ഫ്ലൂയിഡിക് ഡിസൈൻ

This article has been viewed 476 times
ഒരു വീട് വയ്ക്കുമ്പോൾ അത് എക്കാലത്തും പുതുമ പുലർത്തുന്നതായിരിക്കണം. വീട്ടുടമസ്ഥൻ അഗേഷ് കുമാറിന്റെ ഈ ആഗ്രഹത്തിന് ഡിസൈനർ അമേഷിന്റെ ഉത്തരമാണ് ഫ്ലൂയിഡിക് ഡിസൈനിൽ തലയുയർത്തി നിൽക്കുന്ന ഈ വീട്. ചതുരജ്യാമിതിയുടെ കാർക്കര്യമില്ലാതെ ഒഴുക്കൻ മട്ടിലുള്ളതാണ് ഫ്ലൂയിഡിക് ഡിസൈൻ. വാഹന നിർമാതാക്കൾ പരീക്ഷിക്കുന്ന ഈ ഡിസൈൻ രസതന്ത്രം മലയാളി ഗൃഹനിർമാതാക്കൾക്ക് അത്ര പരിചിതമല്ല. കണ്ണൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആകൃതി ഡിസൈൻസിന്റെ അമരക്കാരൻ അമേഷ്.കെ.യാണ് ഈ ഭവനം രൂപകൽപന ചെയ്തിരിക്കുന്നത്.

ഫ്ലൂയിഡിക് ഡിസൈനിന്റെ ചുവട് പിടിച്ചാണ് കോംപൗണ്ട് വാൾ മുതലുള്ള നിർമിതി. ദീർഘ ചതുരാകൃതിയിലുള്ള 23 സെന്റിന്റെ പ്ലോട്ടിലാണ് വീട്. ഒരു ബുക്ക് തുറന്ന് കുത്തനെ നിർത്തിയതുപോലുള്ള ആകൃതിയിലാണ് വീടിന്റെ എലിവേഷൻ. കോർണറുകളെല്ലാം കർവ് ചെയ്തിരിക്കുന്നു. ചുമരിന് വെള്ള നിറത്തിലുള്ള പെയിന്റ് ഫിനിഷാണ്. സ്ലേറ്റ് സ്റ്റോൺ കൊണ്ടുള്ള ക്ലാഡിങ് നൽകിയതോടെ ഭിത്തിയിൽ കളർ കോൺട്രാസ്റ്റായി.

എക്സ്റ്റീരിയറിൽ പെർഫോറേറ്റഡ് വാൾ തീർത്തിരിക്കുന്നത് രണ്ട് ലക്ഷ്യത്തോടെയാണ്. എലിവേഷന്റെ ഭംഗി കൂട്ടുന്നതിനൊപ്പം വെന്റിലേഷനും ഉറപ്പാക്കുന്നു ഈ നീക്കം. ചെങ്കല്ലും ജി.ഐ മെഷും കൊണ്ടാണ് കോംപൗണ്ട് വാൾ. വീടിന്റെ കാഴ്ച മറയാതിരിക്കാനാണ് ജി.ഐ മെഷ് കോംപൗണ്ട് വാളിൽ ഉപയോഗിച്ചിരിക്കുന്നത്. മുറ്റത്ത് സിമന്റ് പേവിങ് ടൈലാണ് പാകിയിരിക്കുന്നത്. മുറ്റം, കോംപൗണ്ട് വാൾ, എലിവേഷൻ എന്നിവയിൽ ഫ്ലൂയിഡിക് ഡിസൈനിന്റെ എലിമെന്റുകൾ കൃത്യമായി കോർത്തിണക്കിയിട്ടുണ്ട്.

ഈ വീടിന്റെ മൊത്തം വിസ്തൃതി 5300 ചതുരശ്രയടിയാണ്. സിറ്റൗട്ട് , ഫോയർ, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൺ, വർക്കിങ് കിച്ചൺ, പാഷിയോ, പേരൻസ് ബെഡ്‌റൂം എന്നിവയാണ് ഗ്രൗണ്ട് ഫ്ലോറിൽ. മാസ്റ്റർ ബെഡ്‌റൂം, സിറ്റിംഗ് ഏരിയ, ഹോം തീയറ്റർ, മകന്റെ കിടപ്പുമുറി എന്നിവയാണ് മുകൾ നിലയിൽ. ആഢംബരത്തിനും ആധുനികതയ്ക്കും ഒപ്പം വിശാലവുമായിട്ടാണ് ഇടങ്ങൾ ചിട്ടപ്പെടുത്തിരിക്കുന്നത്. ആധുനിക ജീവിത സാഹചര്യങ്ങൾക്ക് ഇണങ്ങുന്ന രീതിയിൽ തികച്ചും കണ്ടംപ്രററിയായിട്ടാണ് വീടിന്റെ ഇന്റീരിയർ തീർത്തിരിക്കുന്നത്.

സിറ്റൗട്ടിൽ ഗ്രാനൈറ്റും മൊസൈക് ടൈലും കൊണ്ടാണ് ഫ്ലോറിങ്. തേക്കിൽ തീർത്തതാണ് പൂമുഖ വാതിൽ. ഫോയറിലാണ് അകത്തളത്തിന്റെ മുഖ്യാകർഷണമായ ബുദ്ധന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. പ്രതിമയുടെ പിൻഭാഗത്ത് മാർബിൾ വാളാണ്. പ്രത്യേകം തൂക്കുവിളക്കുകളും ഫ്ലോറിങ്ങും നൽകി ഈ ഭാഗം ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.

