ
നീതി പീഠത്തിന്റെയും അഡ്വക്കേറ്റുമാരെയും സൂചിപ്പിക്കുന്ന ചില ചിഹ്നങ്ങളാണ് ഓഫീസിലെത്തുന്നവരുടെ കണ്ണുകളിലേക്ക് ആദ്യമെത്തുന്നത്. റിസപ്ഷനിൽ തന്നെയാണ് ക്ലർക്കുമാരുടെ വർക്ക് സ്റ്റേഷനും. കക്ഷികളിൽ നിന്ന് വിവരങ്ങൾ മനസ്സിലാക്കുന്നതിനും അവ ലീഗൽ ഡോക്യുമെന്റാക്കി മാറ്റുന്നതിനുമുള്ള സൗകര്യത്തിലാണ് ക്ലർക്കുമാർക്കുള്ള ഈ വർക്ക് സ്റ്റേഷൻ. ഇരിപ്പിടങ്ങളും സ്റ്റോറേജ് സൗകര്യവും ആവിശ്യത്തിന് നൽകിയിട്ടുണ്ട്. വിബോർഡുകൊണ്ടാണ് ഷെൽഫുകൾ. റാക്കുകൾ തീർത്തിരിക്കുന്നത് ഗ്ലാസ്സിലാണ്. സീറ്റിംഗിനടിയിലും സ്റ്റോറേജ് നൽകിയിട്ടുണ്ട്.

പാർട്ടീഷൻ വാൾ വിബോർഡും ഗ്ലാസും കൊണ്ടാണ്. റിസപ്‌ഷൻ കൗണ്ടർ ഉയരം കൂട്ടിയാണ് തയ്യാറാക്കിയിരിക്കുന്നത്. കക്ഷികൾക്ക് ഡോക്യുമെന്റുകൾ വായിക്കുന്നതിനും സൈൻ ചെയ്യുന്നതിനും ഒക്കെ ഇത് സൗകര്യമൊരുക്കുന്നു. റിസപ്ഷന് എതിർവശത്താണ് വെയ്റ്റിംഗ് ഏരിയ. പാർട്ടീഷൻ വാളിൽ ടി.വി യൂണിറ്റ് നൽകിയിരിക്കുന്നതിനാൽ വെയ്റ്റിംഗ് ഏരിയയിലുള്ളവർക്ക് ഇത് കാണാവുന്നതാണ്. വെയ്റ്റിംഗ് ഏരിയയുടെ ഭിത്തിയും സ്റ്റോറേജാക്കി മാറ്റിയിട്ടുണ്ട്.ഓഫീസ് ക്യാബിൻ
അഡ്വക്കേറ്റ് ബീന ജോസഫിനും അജിത്തിനും പ്രത്യേകം റൂമുകളാണ് ക്രമീകരിച്ചിരിക്കുന്നത്. പൊതുപ്രവർത്തക കൂടിയാണ് അഡ്വക്കേറ്റ് ബീന. അതുകൊണ്ടുതന്നെ കൂടുതൽ സന്ദർശകർ എത്താൻ സാധ്യതയുള്ളതിനാൽ അതിനനുസൃതമായാണ് മുറിയുടെ ക്രമീകരണം. വിബോർഡിലാണ് ഷെൽഫുകൾ. മേശ റബ് വുഡിലും. ഫാബ്രിക് അപ്ഹോൾസ്റ്ററി ചെയ്ത സോഫ കൂടുതൽ സന്ദർശകർ എത്തിയാൽ ഇരിക്കുന്നതിനും ആവശ്യമെങ്കിൽ വിശ്രമത്തിനും ഉപകരിക്കുന്ന വിധത്തിലാണ്. കുടുംബാംഗങ്ങളുടെ ചിത്രങ്ങളാണ് ഭിത്തിയിൽ ഉപയോഗിച്ചിരിക്കുന്നത്. കുടുംബാന്തരീക്ഷത്തിന്റെ ഒരു ഫീൽ കൈവരിക്കുന്നതിന് ഇത് സഹായിക്കുമെന്നാണ് ഡിസൈനർ ഫൈസൽ അവകാശപ്പെടുന്നത്.അസ്സോസിയേറ്റ്സുകൾക്ക് ഒരുമിച്ചാണ് വർക്ക് സ്പേസ് നൽകിയിരിക്കുന്നത്. ഓരോരുത്തർക്കും സ്വന്തം കക്ഷികളെ കാണുന്നതിനും സംസാരിക്കുന്നതിനും പ്രത്യേകം സൗകര്യം നൽകിയിട്ടുണ്ട്. അക്രിലിക് സി.എൻ.സി ലെറ്റർ കൊണ്ട് ഭിത്തിയിൽ ലീഗൽ ജാർഗൺസ് നിരത്തിയിരിക്കുന്നതാണ് ചുമരിലെ അലങ്കാരം. ഓവർ ഹെഡ് സ്റ്റോറേജ് തയ്യാറാക്കിയിരിക്കുന്നത് വിബോർഡിലാണ്. ടേബിളുകൾ തീർത്തിരിക്കുന്നത് റബ് വുഡിലും. ഇവിടെ തന്നെയാണ് പാൻട്രിയും ബാത്റൂമും ഒരുക്കിയിരിക്കുന്നത്.മിതമായ സാമഗ്രികൾ കൊണ്ട് ലഭ്യമായ സ്ഥലത്ത് പരമാവധി യൂട്ടിലിറ്റി കൈവരിക്കുന്നതിനാണ് ഡിസൈനർ ഫൈസൽ ശ്രമിച്ചിരിക്കുന്നത്. പ്രൊഫഷണൽ ഇന്റീരിയറിന്റെ ഉത്തമ മാതൃകയാണ് ഈ ഓഫീസ്.തയ്യാറാക്കിയത് – രതീഷ് ജോൺ

ക്ലൈന്റ് – അഡ്വ. ബീന ജോസഫ്
സ്ഥലം – മഞ്ചേരി
വിസ്തീർണം – 717 സ്ക്വർ ഫീറ്റ്

ഡിസൈൻ – എ.എം ഫൈസൽ
നിർമ്മാൺ ഡിസൈൻസ്,
മഞ്ചേരി
ഫോൺ : 98959 78900

ഫോട്ടോ – അജീബ് കൊമാച്ചി

«
»