ഇത്രയേറെ വീടിനെ സ്നേഹിക്കാൻ ഇതാണ് കാരണങ്ങൾ

This article has been viewed 526 times
സമീപത്തെ മറ്റ് വീടുകളിൽ നിന്നും തികച്ചും വ്യത്യസ്തം. രണ്ടാമതൊന്നുകൂടി ആരുമൊന്ന് നോക്കി പോകും. ആംഗുലർ ഫോർമേഷൻ ഡിസൈൻ പാറ്റേണായി നൽകിയത് എലിവേഷനിൽ ദൃശ്യമാണ്. ക്ലാഡിങ് വർക്കുകൾ ഈ ആകൃതിയിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്നു. ഇതിന്റെ തുടർച്ച കോംപൗണ്ട് വാളിലും ഗേറ്റിലും നൽകിയിരിക്കുന്നത് കാണാം. ചൈനയിൽ അക്കൗണ്ടന്റായി ജോലി നോക്കുന്ന ദേവദാസിന്റെയും കുടുംബത്തിന്റെയുമാണ് വീട്.

ഒരു യൂണിക്‌ ഡിസൈൻ മതി വീടിന് എന്നുമാത്രമാണ് ക്ലൈന്റ് ആർക്കിടെക്റ്റിനോട് ആവശ്യപ്പെട്ടത്. ഇവിടെ ക്ലൈന്റ്റും ആർക്കിടെക്റ്റും തമ്മിലുള്ള തുറന്ന സമീപനവും ആശയവിനിമയവും എല്ലാം വീടിനെ അതിന്റെ പൂർണതയിൽ എത്തിക്കാൻ സഹായിച്ചു എന്ന് വീട്ടുടമസ്ഥൻ നിസംശയം പറയുന്നു. സൻസ്കൃതി ആർക്കിടെക്റ്റിലെ പ്രിൻസിപ്പൽ ആർക്കിടെക്റ്റായ സുജിത് കെ നടേഷാണ് വീടിന്റെ ശില്പി.

ഇപ്പോൾ എല്ലാവരും അത്യധികം സന്തോഷത്തിലാണ് ചൈനയിൽ ജോലിസ്ഥലത്തു നിന്നും വീട്ടിലേക്ക് ഓടിയെത്താൻ തിടുക്കമാണെന്ന് വീട്ടുകാർ പറയുന്നു. എലിവേഷനിലെ ആംഗുലർ ഷെയ്പ്പിന്റെ തുടർച്ച ഉൾത്തടങ്ങളിലേക്കും എത്തിച്ചു. എലിവേഷനിലെ ചെങ്കലിന്റെ ക്ലാഡിങ്ങും സമകാലീന ശൈലിയുടെ പൂരകങ്ങളുമെല്ലാം കോർത്തിണക്കുമ്പോൾ ഫ്യൂഷൻ ശൈലിയാണ് ഉടലെടുക്കുന്നത്.

ഇന്റീരിയറിലേക്കെത്തിയാൽ നേരേ കാണുന്നത് ഫോയർ സ്പേസ് ആണ്. ഇതിന്റെ വലതു വശത്താണ് ലിവിങ് റൂം നൽകിയിട്ടുള്ളത്. ഡബിൾ ഹൈറ്റ് സ്പേസിലാണ് ലിവിങ് റൂം ഡിസൈൻ. ഇവിടെ ഭിത്തിയുടെ ഒരു ഭാഗത്ത് ആംഗുലർ ആകൃതിയിൽ നൽകിയിരിക്കുന്ന ഗ്ലാസ് ബ്ലോക്കുകൾ ആണ് ഈ സ്പേസിലെ ഹൈലൈറ്റ്. അബ്സ്ട്രാക്റ്റ് ഡിസൈൻ വർക്കാണിത്. ഈ വർക്കിന്‌ നൽകിയിരിക്കുന്ന ഫ്രെയിം എലിവേഷനിൽ നിന്നും കാണാവുന്നതാണ്. ലിവിങ്ങിനേയും ഡൈനിങ്ങിനേയും തമ്മിൽ വേർതിരിച്ചിരിക്കുന്ന പാർട്ടീഷൻ വാളിന്റെ ഒരു ഭാഗത്ത് പൂജാ സ്പേസിന് ഇടം നൽകി. ഗ്രേ, ഓഫ് വൈറ്റ് നിറങ്ങളുടെ മാസ്മരികതയാണ് ഇന്റീരിയറിന്.

