ഇറ്റാലിയൻ കഫേയുടെ വിശേഷങ്ങൾ അറിയാൻ ഈ കൂട്ടിലേക്ക്‌ വരൂ…

‘കൂട്’ ഒരു ഇറ്റാലിയൻ കഫേയാണ്. നാവിൽ രുചിമേളം തീർക്കുന്ന ഇറ്റാലിയൻ വിഭവങ്ങളുടെ കലവറ. കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലുള്ള കൂടുമായി കൂട്ടുകൂടുന്നവർ ഭക്ഷണപ്രിയർ മാത്രമല്ല നഗരനടുവിൽ സ്വച്ഛത തേടുന്നവരും വേറിട്ട അന്തരീക്ഷം ആഗ്രഹിക്കുന്നവരുമൊക്കെയാണ്. കൂട് പങ്കിടുന്നത് ഭക്ഷണം മാത്രമല്ല മനസ്സാഗ്രഹിക്കുന്ന വേറിട്ട പരിസരം കൂടിയാണ്. ഒരു വട്ടമെത്തുന്നവർ ഒരിക്കലും മറക്കില്ല കൂടും കൂട്ടിലെ മൗലികമായ സൃഷ്ടികളും. ഡോക്ടർ അഗറിന് വേണ്ടി ഹൈലൈറ്റ് ഇന്റീരിയേഴ്‌സാണ് കൂട് ഒരുക്കിയിരിക്കുന്നത്.

അടിമുടി മൗലികം
കൂട് എന്ന നെയിം ബോർഡും കഴുക്കോലിൽ നിന്ന് തൂങ്ങിനിൽക്കുന്ന കിളികൂടുമാണ് കൂട്ടിലേക്ക്‌ വഴിയൊരുക്കുന്നത്. കൂടും ഇറ്റാലിയൻ ശൈലിയുമാണ് ഈ കഫേയുടെ അടിസ്ഥാന സംരചനാശയം. വൈറ്റ് പുതച്ചു നിൽക്കുന്ന വാതിൽ മുതൽതന്നെ ആശയങ്ങൾ പ്രകടമാണ്. കുറഞ്ഞ സ്ഥലവും മിനിമം ബഡ്ജറ്റുമായിരുന്നു കൂട് ഒരുക്കുന്നതിനുള്ള ആദ്യ വെല്ലുവിളി.പഴയ കെട്ടിടത്തിന്റെ ചട്ടക്കൂട് മാറ്റാതെ തന്നെയാണ് അകത്തളം ചിട്ടപ്പെടുത്തിയിരിക്കുന്നത്. പക്ഷി കൂടൊരുക്കുമ്പോലെ തികഞ്ഞ ലാളിത്യത്തിലാണ് ഈ കഫേയുടെ ഓരോ കോണും യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. ഡിസൈനറുടെ ആശയ പ്രകാശത്തിന് തടസ്സങ്ങൾ ഉണ്ടാകാത്തതാണ് ഈ കഫേ ഇത്ര മനോഹരമാക്കിയതെന്നാണ് ഡിസൈനിങ്ങിന് നേതൃത്വം നൽകിയ ആർക്കിടെക്റ്റ് ശ്രീജിത്ത് പറയുന്നത്. ഡിസൈനേഴ്സിന്റെ സംരചനാശയങ്ങൾ പൂർണ്ണാർത്ഥത്തിൽ ഉൾക്കൊള്ളുന്നതിനും അതിനനുസരിച്ച് ഇന്റീരിയർ സജ്ജീകരിക്കുന്നതിനും ഡോക്ടർ അഗർ പൂർണ്ണാനുമതി നൽകിയിരുന്നു.

