കീശക്കിണങ്ങിയ വീട്

കീശകാലിയാക്കാതെ എങ്ങനെ വീടൊരുക്കാം എന്നതാണ് ഡിസൈനർ ഹിദായത്ത് ബിൻ അലി തന്റെ സ്വന്തം വീടിന്റെ സാക്ഷാത്കാരത്തിലൂടെ കാണിച്ചു തരുന്നത്. മലപ്പുറത്ത് ഇളമരം എന്ന സ്ഥലത്താണ് വീട്. ആധുനിക സജ്ജീകരണങ്ങൾ എല്ലാം തികയുന്ന വീടിന്റെ വിസ്തൃതി 1500 ചതുരശ്രയടിയാണ്. യഥാർത്ഥ അതിശയം ഇതൊന്നുമല്ല. വീട് പൂർത്തീകരിച്ച് താമസയോഗ്യമാക്കിയപ്പോഴും മൊത്തം ബഡ്ജറ്റ് 25 ലക്ഷത്തിന്റെ പരിധിവിട്ടില്ല എന്നതാണ്. പോക്കറ്റ് ചോരാതെ ഭവന നിർമാണം സാധ്യമാക്കുന്നതിന്റെ മാതൃക പാഠങ്ങളാണ് ഈ വീട് പങ്കിടുന്നത്.

വെല്ലുവിളികൾ
പ്ലോട്ടിന്റെ കിടപ്പായിരുന്നു ആദ്യ വെല്ലുവിളി. പിന്നാലെയെത്തി 25 ലക്ഷത്തിന്റെ പരിധി കവിയരുതെന്ന കണിശതയും. പ്ലോട്ടിന്റെയും ബഡ്ജറ്റിന്റെയും വെല്ലുവിളികളെ മറികടന്നത് സമകാലികശൈലിയിലുള്ള ഡിസൈനിങ് വഴിയാണ്. ബോക്സ് മാതൃകയിലാണ് എലിവേഷൻ. ഭാവിലേക്കുള്ള വികസനത്തിനും വഴി തുറന്നിടുന്നതാണ് ഈ ബോക്സ് എലിവേഷൻ. വീടിന്റെ ചതുരാകൃതിയുടെ കുഞ്ഞുമാതൃകയിലാണ് ജനലുകൾ. യു.പി.വി.സി യും ഗ്രില്ലും ഉപയോഗിച്ചാണ് ജനൽ. കൂടുതൽ ജാലകങ്ങൾ നൽകിയിരിക്കുന്നതിനാൽ കാറ്റും വെളിച്ചവും ഈ വീട്ടിലെ സ്ഥിരം വിരുന്നുകാരാണ്.വുഡിനൊപ്പം ഗ്ലാസ് ബ്ലോക്കും ഉപയോഗിച്ചാണ് പ്രധാന വാതിൽ തീർത്തിരിക്കുന്നത്. ഇവിടെ മാത്രം കാണുന്ന കൗതുകങ്ങളിൽ ഒന്നാണിത്. മുറ്റത്ത് ബേബി മെറ്റൽ കൊണ്ടൊരു വാക് വേ തീർത്തു. സിറ്റൗട്ടിൽ മെറ്റൽ കൊണ്ടൊരു സ്‌ക്വയർ ആർച്ചും ഒരുക്കിയിട്ടുണ്ട്. തൊടിയിലുണ്ടായിരുന്ന എല്ലാ പരിമിതികളേയും അവസരങ്ങളാക്കിയാണ് ഹിദായത്ത് വീടിന്റെ ഡിസൈനിങ് നിർവ്വഹിച്ചിരിക്കുന്നത്.