വിട്രിഫൈഡ് ടൈൽ കൊണ്ടാണ് ഫ്ലോറിങ്. ഇന്റീരിയർ പല ലെവലിലാണ്. സ്റ്റെയറിന്റെ സ്റ്റെപ് നീട്ടിയെടുത്താണ് സ്വീകരണ മുറിയിലെ ഇരിപ്പിടം തീർത്തിരിക്കുന്നത്. ഫാബ്രിക് അപ്ഹോൾസ്റ്ററിയാണ് ഇരിപ്പിടങ്ങൾക്ക്. സീലിങ് ജിപ്സത്തിൽ പെയിന്റ് ഫിനിഷ് നൽകി സുന്ദരമാക്കി. യു.പി.വി.സി കൊണ്ടാണ് ജനലുകൾ. റോളർ ബ്ലെന്റാണ് പ്രൈവസി നൽകുന്നത്.

ഫാമിലി ലിവിങ് നാലോളം സ്റ്റെപ്പുകളുടെ ഉയരത്തിലാണ്. പൂജ സ്പേസും ഇവിടെയാണ്. പെയിന്റ് ഫിനിഷ് നൽകി ഫാമിലി ഫോട്ടോ കൊണ്ടുള്ള കൊളാഷ് ഒരുക്കിയാണ് ഭിത്തി അലങ്കരിച്ചിരിക്കുന്നത്. കസ്റ്റം മെയിഡ് സോഫയാണ് ഇവിടെ. ലെതർ അപ്ഹോൾസ്റ്ററിയാണ് ഇരിപ്പിടത്തിന്.

ഒരു സീ ത്രൂ പാർട്ടീഷൻ നൽകിയാണ് ഡൈനിങ് വേർതിരിച്ചിരിക്കുന്നത്. ഡൈനിങ്ങും കിച്ചനും തുറന്ന ആശയത്തിലാണ്. ഹാർഡ് വുഡ് എം.ഡി.എഫിലാണ് പാർട്ടീഷൻ. വൈറ്റ് നിറത്തിലുള്ളതാണ് ഊൺമേശയും കസേരകളും. ഡൈനിങ് വാൾ ഫുൾ സ്ലൈഡിങ് വിൻഡോയാണ്. ഇത് മാറ്റിയാൽ പാഷിയോയിലേക്ക് എത്താം. ജി.ഐ ഗ്രിൽ ചെയ്ത് ഗ്ലാസിട്ടിരിക്കുന്നു ഇവിടെ. വാഷ് ഏരിയയും ഇവിടെ തന്നെയാണ്. അത്യാവശ്യം പാർട്ടി ഏരിയ ആയിട്ടും ഉപയോഗിക്കാവുന്ന വിധത്തിലാണ് ഇവിടുത്തെ ക്രമീകരണങ്ങൾ.

സ്റ്റെയർ ലാന്റിങ് ഒരു സീറ്റിങ് സ്പേസാക്കി മാറ്റിയിട്ടുണ്ട്. മെസാനിൻ ഫ്ലോർ ചെയ്താണ് ഈ സീറ്റിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഹോം തീയറ്റർ ആവശ്യമെങ്കിൽ കിടപ്പുമുറിയാക്കാവുന്ന സൗകര്യത്തോടെയാണ്. ഫോൾഡിങ് ഡോറാണ് ഹോം തീയറ്ററിന്. പ്രൊജക്റ്ററും അനുബന്ധ സാമഗ്രികളും ഇതിനോടൊപ്പം ഒരുക്കിയിട്ടുണ്ട്.

കോർണർ വിൻഡോയോട് കൂടിയതാണ് മാസ്റ്റർ ബെഡ്‌റൂം. സൈഡ് ടേബിൾ എക്സ്റ്റന്റ് ചെയ്ത് ഇരിപ്പിടങ്ങളാക്കി. ഹെഡ്ബോർഡിന് ലെതർ പാഡിങ്ങാണ്. വെനിഷ്യൻ ബ്ലൈന്റാണ് ജാലകങ്ങൾക്ക്. ഓപ്പൺ ബാത്റൂമാണ് മാസ്റ്റർ ബെഡ്‌റൂമിൽ. ഡ്രെസിങ് ഏരിയയും ബാർ യൂണിറ്റും ഒക്കെ മാസ്റ്റർ ബെഡ്റൂമിന്റെ ഭാഗമാണ്. മകന്റെ കിടപ്പുമുറിക്ക് അലങ്കാരം ഭിത്തിയിലെ ടെക്സ്ച്ചർ പെയിന്റാണ്.

അൾട്രാ മോഡേൺ സൗകര്യങ്ങളോട് കൂടിയതാണ് കിച്ചൺ. അടുക്കളയിലെ ക്യാബിനറ്റുകൾ തീർത്തിരിക്കുന്നതും ഹാർഡ് വുഡ് എം.ഡി.എഫിലാണ്. ലാമിനേറ്റ് ഫിനിഷാണ് ഇവയ്ക്ക്. ബാക്ക് സ്പ്ലാഷ് ലക്വേർഡ് ഗ്ലാസിലാണ്. വർക്ക് ടോപ്പ് നാനോ വൈറ്റിലാണ്.

പുതുമയുള്ള ഒരു വീടെന്ന അഗേഷിന്റെ ആഗ്രഹം എല്ലാ അർത്ഥത്തിലും സാധ്യമാക്കിയിട്ടുണ്ട് ഡിസൈനർ അമേഷ്.

Client - Agesh
Location - Kodiyeri, Thalassery
Plot - 23 cent
Area - 5300 sq ft

Design - Amesh K
Aakriti Design, Kannur
Phone - 75609 22579