കൂടിന്റെ വിഭവങ്ങൾ
കോട്ട സ്റ്റോൺ കൊണ്ടാണ് കൂടിന്റെ ഫ്ലോറിങ് നിർവ്വഹിച്ചിരിക്കുന്നത്. ആദ്യമെത്തുന്നത് വെയിറ്റിങ് ലോഞ്ചിലേക്കാണ്. കാസ്റ്റ് അയണിൽ തീർത്തിരിക്കുന്ന ഇരിപ്പിടങ്ങളാണ് ഇവിടെ. സ്വീകരണയിടത്തിൽ നിന്ന് തന്നെ ഇന്റീരിയറിന്റെ വർണദൃശ്യങ്ങൾ കാണാവുന്നതാണ്. കഫേയിൽ എത്തുന്നവർക്ക് ആകാംഷ പകരാൻ ഇത് സഹായിക്കുന്നു. ലോബിയുടെ ചുമരിൽ ആർട്ട് വർക്കുകൾ ചെയ്തിട്ടുണ്ട്. ലോബിയും റിസപ്‌ഷനും തമ്മിൽ വേർതിരിക്കുന്നത് റോപ്പിലുള്ള ട്രാൻസ്പരന്റ് പാർട്ടീഷനാണ്. ലോബിയിലുള്ള ഷെൽഫിൽ വിവിധ വലുപ്പത്തിലുള്ള പക്ഷിക്കൂടുകളും ആന്റിക്കുകളും ഷോക്കേസ് ചെയ്തിട്ടുണ്ട്. ഇതിനോട് ചേർന്നാണ് കിച്ചൺ.ആരും ഇഷ്ടപ്പെടുന്ന കാലിക്കറ്റ്
ലോബിയിൽ നിന്നും നേരെ എത്തുന്നവർക്ക് മുന്നിൽ കോഴിക്കോടിന്റെ ചരിത്രം അനാവരണം ചെയ്യുന്നു ഭിത്തിയിൽ വരച്ചിരിക്കുന്ന ചുമർച്ചിത്രം. കളരിയും സാമുതിരിയും, വാസ്കോഡഗാമയും, ജലയാനങ്ങളും സാംസ്‌കാരിക പൈതൃകവും ചുമരിൽ നിറയുന്നു. കഫേയിൽ എത്തുന്നവരുടെ സെൽഫി പോയിന്റാണിത്. ‘ലൗവ് കാലിക്കറ്റ്’ എന്നെഴുതിയിരിക്കുന്ന ഈ ചുമർചിത്രത്തിന് മുന്നിൽ നിന്ന് ഒരു സെൽഫി എടുക്കുന്നവർ ജീവിതത്തിൽ ഒരിക്കലും ഈ സ്ഥലം മറക്കില്ല.വൈറ്റ് നിറത്തിലാണ് സീലിങ്ങും ചുമരുകളും. ലാട്രൈറ്റ് ഭിത്തിയിൽ പുട്ടി വർക്ക് ചെയ്താണ് ഈ ടെക്സ്ച്ചർ തയ്യാറാക്കിയിരിക്കുന്നത്. ഒരു ഭാഗത്ത് ഭിത്തിയിൽ മുഴുവൻ വെർട്ടിക്കൽ ഗാർഡൻ തീർത്തിരിക്കുന്നു. ഫർണിച്ചർ എല്ലാം ഹൈദരാബാദിൽ നിന്നും എത്തിച്ചതാണ്. സീലിങ്ങിൽ ഹൈഡെൻസിറ്റി തെർമോക്കോൾ വിരിച്ച് പെയിന്റ് ഫിനിഷും ഗ്രൂവും നൽകിയതോടെ വുഡൻ ഇഫക്ട് കൈവന്നു.ഫാമിലിക്ക് വേണ്ടിയുള്ള പ്രൈവറ്റ് ഏരിയ തീർത്തിരിക്കുന്നത് ഹാങ്ങിങ് പാർട്ടീഷൻ കൊണ്ടാണ്. സീലിങ്ങിൽ ഒരു ഗ്രിഡ് ഫോമിലുള്ള വുഡൻ വർക്കും നൽകിയിട്ടുണ്ട്. ഈ ഭാഗത്ത് ഭിത്തിയിൽ ഗ്ലാസ് മിറർ നൽകിയതോടെ ഇന്റീരിയറിന്റെ വോളും പതിന്മടങ്ങായി. വാഷ് ഏരിയയും ടോയ്‌ലെറ്റും നൽകിയതോടെ ഒരു കഫേ പ്രവർത്തിക്കുന്നതിന് ആവശ്യമായ സർവ്വ സൗകര്യങ്ങളും ഇവിടെ സജ്ജീകൃതമായി. ഫങ്ങ്ഷൻ, സൗന്ദര്യം എന്നിവ കൃത്യമായി കൂട്ടിയിണക്കുന്നതിൽ ഹൈലൈറ്റ് ഇന്റീരിയേഴ്സിന്റെ ഡിസൈനർമാർ പൂർണ്ണമായും വിജയിച്ചിരിക്കുന്നു എന്ന് ഈ പ്രൊജക്റ്റ് കാണിച്ചുതരുന്നു.കൂട് ഒരു മൗലിക സൃഷ്ടിയാണ്. ഭക്ഷണത്തിനായി ഇവിടെ എത്തുന്ന സഞ്ചാരികളുടെ മനസ്സും നിറയ്ക്കുന്നു ഈ കൂട്.തയ്യാറാക്കിയത് – രതീഷ് ജോൺ

ക്ലൈന്റ് – ഡോ. അഗർ
സ്ഥലം – കോഴിക്കോട്

ഡിസൈൻ – ഹൈലൈറ്റ് ഇന്റീരിയേഴ്സ്,
ഹൈലൈറ്റ് സിറ്റി, കോഴിക്കോട്

ഫോൺ – 81570 99111, 81579 00088

ഫോട്ടോ – അഖിൽ കൊമാച്ചി

«
»