ഡൈനിങ് കം കിച്ചനാണ് ഇവിടെ പ്രാവർത്തികമാക്കിയിട്ടുള്ളത്. ഡൈനിങ്ങിനോട് ചേർന്ന് കിഴക്ക് ഭാഗത്തായി ഒരു സിറ്റൗട്ടും കൊടുത്തു. ഫാമിലി ലിവിങ്ങിനും ഇവിടെ സ്ഥാനം കൊടുത്തിരിക്കുന്നത് കാണാം. ഡൈനിങ് സ്പേസിൽ നിന്നുതന്നെയാണ് മുകളിലേക്കുള്ള സ്റ്റെയർകേസിനും സ്ഥാനം. സ്റ്റെയർകേസിനു താഴെയായി വാഷ് കൗണ്ടറും സജ്ജീകരിച്ചു.

ന്യൂട്രൽ നിറങ്ങളായതിനാലും കാറ്റും വെളിച്ചവും നന്നായി ഉൾത്തളങ്ങളിലേക്ക് എത്തുന്നതിനാലും എല്ലാ സ്പേസിലും വിശാലത തോന്നിപ്പിക്കുന്നുണ്ട്. ഉചിതമായ ലൈറ്റ് ഫിറ്റിങ്ങുകളും ഇന്റീരിയറിന് മിഴിവേകുന്നുണ്ട്. സീലിങ് വർക്കിലും ആംഗുലർഫോർമേഷന്റെ തുടർച്ച കാണാം.

മൂന്ന് ബെഡ്‌റൂമുകളാണ് ഈ വീട്ടിൽ ഉള്ളത്. ഒരേ രീതിയിലുള്ള ഡിസൈൻ നയങ്ങളാണ് മൂന്ന് ബെഡ്‌റൂമുകൾക്കും നൽകിയിട്ടുള്ളത്. ആംഗുലർ ഡിസൈൻ പാറ്റേൺ ബെഡ്റൂമിലും കൊണ്ടുവന്നിരിക്കുന്നു. വാഡ്രോബ് യൂണിറ്റുകളും ഡ്രസിങ് ഏരിയയും എല്ലാം ഉപയുക്തമായി ക്രമീകരിച്ചിരിക്കുന്നു.

ചെറിയ സ്പേസിലാണ് കിച്ചൻ. ഒരു കോഫി ടേബിളിനും ഇവിടെ ഇടം നൽകി. ഈ കോഫി ടേബിളാണ് കിച്ചനും ഡൈനിങ്ങിനും ഇടയിൽ പാർട്ടീഷനായി വർത്തിക്കുന്നത്. കിച്ചനിൽ ഷട്ടറുകൾക്ക് മറൈൻ പ്ലൈ ലാമിനേഷനാണ്. വൈറ്റ് മാർബിളാണ് കൗണ്ടർ ടോപ്പിന്. ഒരു വർക്ക് ഏരിയ കൂടി അടുക്കളയോട് ചേർന്നു സജ്ജീകരിച്ചിട്ടുണ്ട്.

ഇങ്ങനെ സൗകര്യങ്ങളെല്ലാം സൗന്ദര്യത്തികവോടെ പ്രാവർത്തികമാക്കിയപ്പോൾ അകം പുറം ജീവസുറ്റതായി മാറി. വീട്ടിൽ ചിലവഴിക്കുന്ന സമയമത്രയും ഏറ്റവും സന്തോഷമായി ഇരിക്കാൻ സാധിക്കുന്നു എന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. കുടുംബത്തിലുള്ളവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും അവർക്ക് ഏറ്റവും പ്രിയപ്പെട്ടതാക്കി മാറ്റാൻ കഴിഞ്ഞു എന്ന് വീടിന്റെ ശില്പി ആർക്കിടെക്റ്റ് സുജിത് കെ നടേഷ് പറയുന്നു.

തയ്യാറാക്കിയത് - രശ്മി അജേഷ്

ക്ലൈന്റ് - ദേവദാസ്
സ്ഥലം - അടാട്ട്, തൃശ്ശൂർ
പ്ലോട്ട് - 8 സെൻറ്
വിസ്തീർണം - 2300 സ്ക്വർ ഫീറ്റ്

ഡിസൈൻ - സുജിത് കെ നടേഷ്
സൻസ്കൃതി ആർക്കിടെക്സ്, എരൂർ, തൃപ്പുണിത്തറ
ഫോൺ : 94959 59889