ആവശ്യങ്ങളറിഞ്ഞ്
ശുഭ്ര വർണത്തിലാണ് എലിവേഷൻ. പൂമുഖത്തെ ഇരിപ്പിടങ്ങൾ വുഡൻ ബെഞ്ചാണ്. ഫ്ലോറിങ്ങിന് വിട്രിഫൈഡ് ടൈലും മാർബോണറ്റും ഉപയോഗിച്ചിട്ടുണ്ട്. ജനലുകൾക്ക് യു.പി.വി.സി ഉപയോഗിച്ചതിനാൽ വുഡിന്റെ ഉപയോഗവും ചുരുക്കാൻ കഴിഞ്ഞു. മൊത്തം ചെലവ് ചുരുക്കുന്നതിനും ഇത് നിർണായകമായി. സിറ്റൗട്ട്, പോർച്ച്, ഫോയർ, ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, 2 കിടപ്പുമുറികൾ, കിച്ചൺ എന്നിവയാണ് 1500 ചതുരശ്രയടി വിസ്തീർണത്തിൽ സമ്മേളിപ്പിച്ചിരിക്കുന്നത്.ഓപ്പൺ ആശയം
വീട്ടകത്തെ ഓരോ ഫങ്ങ്ഷനും കൃത്യമായി നടപ്പിലാക്കാൻ പാകത്തിനാണ് സ്പേസ് മാനേജ്മെന്റ്. മിനിമം സ്പേസിലാണ് സിറ്റൗട്ട്. ഫോയറിൽ ഒരു നടുമുറ്റത്തിന്റെ ആശയാവിഷ്ക്കാരമാണ് നടത്തിയിരിക്കുന്നത്. റൂഫിൽ ഗ്ലാസ് നൽകി സ്കൈലൈറ്റ് എത്തിച്ചിട്ടുണ്ട് നടുമുറ്റത്ത്. ഫോയർ, ഫോർമൽ ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ് ഇവയൊക്കെ ഓപ്പൺ ആശയത്തിലാണ്. സ്കൈലൈറ്റ് എല്ലായിടത്തേക്കും എത്തുന്നതിനും ഈ നീക്കം സഹായിച്ചു. ഇടങ്ങൾക്ക് ഭാഗികമായി വേർതിരിവ് നൽകുന്നത് വെർട്ടിക്കൽ ഗാർഡനും ഫ്ലോറിലെ ലെവൽ വ്യതിയാനവുമാണ്.കോർണർ സോഫയും ടീപ്പോയുമാണ് സ്വീകരണമുറിയിൽ. ഡൈനിങ്ങിൽ ബെഞ്ചും ഡെസ്ക്കുമാണ്. ഫാമിലി ലിവിങ്ങിൽ ഫൈബർ ഇരിപ്പിടങ്ങളും ടീപ്പോയുമാണ്. മുറികളുടെ ഫങ്ങ്ഷൻ നിർവ്വഹിക്കുന്നതിനുള്ള ഫർണിച്ചർ മാത്രമേ ഉപയോഗിച്ചിട്ടുള്ളു. ഒരു ഭിത്തി മാത്രം നിറം നൽകി ഹൈലൈറ്റ് ചെയ്യുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. ഫാമിലി ലിവിങ്ങിൽ സീലിംഗ് ഫാബ്രിക്കേഷൻ ചെയ്തിട്ടുണ്ട്.അലുമിനിയം കോംപോസിറ്റ് പാനൽ കൊണ്ടാണ് അടുക്കള. കോൺക്രീറ്റ് സ്ലാബിലാണ് ടോപ്പ്. ഇതിൽ ടൈൽ പതിച്ചിരിക്കുന്നു. കിടപ്പുമുറികളിൽ പ്ലൈവുഡ് കൊണ്ടാണ് ഫർണിച്ചർ. മുറിയുടെ ഫങ്ങ്ഷന് ആവശ്യമായ ഫർണിച്ചർ മാത്രമേ ഓരോ മുറികളിലും നല്കിയിട്ടുള്ളു. പരമാവധി വെന്റിലേഷൻ കിട്ടത്തക്ക വിധത്തിലാണ് കിടപ്പുമുറികൾ ചമച്ചിരിക്കുന്നത്.മുറികൾ തമ്മിൽ തുറന്നാശയം നിലനിർത്തിയതും ധാരാളം ഓപ്പണിങ്ങുകൾ നൽകിയതും ഇന്റീരിയറിനെ കൂടുതൽ വിസ്തൃതമാക്കി. മുറിയുടെ ധർമ്മത്തിനനുസരിച്ച് മാത്രം ഫർണിച്ചർ ഉപയോഗിക്കുന്നതിനാൽ ഇന്റീരിയർ ട്രാഫിക്കും സുഖകരമായി. ഫർണിച്ചറിലെ കൗതുകവും വെർട്ടിക്കൽ ഗാർഡനും ഗ്രിൽ ഓപ്പണിങ്ങുകളും അതിലുള്ള ചെടികളും ബ്രിക്ക് എക്സ്പോസിഡ് വാളുമൊക്കെ ഇന്റീരിയറിനെ ആകർഷമാക്കുന്ന ഘടകങ്ങളാണ്. ഒപ്പം ചെലവ് ചുരുക്കുന്നതിനും സഹായിച്ചു. കുറഞ്ഞ ചെലവിൽ ഒരു ഭവനം തീർക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉത്തമ മാതൃകയാണ് ഈ വീടും വീട്ടകത്തിന്റെ ക്രമീകരണ രീതിയും.
തയ്യാറാക്കിയത് – രതീഷ് ജോൺ

ക്ലൈന്റ് – ഹിദായത്ത് ബിൻ അലി
സ്ഥലം – ഇളമരം, മലപ്പുറം
പ്ലോട്ട് – 10 സെൻറ്
വിസ്തീർണം -1500 സ്ക്വർ ഫീറ്റ്
ബഡ്ജറ്റ് – 25 ലക്ഷം

ഡിസൈൻ – ഹിദായത്ത് ബിൻ അലി
ഡിസൈൻ ആർക്, മലപ്പുറം

ഫോൺ : 98460 45109

ഫോട്ടോ – അജീബ് കൊമാച്ചി

«
»